വാനുവാറ്റു ( Vanuatu ) എന്ന രാജ്യം 2015 ഫിബ്രവരിയില്‍ വീശിയടിച്ച പാം ചുഴലിക്കാറ്റിന് മുമ്പ് നമ്മുടെയാരുടേയും ചിന്താപഥത്തിലില്ലായിരുന്നു.യൂറോപ്യന്‍ യൂണിയന്റെയും ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്‌സിന്റേയും സംയുക്ത എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനു നേതൃത്വം കൊടുക്കണമെന്നാവശ്യപെട്ട് എന്നെ വിളിച്ചപ്പോള്‍ സത്യത്തില്‍ ഞാനും ഞെട്ടി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മനുഷ്യകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുപ്പതിലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഞാന്‍ വാനുവാറ്റുവിനെ കുറിച്ച് കേള്‍ക്കുന്നത്!
82 ചെറുദ്വീപുകളുടെ സമുച്ചയമാണ് വാനുവാറ്റു. അതില്‍ 14 എണ്ണത്തില്‍ മാത്രമാണ് മനുഷ്യവാസമുള്ളത്. ദാരിദ്ര്യത്തിന്റെ പരകോടിയിലുള്ള ഒരു ജനത. മിക്കവാറും എല്ലാ ദ്വീപുകളിലും അഗ്നിപര്‍വതങ്ങളുണ്ട്. പലതും ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്നു.
ചുഴലികാറ്റിന് ഒരുമാസം മുമ്പാണ് അവിടെ ഭൂകമ്പവും സുനാമിയും നാശംവിതച്ചത്. അങ്ങനെ കൂനിന്മേല്‍കുരു എന്ന് പറഞ്ഞാല്‍ പോര, അതിനുമപ്പുറത്താണ് വാനുവാറ്റുവിലെ അവസ്ഥ. വീടുകളില്‍ 60 ശതമാനവും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. കൃഷി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നശിച്ചു എന്നു പറയാം.
പാം ചുഴലിക്കാറ്റിന്റെ ( Pam Hurricane ) കെടുതികള്‍ ഏറ്റവുമധികം ബാധിച്ച നാലു ദ്വീപുകളില്‍ അടിയന്തിര ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക. പകര്‍ച്ച രോഗങ്ങള്‍ വരാതെ തടയുക, ശുദ്ധമായ വെള്ളവും ഭക്ഷണവും ശുചിത്വവും ഉറപ്പ് വരുത്തുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 10 ഡോക്ടര്‍മാരും, കൂടാതെ തദ്ദേശീയരായ കുറച്ച് നഴ്‌സുമാരും ദ്വിഭാഷികളും ബോട്ട് ഡ്രൈവര്‍മാരുമായിരുന്നു സംഘത്തിലുള്ളത്. നാല് ടീമുകളായി നാല് ദ്വീപുകളില്‍ ബോട്ടുമാര്‍ഗമെത്തി ദൗത്യം നിര്‍വഹിക്കുക എന്നതായിരുന്നു ലക്ഷ്യം. എല്ലാ ദ്വീപിലും സഞ്ചരിച്ച്പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും സൗകര്യങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യുകയായിരുന്നു എന്റെ റോള്‍.
അപ്പോഴാണ് ആംബ്രം ദ്വീപിലെ ഡോക്ടര്‍എഡ്ഡി (അമേരിക്കയില്‍ നിന്നുവന്ന എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്) എന്നെ അടിയന്തിരമായി വിളിച്ചത്. ആംബ്രം ദ്വീപിലെ ഉള്‍കാട്ടില്‍ ഒരു രോഗി ആസന്നനിലയിലാണ്. മൂന്നാഴ്ചയായി മുട്ടില്‍ പഴുപ്പ് കയറി അവിടുത്തെ തദ്ദേശിയ ചികില്‍സാവിദഗ്ദ്ധര്‍ ചികില്‍സിച്ച് കൊണ്ടിരിക്കയാണ്. തലയിലും മുട്ടിലും ചില ഇലകള്‍ അരച്ച് വച്ചുള്ള ചികില്‍സ. നാളുകള്‍ കഴിയുന്തോറും സംഗതി വഷളായിക്കൊണ്ടിരുന്നു. ഡോ. എഡ്ഡി രോഗിയെ കാണുമ്പോള്‍ പഴുപ്പ് രക്തത്തില്‍ കയറി സെപ്റ്റിസീമിയ എന്ന ഗുരുതരാവസ്ഥയിലായിരുന്നു രോഗി.
എന്തെങ്കിലും ഉടനടി ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനാകില്ല. അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ആന്റീബയോട്ടിക്കുകള്‍ നല്‍കാന്‍ ഞാന്‍ നിര്‍ദേശിച്ചു. ആര്‍ത്രോട്ടമി എന്ന മേജര്‍ ശസ്ത്രക്രിയയാണ് രോഗിക്ക് വേണ്ടത്. അതിന് ഓപ്പറേഷന്‍ തിയറ്റര്‍ വേണം, അനസ്തീഷ്യ വേണം, മാത്രമല്ല ഇങ്ങനെയുള്ള രോഗികളെ ഒപ്പറേഷനു ശേഷം പരിചരിക്കാനുള്ള ഐസിയു സംവിധാനം വേണം. എതായാലും ഞാന്‍ സറ്റ്‌ലൈറ്റ് ഫോണ്‍ വഴി പോര്‍ട്ട് വില്ലയിലെ ജനറല്‍ ആസ്പത്രിയുമായി ബന്ധപ്പെട്ടു.
എത്രയും വേഗം രോഗിയെ പോര്‍ട്ട് വില്ലയിലേക്കെത്തികുക എന്നതായിരുന്നു പ്ലാന്‍. വാനുവാറ്റുവിന്റെ തലസ്ഥാനമാണ് പോര്‍ട്ട് വില്ല ( Port Vila ). പേരിനെങ്കിലും ആസ്പത്രികളും മരുന്നുകടകളും, എന്തിന് വൈദ്യുതിയും റോഡും പൊലും ഉള്ളത് പോര്‍ട്ട് വില്ലയില്‍ മാത്രമാണ്. ബാക്കി ദ്വീപുകളില്‍ ഇതൊന്നുമില്ല. അവിടങ്ങളില്‍ എത്തണമെങ്കില്‍ തന്നെ വല്ലപ്പോഴും എത്തുന്ന ഫെറി ബോട്ടുകളാണ് ആശ്രയം. ദ്വീപുകളില്‍ എത്തിപ്പെട്ടാലോ.. കറണ്ടില്ല, റോഡില്ല, ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പോകണമെങ്കില്‍ 'ബനാനാ ബോട്ടുകള്‍' എന്നു വിളിക്കുന്ന ചെറിയ ബോട്ടുകള്‍ മാത്രമാണ് ആശ്രയം. ബനാനാ ബോട്ടുകളില്‍ കയറി എപ്പോഴും കാറ്റ് വീശിയടിക്കുന്ന പെസഫിക് സമുദ്രത്തിലൂടെ യാത്രചെയുകയെന്നത് ജീവന്‍ കയ്യിലെടുത്തുള്ള കളിയായിരുന്നു.
പോര്‍ട്ട് വില്ലയിലെ ജനറല്‍ ആസ്പത്രിയില്‍ വിളിച്ചപ്പോഴാണ് അറിയുന്നത്, രോഗികളെ അത്യാവശ്യഘട്ടത്തില്‍ പോര്‍ട്ട് വില്ലയിലെ ആസ്പത്രിയിലേക്ക് മാറ്റുവാനുള്ള ഹെലികോപ്റ്ററുകളെല്ലാം കൊടുങ്കാറ്റില്‍ തകര്‍ന്നു പോയിരിക്കുന്നു. മാത്രമല്ല, പോര്‍ട്ട് വില്ലയിലെ ജനറല്‍ ആസ്പത്രിയിലെ സവിധാനങ്ങളാകെ താറുമാറാണ്. ആകെക്കൂടെ രണ്ടു ഡോക്ടര്‍മാരാണ് അവിടെയുള്ളത്. സര്‍ജന്‍മാരും അനസ്തീഷ്യസ്റ്റും ഇല്ല. ഓസ്‌ട്രേലിയയില്‍നിന്ന് വന്നുപോയിരുന്ന സര്‍ജന്‍, ചുഴലിക്കൊടുങ്കാറ്റ് വന്നപ്പോള്‍ സ്ഥലം വിട്ടു.
ചുരുക്കി പറഞ്ഞാല്‍ രോഗിയെപോര്‍ട്ട് വില്ലയിലെത്തിച്ച് ചികില്‍സിക്കാമെന്നത് വ്യാമോഹം മാത്രമായി!
അവസാനം ആ രാജ്യത്ത് അവശേഷിക്കുന്ന ഏക സര്‍ജന്‍ ഞാന്‍ മാത്രമായി! അനസ്തീഷ്യയുമില്ല, ഓപ്പറേഷന്‍ തിയേറ്ററുമില്ല.... മറ്റ് ഒരു സംവിധാനവുമില്ല. രോഗിയാണെങ്കില്‍ മരണത്തിന്റെ വക്കിലും.
സത്യത്തില്‍ വലിയ നൈതികപ്രശ്‌നമായി മാറി ആ രോഗിയുടെ ചികിത്സ. ശരിയായ സവിധാനങ്ങളും മരുന്നുകളും വിദഗ്ധരുമില്ലാതെ മേജര്‍ ശസ്ത്രക്രിയ ചെയ്യാമോ എന്നു ചോദിച്ചാല്‍ ചെയ്യാന്‍ പാടില്ല എന്ന ഉത്തരമേയുള്ളൂ. എന്നാല്‍ രോഗിക്ക് വേറെയൊരു ചികില്‍സയും നല്‍കാനില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഒരു പക്ഷെ രക്ഷപ്പെട്ടെന്നു വരാം. ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ മരണം ഉറപ്പാണ്.
ഓപ്പറേഷന്‍ചെയ്ത് രോഗി രക്ഷപ്പെട്ടാല്‍ എല്ലാവരും സന്തോഷിക്കുകയും, പുകഴ്ത്തുകയും ചെയ്യും. ഒപ്പറേഷന്‍ ചെയ്ത് രോഗിക്കെന്തെങ്കിലും പറ്റിയാലോ?
എല്ലാവരും നൂറുനൂറ് ചോദ്യങ്ങളുമായി എല്ലാ ദിക്കില്‍നിന്നും ചാടി പുറപ്പെടും.
ഓപ്പറേഷന്‍ തിയേറ്റര്‍ ഇല്ലാതെ ശസ്ത്രക്രിയ ചെയ്യാന്‍ ആരു പറഞ്ഞു?
ശരിയായ സംവിധാനങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയ ചെയ്യുന്നത് ശരിയാണോ?
രോഗിയുടെ മരണത്തിന് ഉത്തരവാദി നിങ്ങളല്ലേ?
അങ്ങനെ ജീവിതത്തോളം പോന്ന ചോദ്യങ്ങള്‍.
ഏതായാലും ഞാന്‍ രണ്ടുംകല്‍പ്പിച്ച് ആംബ്രം ദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചു.
ഞാനും ബോട്ട് ഡ്രൈവര്‍ കാമിയും കൂടി പാമാ ദ്വീപില്‍ നിന്ന് ചെറിയ ബനാനാ ബോട്ടില്‍ ആംബ്രത്തിലേക്ക് തിരിച്ചു. വീശിയടിക്കുന്ന കാറ്റില്‍ മൂന്ന് മീറ്ററോളം പൊങ്ങുന്ന തിരമാലകള്‍ക്കിടയിലൂടെയുള്ള യാത്ര മറക്കാനാവാത്തതാണ്. പൊങ്ങുന്ന തിരമാലകളില്‍ ഒന്നെങ്കിലും ബോട്ടിലിടിച്ചാല്‍ ബോട്ട് തവിടുപൊടി. ബോട്ട് ഓടിക്കുന്നതിന് വളരെ വൈദഗ്ധ്യം ആവശ്യമുണ്ടെന്ന് അന്നാണ് മനസിലായത്.
നാല് മണിക്കൂര്‍ നീണ്ട ബോട്ടുയാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ അംബ്രത്തിലെ നെബുല്‍ ഹെല്‍ത്ത് സെന്ററിലെത്തി. ദ്വീപില്‍ യാത്രയ്ക്കുപയോഗിക്കുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ (റോഡില്ലാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കാനാകും എന്നതാണ് ലാന്‍ഡ് ക്രൂയിസറിന്റെ പ്രത്യേകത) വാനില്‍ അവശനായ ഒബെയ്ദിനെ കണ്ടു.
അവിടുത്തെ ഗ്രാമ മുഖ്യന്‍ ദിമിത്രിയും ഗ്രാമത്തിലെ പ്രധാനപ്പെട്ട എല്ലാവരും ഉണ്ടായിരുന്നു. ഒബെയ്ദ് അവിടുത്തെ സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഞാന്‍ അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. ശസ്ത്രക്രിയയെ കുറിച്ചോ അതിന്റെ വിശദാംശങ്ങളെ കുറിച്ചോ അവര്‍കൊന്നും മനസിലായില്ല. ഞാനാവതും പറയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവര്‍ അതെല്ലാം കേട്ട് ചിരിച്ചുകൊണ്ടിരിന്നു.
അവസാനം ദിമിത്രി എഴുന്നേറ്റ് എനിക്കറിയാത്ത ബിസ്ലാമ ഭാഷയില്‍ സംസാരിച്ചു. കാമി അത് പരിഭാഷപ്പെടുത്തിയത് ഇങ്ങനെയാണ്:
'പ്രിയപെട്ട ഡോക്ടര്‍. ഒന്നുകൊണ്ടും പേടിക്കണ്ട. ഇവിടെ ദ്വീപുകളില്‍ ആരും 40 വയസ്സിനപ്പുറം ജീവിക്കില്ല. മരണം നമുടെ ജീവിതത്തില്‍ സാധാരണ സംഭവമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. ഇവിടുത്തെ കുട്ടികളെ കുറച്ചു നാള്‍ കൂടി ഒബെയ്ദിന് പഠിപ്പിക്കാനാകും. ഒബെയ്ദ് മരിക്കുകയാണെങ്കില്‍ അത് മറ്റ് മരണങ്ങള്‍ പൊലെ ഒരു സാധാരണ മരണമായി ഞങ്ങള്‍ കണക്കു കൂട്ടും, അത്ര തന്നെ'.
ദിമിത്രിയുടെ വാക്കുകളില്‍ ആ ദ്വീപിന്റെ ആകെത്തുകയുണ്ട്. കേരളത്തില്‍ 80 വയസ്സായ ഒരാള്‍ മരിക്കുന്നതു പൊലെയാണ് അവിടെ 40 വയസ്സായ ഒരാള്‍ മരിക്കുന്നത്!
ഞങ്ങള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഭേദപ്പെട്ട ഒരു മുറി കണ്ടുപിടിച്ച് അത്താല്‍ക്കാലിക ഓപ്പറേഷന്‍ തിയറ്ററായി മാറ്റാനുള്ള ശ്രമം തുടങ്ങി. ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ച് ചൊദിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. ആകെയുള്ളത് തുന്നാനുള്ള കുറെ നൂലുകളും, പിന്നെ തുന്നാനുപയോഗിക്കുന്ന നീഡില്‍ ഹോള്‍ഡറും മത്രം. കുറച്ച് ശസ്ത്രക്രിയാ ബ്ലേഡുകളുമുണ്ട്.
തുണികളും ഉപകരണങ്ങളും ഒരു വലിയ പ്രഷര്‍കുക്കറില്‍വെച്ച് പറ്റുന്നിടത്തോളം അണുവിമുക്തമാക്കി. കൈയിലുണ്ടായിരുന്ന ഹെഡ്‌ലൈറ്റ് വെളിച്ചമായി ഉപയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച് അവിടെ തന്നെ ജോലി ചെയ്തതുകൊണ്ടുള്ള ഗുണങ്ങള്‍ അപ്പോഴാണ് മാനസിലായത്. നാഡീ ഞരമ്പുകളെ മരവിപ്പിച്ച് കൊണ്ടു നടത്താവുന്ന അനസ്തീഷ്യ ( nerve blocks, regional blocks ) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പലപ്പോഴും ഞങ്ങള്‍ സര്‍ജന്‍മാര്‍ തന്നെയാണ് നല്‍കുന്നത്.
ശരീരഘടനാ ശാസ്ത്രം നന്നായി അറിയാമെങ്കില്‍, കുറച്ചൊരു പരിശീലനം കൂടി ഉണ്ടെങ്കില്‍, വളരെ നന്നായി സുരക്ഷിതമായി നല്‍കാവുന്ന ഒന്നാണ് ഇത്തരം അനസ്തീഷ്യ. രോഗിക്ക് ബോധമുണ്ടാകുമെങ്കിലും, വേദന അറിയില്ല. അങ്ങനെ ഫിമറല്‍ ബ്ലോക്ക് എന്ന അനസ്തീഷ്യ നല്‍കി ശസ്ത്രക്രിയ ആരംഭിച്ചു.
ഒബെയ്ദിന്റെ മുട്ടില്‍ നിന്ന് ഏകദേശം ഒന്നര ലിറ്റര്‍ പഴുപ്പ് പുറത്തെടുത്തു. സലൈന്‍ കൊണ്ട് കഴുകി വൃത്തിയാക്കി. 45 മിനിട്ട് കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. എതായാലും ഭാഗ്യത്തിന് ഓപ്പറേഷന്‍ സമയത്ത് രോഗിക്ക് ഒന്നും സംഭവിച്ചില്ല. ആന്റീബയോട്ടിക്കുകളും, വേദനാസംഹാരികളും ആവശ്യത്തിനുണ്ടയിരുന്നു.
അവിടെ ആ മുറിയില്‍ തന്നെ അഡ്മിറ്റ് ചെയ്ത് അഞ്ചു ദിവസത്തേക്ക് കൂടി ആന്റീബയോട്ടിക്കുകള്‍ നല്‍കിയപ്പോള്‍ 'സെപ്റ്റിസീമിയ' മാറി, രോഗി സാധാരണനിലയിലേക്ക് തിരികെ വന്നു. ഒബെയ്ദ് ആസ്പത്രിയിലുണ്ടായിരുന്ന ആദ്യ ദിവസങ്ങള്‍ തികച്ചും ഉദ്വേകജനകം തന്നെയായിരുന്നു. മാറിമാറി വന്ന അവസ്ഥകള്‍ പുറമേ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും സംഭ്രമജനകം തന്നെയായിരുന്നു. ഒടുവില്‍ 10 ദിവസത്തിനു ശേഷം ഒബെയ്ദിനെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞു വിട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരു ഗ്രാമം മുഴുവന്‍ ഒബെയ്ദിനെ കൊണ്ടുപൊകാന്‍ വന്നിരുന്നു.
ആസ്പത്രിക്ക് സമീപം പ്രത്യേക തരം അടുക്കളയും അടുപ്പുമുണ്ടാക്കി, ലാപ്‌ലാപ് എന്ന ഒരുതരം ഭക്ഷണം എല്ലാവരും ഉണ്ടാക്കി തിന്നാണ് അതവര്‍ അഘോഷിച്ചത്. യാം, കസാവ, മന്യോക്, ടാരോ, മധുരക്കിഴങ്ങ് തുടങ്ങിയവ അരച്ചുചേര്‍ത്ത്, തേങ്ങയും കടലിലെ വിവിധ വിഭവങ്ങളും ചേര്‍ത്തുണ്ടാക്കുന്നഒരുതരം അടയാണത്.
വലിയ കുഴികള്‍ കുഴിച്ച് അതില്‍ അഗ്നിപര്‍വതശിലകള്‍ നിറച്ച് ചൂടാക്കും. പിന്നെ വാഴയിലയില്‍ മേല്‍പ്പറഞ്ഞ കിഴങ്ങുകളും തേങ്ങയും വിവിധ മല്‍സ്യങ്ങളും പന്നിയിറച്ചിയും പൊതിഞ്ഞ് ചൂടായ പാറകളുടെ മുകളിലേക്ക് വെയ്ക്കും. അതിന് മുകളില്‍ വീണ്ടും ചൂടായ പാറകള്‍ നിറക്കും.
സ്വാദിഷ്ടമായ ആ വിഭവം എല്ലാരും വയറുനിറച്ച് കഴിച്ച ശേഷം ഒബെയ്ദിനേയും കൊണ്ട് അവര്‍ ഗ്രാമത്തിലേക്ക് പോയി.
നാലാഴ്ച്ച നീണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒത്തിരി കാര്യങ്ങള്‍ കാണാനും പഠിക്കാനും സാധിച്ചു.
തിരികെ വരുമ്പോഴും ദ്വീപിലെ മനോഹരമായ തീരങ്ങളും, അഗ്നിപര്‍വതങ്ങളും, എപ്പോഴും ചിരിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരും, അവരുടെ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ രുചിയും മനസില്‍നിന്ന് മായാതെ നില്‍ക്കുന്നു.
(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512).