ശാന്തസമുദ്രത്തില്‍ പാം ചുഴലിക്കാറ്റ് ദുരന്തം വിതച്ച വാനുവാറ്റു ദ്വീപസമൂഹത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനം കഴിഞ്ഞ് 2015 ഏപ്രില്‍ 16 നാണ് ഞാന്‍ തിരിച്ചെത്തിയത്. സുഹൃത്തുക്കളുമൊത്ത് ആ വിശേഷങ്ങള്‍ പങ്കുവെച്ച് കഷ്ടിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും, ഏപ്രില്‍ 25ന് നേപ്പാളില്‍ അതിശക്തമായ ഭൂകമ്പമുണ്ടായ വിവരമെത്തി. ഭൂകമ്പമാപിനിയില്‍ 8.2 ആയിരുന്നു തീവ്രത. വളരെയേറെ പേര്‍ ഭൂകമ്പത്തില്‍ മരിച്ചതായും അതിലേറെ പേര്‍ക്ക് പരിക്കേറ്റതായും അറിഞ്ഞപ്പോള്‍, എത്രയും വേഗം നേപ്പാളിലെ ദുരന്തഭൂമിയിലെത്താന്‍ തയ്യാറെടുപ്പ് തുടങ്ങി. ഒരു ഓര്‍ത്തോപീഡിക് സര്‍ജന്റെ സേവനം ഏറ്റവുമധികം ആവശ്യമുള്ള സമയമാണത്.
ഏപ്രില്‍ 25ന് വൈകിട്ട് സുഹൃത്തായ മൈത്രേയനുമൊത്ത് അദ്ദേഹത്തിന്റെ അമ്മയുടെ അസുഖ വിവരമറിയാന്‍ കൊല്ലത്ത് എത്തിയപ്പോഴാണ് ഉടന്‍ നേപ്പാളിലെത്തണം എന്നുള്ള അറിയിപ്പുമായി ഫോണ്‍കോള്‍ വന്നത്. ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ കോര്‍പ്‌സിന്റെന്യൂയോര്‍ക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അടിയന്തിര വിഭാഗം മാനേജര്‍ ക്രിസ്സ് സ്‌കോപെക്കാണ് വിളിച്ചത്.
തിരുവനന്തപുരത്തു നിന്ന് ഡല്‍ഹി വഴി കാഠ്മണ്ഡുവിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം ഉടന്‍ ബുക്കുചെയ്തു. ഏപ്രില്‍ 26ന് പകല്‍ 11 മണിയോടെ ഡല്‍ഹിയിലെത്തിയ എനിക്ക് 12 മണിക്കുള്ള കാഠ്മണ്ഡു വിമാനം പിടിക്കാന്‍ ധൃതിപിടിച്ച് ഒടേണ്ടിവന്നു. കഷ്ടിച്ച് ഒരു മണിക്കൂര്‍ മതി ഡല്‍ഹിയില്‍നിന്ന് കാഠ്മണ്ഡുവിലെത്താന്‍. സമയം കഴിഞ്ഞിട്ടും വിമാനം ലാന്‍ഡ് ചെയ്യാതെ കാഠ്മണ്ഡുവിന് മുകളില്‍ വട്ടമിച്ച് പറക്കുകയാണ്. ത്രിഭുവന്‍ എയര്‍പോര്‍ട്ട് സ്തംഭിച്ചിരിക്കുകയാണെന്ന് അന്വേഷിച്ചപ്പോല്‍ മനസിലായി. ചെറിയൊരു വിമാനത്താവളമാണത്. ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതാശ്വാസ സാമിഗ്രികളുമായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളാല്‍ (പ്രത്യേകിച്ചും ഇന്ത്യന്‍ സേനയുടെ) എയര്‍പോര്‍ട്ട് നിറഞ്ഞിരിക്കുകയാണ്! ജീവനക്കാര്‍ കുറവ്, സംവിധാനങ്ങള്‍ താറുമാറായിരിക്കുന്നു. അതിനാല്‍ ചരക്കിറക്ക് ഇഴഞ്ഞാണ് നീങ്ങുന്നത്.
രണ്ടര മണിക്കൂറായി ഞങ്ങളുടെ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വിമാനത്തിലെ ഇന്ധനം തീരാറായെന്നും ഇനി വട്ടമിട്ട് പറക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ലക്‌നൗവിലേക്ക് വിമാനം തിരിച്ചുവിടുകയാണെന്നും പൈലറ്റ് അറിയിച്ചു. ലക്‌നൗവിലെത്തി ഇന്ധനം നിറച്ച് രാത്രി 12 മണിയോടെ വിമാനം വീണ്ടും ഡല്‍ഹിയിലെത്തി. അടുത്ത ഫ് ളൈറ്റ് അഞ്ചു മണിക്കായതിനാല്‍ അല്‍പ്പം പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല.
അഞ്ചു മണിക്കുള്ള വിമാനത്തില്‍ യാത്രയാകുമ്പോള്‍ ഇത്തവണയെങ്കിലും കാഠ്മണ്ഡുവില്‍ ഇറങ്ങാന്‍ കഴിഞ്ഞാല്‍ മതിയെന്നായി ചിന്ത. പക്ഷേ, ഫലമുണ്ടായില്ല. രണ്ടര മണിക്കൂര്‍ വീണ്ടും വട്ടമിട്ട് പറക്കല്‍, ലക്‌നൗവിലെത്തി ഇന്ധനം നിറയ്ക്കല്‍, വീണ്ടും തിരിച്ച് ഡല്‍ഹിയില്‍! ഉറക്കമില്ലായ്മയും യാത്രാക്ഷീണവും കൊണ്ട് യാത്രക്കാരെല്ലാം വശംകെട്ടു. രാത്രി എട്ടു മണിയോടെ വീണ്ടും കാഠ്മണ്ഡുവിലേക്ക് തിരിച്ചു. മൂന്നാം തവണയും ഭാഗ്യം കടാക്ഷിച്ചില്ല. പഴയ ദുരനുഭവം ആവര്‍ത്തിച്ചു.
അങ്ങനെ, ഏപ്രില്‍ 26ന് രാവിലെ തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ യാത്ര ഒടുവില്‍ 28നാണ് അവസാനിച്ചത്. അന്ന് പകല്‍ 12.30 ഓടെ വിമാനം ത്രിഭുവന്‍ എയര്‍പ്പോര്‍ട്ടിന്റെ റണ്‍വേ തൊട്ടപ്പോള്‍ വിമാനത്തിനുള്ളില്‍ വന്‍ കരഘോഷമായിരുന്നു. നാലാമത്തെ ശ്രമത്തില്‍ വിമനം ഇറങ്ങി അവിടെ കാല്‍കുത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു.
മിഷന്‍ ഡയറക്ടര്‍ സീന്‍ കേസിയും ഭാര്യയും വിമാനത്താവളത്തില്‍ എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. ലൈബീരിയയില്‍ എബോള വൈറസ്സിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുകയായിരുന്ന അദ്ദേഹം, ഒരുമാസം അവധിക്കാലം ചെലവിടാന്‍ ഭാര്യയുമൊത്ത് നേപ്പാളില്‍ എത്തിയതാണ്. നേപ്പാളില്‍ ആദ്യ ഭൂകമ്പമുണ്ടാകുമ്പോള്‍, ഡാഡിങ് ജില്ലയിലെ ഒരു റസ്‌റ്റോറണ്ടിലായിരുന്നു അദ്ദേഹം. രക്ഷപ്പെടാന്‍ ഇറങ്ങി ഓടുന്നതിനിടെ വീണ് സാരമല്ലാത്ത പരിക്ക് പറ്റിയിരുന്നു. തങ്ങള്‍ ഭക്ഷണം കഴിക്കുകയായിരുന്ന ആ റസ്റ്റോറണ്ട് നിമിഷങ്ങള്‍ക്കകം നിലംപൊത്തുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കേണ്ടി വന്നു. പിന്നീട് തിരികെ പോകാന്‍ വിമാനം കാത്ത് രണ്ടുദിവസം എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുമ്പോഴാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ ഹെഡ്ക്വാട്ടേഴ്‌സുമായി ബന്ധപ്പെട്ടു.
ഭൂകമ്പം മൂലം പകുതി മുക്കാലും നശിച്ച പഠാന്‍ ആസ്പത്രിയിലേക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ നേരെ എത്തിയത്. അവിടുത്തെ അസ്ഥിരോഗവിഭാഗം മേധാവി ഡോ. നബീസ് പഴയൊരു സുഹൃത്താണ്. ആസ്പത്രിയും പരിസരവും രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു. മുമ്പ് ഭൂകമ്പമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളതിനാല്‍, ആ കാഴ്ച അത്ഭുതപ്പെടുത്തിയില്ല.
തകര്‍ന്ന ആസ്പത്രി കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിയാന്‍ രോഗികള്‍ വിസമ്മതിക്കുകയും, അവിടെ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആസ്പത്രി ജീവനക്കാര്‍ക്കും ഭയമുണ്ടാകുകയും ചെയ്യുന്ന സഹാചര്യത്തില്‍, രോഗികളെ ആസ്പത്രി പരിസരത്ത് തുറസ്സായ സ്ഥലത്തേക്ക് മാറ്റുകയാണ് പോംവഴി. പ്രധാന ഭൂകമ്പത്തിന് ശേഷം തുടര്‍ചലങ്ങളുണ്ടാകുന്നതിനാല്‍ പകുതി തകര്‍ന്ന കെട്ടിടങ്ങളില്‍ കഴിയുക അപകടകരമാണ്. നിലവിലുള്ള രോഗികള്‍ക്കൊപ്പം ഭൂകമ്പത്തില്‍ പരിക്കേറ്റവരുടെ പ്രവാഹം കൂടി ആയതോടെ ആസ്പത്രി ശരിക്കുമൊരു യുദ്ധക്കളം പോലെയായി. തിടുക്കത്തില്‍ വലിയ ടെന്റുകള്‍ കെട്ടി ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ളവ പുറത്തേക്ക് മാറ്റേണ്ടി വന്നു. ആസ്പത്രി പരിസരം പോരാതെ വന്നപ്പോള്‍ സമീപത്തെ പട്ടാളഗ്രൗണ്ടില്‍ ടെന്റുകളുണ്ടാക്കി. ഓപ്പറേഷന്‍ കഴിഞ്ഞ രോഗികളെയും ഗുരുതരനില തരണംചെയ്തവരെയും അങ്ങോട്ട് മാറ്റി.
അതേസമയം, ആസ്പത്രിയില്‍ സാധനസാമിഗ്രികള്‍ക്ക് കുറവൊന്നും ഉണ്ടായില്ല എന്നതാണ് അവിടെ കണ്ട ഒരു പ്രത്യേകത. ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തിയ സഹായം അത്ര മികച്ചതായിരുന്നു.
സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താനുള്ള സാങ്കേതിക വൈദഗ്ധ്യം നേപ്പാളില്‍ കുറവായിരുന്നു. സാധാരണ എല്ലുപൊട്ടല്‍ പോലുള്ളവ അവിടുത്തെ സര്‍ജന്‍മാര്‍ വേഗം ചെയ്തുതീര്‍ത്തു. നട്ടെല്ലിന്റെയും ഇടുപ്പെല്ലിന്റെയും പൊട്ടല്‍ പോലുള്ള സങ്കീര്‍ണ അവസ്ഥകള്‍ നേരിടുന്നവരുടെ കാര്യം ഏറ്റെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ദിവസവും നാലോ അഞ്ചോ ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
അതിനിടെ, ലോകത്തിന്റെ എല്ലാ മൂലകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. അതോടെ, മറ്റ് ജില്ലകളിലേക്ക് ദുരിതനിവാരണ പ്രവര്‍ത്തനം എത്തിക്കാനുള്ള ശ്രമമാരംഭിച്ചു. ഡാഡിങ്, ഗോര്‍ഘ, സിന്ധുപാല്‍ ചൗക്ക് തുടങ്ങിയ ജില്ലകളിലാണ് ഭൂകമ്പം ഏറ്റവുധികം ദുരിതം വിതച്ചത്. പര്‍വ്വതപ്രദേശങ്ങളിലെ റോഡുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നതോടെ ഗതാഗതമാകെ താറുമാറായി. പര്‍വ്വതഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല പ്രദേശത്തും ജനങ്ങള്‍ ആഴ്ചകളോളം ഭക്ഷണവും വെള്ളവും ചികിത്സയുമില്ലാതെ കഷ്ടപ്പെട്ടു. തുടര്‍ചലനങ്ങള്‍ തുടരുന്നതിനാല്‍ റോഡുകള്‍ പുനര്‍നിര്‍മിക്കുക ദുഷ്‌ക്കരമായിരുന്നു.
മറ്റ് പോംവഴികളില്ലാത്തതിനാല്‍, അല്‍പ്പം ചെലവേറിയതെങ്കിലും, ഹെലികോപ്റ്റര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അമേരിക്കയില്‍ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെ മുപ്പതോളം വരുന്ന മെഡിക്കല്‍ സംഘവും, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘവും ഹെലികോപ്റ്റര്‍ ആംബുലന്‍സില്‍ ജോലി തുടങ്ങി. നേപ്പാളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. മരുന്നുകള്‍ക്കൊപ്പം നാട്ടുകാര്‍ക്ക് വേണ്ടിയുള്ള ധാന്യങ്ങളും ഭക്ഷണവും വെള്ളവും കരുതേണ്ടിവന്നു. ആഴ്ചകളായി ഭക്ഷണവും വെള്ളവുമില്ലാതെ നരകിക്കുന്നവര്‍ക്കിടയിലേക്ക് ചികിത്സയ്ക്കായി മാത്രം എത്താനാകില്ലല്ലോ. ദിവസവും നാല് ഹെലികോപ്റ്ററുകള്‍ ഇതിനായി ഉപയോഗിച്ചു. വളരെ ചെലവ് വന്ന ഏര്‍പ്പാടായിരുന്നു അത്. സോഷ്യല്‍ മീഡിയ ശക്തമായതിനാല്‍, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ വേഗം സാധിച്ചു. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്‌സിന് മാത്രം ഫെയ്‌സ്ബുക്ക് വഴി സമാഹരിക്കാനായത് 160 ലക്ഷം യൂറോ ആണ്; അതും വെറും 48 മണിക്കൂര്‍കൊണ്ട്.
ചെറിയ പരിക്കേറ്റവരെ ടീമിലുള്ള ഡോക്ടര്‍മാര്‍ അതാത് സ്ഥലങ്ങളില്‍ വെച്ചുതന്നെ പരിശോധിച്ച് ചികിത്സ നല്‍കി. കുറച്ചുകൂടി ഗൗരവമായി പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആസ്പത്രികളിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ പഠാന്‍ ആസ്പത്രിയില്‍ കൊണ്ടുവന്നു. നേപ്പാളിലെ ഹെലികോപ്റ്ററുകളുടെ സ്ഥിതി പരിതാപകരമായിരുന്നു. പൈലറ്റുമാര്‍ക്ക് പരിചയസമ്പന്നതയും കുറവ്. പലതവണ ഹെലികോപ്റ്ററുകള്‍ അപകടത്തില്‍ പെട്ടു. ഒരിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എം എസ് എഫിലെ ഒരു ഡോക്ടറടക്കം മൂന്നുപേര്‍ മരിച്ചു.
ഭൂകമ്പം നടന്ന സ്ഥലങ്ങളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെങ്കിലും, ഉടനടി മറ്റൊരു ഭീമന്‍ ഭൂകമ്പം ഉണ്ടാവുക സാധാരണമല്ല. നേപ്പാളില്‍ മുഖ്യഭൂകമ്പത്തിന് ശേഷം ശക്തമായ രണ്ട് ഭൂകമ്പങ്ങളെങ്കിലും ഉണ്ടായി. അത് നടക്കുമ്പോള്‍ ഞാന്‍ കാഠ്മണ്ഡുവിലുണ്ടായിരുന്നു. ഇപ്പോള്‍ ഉള്‍ക്കിടിലത്തോടെയാണ് അത് ഓര്‍ക്കാന്‍ കഴിയുന്നതെങ്കിലും, ആ സമയത്ത് അതൊക്കെ രസകരമായാണ് തോന്നിയത്.
മെയ് 12ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഒരു ഭൂകമ്പം. ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കാലുകളിലൂടെ ഒരു വിറയല്‍ മുകളിലോട്ട് കയറുന്ന പ്രതീതി. എനിക്കെന്തോ സംഭവിക്കുന്നോ എന്ന തോന്നല്‍. ഞാന്‍ കാലുകളിലേക്ക് നോക്കുന്ന നേരംകൊണ്ട് എല്ലാം വിറയ്ക്കാന്‍ തുടങ്ങി. ഓപ്പറേഷന്‍ തിയറ്ററില്‍ എല്ലാവരും ഒച്ചവെച്ച് ഓടാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം എന്റെ കൂടെ ഉണ്ടായിരുന്ന അസിസ്റ്റന്റിനെയും, രണ്ട് ന്‌ഴ്‌സുമാരെയും കാണാതായി. താഴെ വീഴാതിരിക്കാന്‍ ഞാന്‍ ഓപ്പറേഷന്‍ ടേബിളില്‍ പിടിച്ചു. അപ്പോഴാണ് അതൊരു ഭൂകമ്പമാണെന്ന് മനസിലായത്. തിയറ്ററില്‍ ഞാനും രോഗിയും അനസ്തറ്റിസ്റ്റ് ഡോ. ശ്രീവാസ്തവയും മാത്രം. അബോധാവസ്ഥയില്‍ ഭൂകമ്പത്തിന്റെ കുലുക്കമറിയാതെ കിടക്കുന്ന രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോ. ശ്രീവാസ്തവ നിര്‍വികാരനായി നിരന്തരം ആംബൂബാഗ് പീച്ചുന്നുണ്ടായിരുന്നു.
പെട്ടന്ന് ഭയം എന്നിലേക്കരിച്ച് കയറി. ഇളകിയാടുന്ന ഓപ്പറേഷന്‍ തിയറ്ററിനകത്ത് ഞാന്‍ മരവിച്ച് നിന്നു. എന്തുകൊണ്ടോ ഇറങ്ങിയോടിയില്ല. രണ്ട് മിനിട്ടോളം നീണ്ട വലിയ കുലുക്കം ക്രമേണ കുറഞ്ഞു. ഞാന്‍ ഡോ. ശ്രീവാസ്തവയെ നോക്കി. പതിയെ അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി. 'നമുക്കിതു പെട്ടന്നു തീര്‍ക്കാം', ഞാനും അറിയാതെ ചിരിച്ചു. തുടര്‍ചലനങ്ങള്‍ക്കിടയില്‍ ഞാന്‍ ആവുന്നത്ര വേഗത്തില്‍ ശ്‌സ്ത്രക്രിയ പൂര്‍ത്തിയാക്കി.
ഡോ. ശ്രീവാസ്തവ ആദ്യത്തെഭൂകമ്പസമയത്തും തിയറ്ററിനകത്തായിരുന്നു. ഞാന്‍ ബാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്ന നേരത്ത് അദ്ദേഹം ആദ്യത്തെഭൂകമ്പത്തിന്റെ കഥ പറഞ്ഞു. അന്നു ഒരു തൈറോയ്ഡ് ശസ്ത്രക്രിയക്ക് അനസ്തീഷ്യ കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ കുലുക്കം കൂടുതല്‍ രൂക്ഷമായിരുന്നു. തിയറ്ററിലെസാധന സാമഗ്രികള്‍ വച്ചിരുന്ന അലമാരകളെല്ലാം താഴെ വീണു. അന്നും പക്ഷെ സര്‍ജനും അനസ്തറ്റിസ്റ്റും രോഗിയും തിയറ്ററില്‍ തന്നെ അവശേഷിച്ചു.തമാശകള്‍ പറഞ്ഞ് കഥകള്‍ പറഞ്ഞ് ഒരു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. അനസ്തീഷ്യയില്‍ നിന്ന് രോഗിയെ ഉണര്‍ത്തി ഞങ്ങള്‍ തന്നെ സ്‌ട്രെച്ചറില്‍ കയറ്റി ആശുപത്രിക്ക് പുറത്തെതിച്ചു. ഞാനും ഡോ. ശ്രീവാസ്തവയും പുറത്തിറങ്ങി ചായ കുടിക്കാനിരുന്നു. പുതിയ ഭൂകമ്പത്തില്‍ പരിക്കേറ്റ രോഗികള്‍ ആസ്പത്രിയിലേക്ക് വന്നു തുടങ്ങിയിട്ടേ ഉള്ളൂ.
എന്തുകൊണ്ടാണ് ഞങ്ങള്‍ ഓടി രക്ഷപ്പെടാത്തത് എന്നകാര്യമാണ് ഞങ്ങള്‍ ചര്‍ച്ചചെയ്തത്. മാത്രമല്ല രണ്ട് പ്രാവശ്യവും സര്‍ജന്മാരും, അനസ്തറ്റിസ്റ്റും തിയറ്ററില്‍ അവശേഷിച്ചു എന്നുള്ളത് വളരെ അത്ഭുതകരമായി തോന്നി.
അതിന്റെ കാരണം മനസിലാക്കാന്‍ പക്ഷേ, അടുത്ത ഭൂകമ്പം വരെകാത്തിരിക്കേണ്ടി വന്നു. മെയ് 15ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു അടുത്ത ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ അത് 7.2 രേഖപ്പെടുത്തി. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെ റസ്റ്റാറന്റില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു സംഘം മുഴുവന്‍. കെട്ടിടമാകെ കുലുങ്ങി തുടങ്ങിയപ്പോള്‍ മനസിലായി ഭൂകമ്പമാണെന്ന്. എല്ലാവരും എണീറ്റോടി.ഇത്തവണ ഞാനും ഒപ്പം കൂടി; കെട്ടിടം വീഴുന്നുണ്ടോ എന്ന് തിരിഞ്ഞുനോക്കി കൊണ്ട്. അടുത്തുള്ള തുറസ്സായ പാര്‍ക്കിംഗ് ഏര്യയിലേക്കാണ് ഞങ്ങള്‍ ഓടിയത്. പതിവുപോലെ എല്ലാവരും എല്ലാവരേയും വിളിച്ച് എവിടെയാണെന്ന് അന്വേഷിച്ച് സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തി. കുറേനേരം പതിവുപോലെ ആശയക്കുഴപ്പവും ബഹളവുമായിരുന്നു.
പെട്ടന്ന് എനിക്ക്ഡോ. ശ്രീവാസ്തവയെ ഓര്‍മ്മ വന്നു. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു.അദ്ദേഹവും സ്വന്തം വീട്ടിനടുത്തുള്ള മൈതാനത്ത് കുടുംബത്തോടൊപ്പം ആയിരുന്നു.ഭൂകമ്പം ഉണ്ടായപ്പോള്‍ എവിടെ ആയിരുന്നെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പൊട്ടിച്ചിരിച്ചു. 'ഞാന്‍ വീട്ടിലായിരുന്നെടോ.. കുലുങ്ങി തുടങ്ങിയപ്പോഴേക്കും കുട്ടികളേയും വാരിയെടുത്ത് ഭാര്യയേയും കൊണ്ട് ഓടി. അടുത്തുള്ള മൈതാനത്തേക്ക്'. ഓടിയ കാര്യം ഞാനും പറഞ്ഞു. ഞങ്ങള്‍ പൊട്ടിപൊട്ടി ചിരിച്ചു.
ചിരിയിലൂടെ ഞങ്ങള്‍ക്ക് അത് മനസ്സിലാവുകയായിരുന്നു. തിയറ്ററില്‍വെച്ച് ഭൂകമ്പമുണ്ടായപ്പോള്‍ ഞങ്ങള്‍ ഓടാത്തതെന്താണെന്നും, പിന്നീട് ഹോട്ടലില്‍ വച്ച് ഭൂകമ്പമുണ്ടായപ്പോള്‍ ഓടിയതെന്തിനെന്നും. രണ്ടാം സംഭവത്തില്‍ഓടാതിരിക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ അബോധാവസ്ഥയില്‍ നിസ്സഹായനായ രോഗി ഇല്ലായിരുന്നു. അനസ്‌തേഷ്യയില്‍ ബോധരഹിതനായ ഒരു രോഗിയെ പകുതി ഓപ്പറേഷന്‍ ചെയ്ത് ഇറങ്ങി ഓടുക എന്നത് ഞങ്ങളുടെ ചിന്തയില്‍ പോലുമില്ലായിരുന്നു. അഥവാ അങ്ങനെ ചിന്തിക്കാന്‍ ഞങ്ങള്‍ പരിശീലിച്ചിരുന്നില്ല എന്നു പറയുന്നതാകും ശരി.
സര്‍ജറി തുടങ്ങിയാല്‍ അവസാനിക്കാതെ സാധാരണ ഞങ്ങള്‍ ഇറങ്ങാറില്ല. അതുപോലെ തന്നെയാണ് അനസ്തീഷ്യ ഡോക്ടര്‍മാരും. അബോധാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ കയ്യിലിരിക്കുമ്പോള്‍ രോഗിയുടെ അടുത്ത് നിന്ന് അനസ്തീഷ്യ ഡോക്ടര്‍മാരും മാറാറില്ല. വര്‍ഷങ്ങളായുള്ള ശീലങ്ങള്‍ ദുരന്തം വരുമ്പോഴും, ജീവന്‍ അപകടത്തിലാകുമ്പോള്‍ പോലും പെട്ടന്ന് മാറ്റാനാകില്ലെന്ന് തിരിച്ചറിയുകയായിരുന്നു ഞങ്ങള്‍ (ചിത്രങ്ങള്‍: ലേഖകന്‍).
(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512)