മോഗദിഷുവിലെ റോക്കറ്റുകള്‍


ഡോ.സന്തോഷ് കുമാര്‍ എസ് എസ്

5 min read
Read later
Print
Share

തോക്കും സിറിഞ്ചും - യുദ്ധമുഖത്ത് ഒരു ഡോക്ടര്‍

സൊമാലിയയില്‍ എത്തുകയെന്നത് എന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു. സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവില്‍ ഒരു പ്രോജ്ക്ട് തുടങ്ങാന്‍ രാജ്യാന്തര ആതുരസേവനസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' (എം.എസ്.എഫ്) ആലോചിച്ചപ്പോള്‍ തന്നെ അവിടെ പോകാന്‍ ഞാന്‍ സമ്മതിച്ചത് അതുകൊണ്ടാകണം.

പോകുന്നത് സൂക്ഷിച്ചു വേണം, അവിടെ വലിയ പ്രശ്‌നങ്ങളാണ്...പലരും മുന്നറിയിപ്പ് നല്‍കി. പക്ഷേ, സൊമാലിയ കാണുകയെന്ന ആഗ്രഹം വലുതായിരുന്നു, അതുകൊണ്ട് ഞാന്‍ മടിച്ചില്ല.

ആഫ്രിക്കയിലെ മിക്ക മേഖലയിലേതും പോലെ, വലിയ തോതില്‍ കലാപം നടന്നിരുന്ന നൈജീരിയയിലെ 'പോര്‍ട്ട് ഹാര്‍കോര്‍ട്ട്' ( Port Harcourt ) നഗരത്തില്‍ 2007 ജൂലായ് മുതല്‍ ഞാനുണ്ടായിരുന്നു. അവിടെ നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്‌റോബി വഴിയാണ് മോഗദിഷുവില്‍ ( Mogadishu ) എത്തിയത്. ഭൂമധ്യരേഖയ്ക്ക് സമീപമാണ് മോഗദിഷുവിന്റെ സ്ഥാനം. അതിനാല്‍ പൊള്ളുന്ന ചൂടാണവിടെ.

മൊഗദിഷുവില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഹവാ അബ്ദിയിലായിരുന്നു എം.എസ്.എഫിന്റെ ബേസ്‌ക്യാമ്പ്. വിമാനത്താവളത്തില്‍നിന്ന് നേരെ ബേസ്‌ക്യാമ്പിലേക്കായിരുന്നു യാത്ര. റെഡ്‌ക്രോസിന്റെ വലിയൊരു ആസ്പത്രി അവിടെയുണ്ട്. മുഖ്യമായും ജനറല്‍ സര്‍ജറിയും ഗൈനക്കോളജിയും കൈകാര്യം ചെയ്യുന്ന ആസ്പത്രി.

തുടര്‍ച്ചയായുണ്ടാകുന്ന വെടിവെപ്പില്‍ എല്ലുപൊട്ടിയ ഒട്ടേറെപ്പേര്‍ ചികിത്സ തേടിയിരുന്നു. റെഡ്‌ക്രോസിന്റെയും എം.എസ്.എഫിന്റെയും ആസ്പത്രികള്‍ അത്തരം രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഓര്‍ത്തോപീഡിക് സര്‍ജറി തുടങ്ങുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്യമം.

അല്‍പം ചരിത്രം

സൊമാലിയ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുക വാരിയെല്ലുകള്‍ തെളിഞ്ഞ്, വയറുന്തി, കണ്ണുതള്ളി റോഡരികില്‍ ഈച്ചയരിച്ച് കിടക്കുന്ന പട്ടിണികോലങ്ങളെയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിലുണ്ടായ കൊടിയ വരള്‍ച്ചയായിരുന്നു അതിന് മുഖ്യകാരണമെങ്കിലും, രാജ്യത്തെ ഗ്രസിച്ച ആഭ്യന്തര ലഹളയും അതിന് കാരണമായി.

പട്ടാള ഭരണാധികാരി സെയിദ് ബാരിയെ 1991 ല്‍ അട്ടിമറിച്ചതോടു കൂടിയാണ് ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബാരിയെ മറിച്ചിട്ട 'സൊമാലിയ നാഷണല്‍ മൂവ്‌മെന്റ്' അനേകം ഗോത്രവര്‍ഗ്ഗങ്ങളുടെ കൂട്ടമായിരുന്നു. ശക്തമായ ഭരണനേതൃത്വം ഇല്ലാതിരുന്നതുകൊണ്ട് ഓരോ ഗോത്രങ്ങളും ഓരോ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. കൂനിന്മേല്‍ കുരു എന്നതുപോലെ ഒപ്പം വരള്‍ച്ചയും ശക്തമായി.

ഗോത്രങ്ങള്‍ തമ്മിലുള്ള സ്പര്‍ധയും, ഒപ്പം വിവിധ മതങ്ങളുടെ കൈകടത്തലും കൂടി ആയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയി. ഭീകരമായ അരക്ഷിതാവസ്ഥയായിരുന്നു പിന്നീട്. പരസ്പരമുള്ള കൂട്ടക്കൊലയും കൊള്ളിവെപ്പും കൃഷി നശിപ്പിക്കലും ബലാത്സംഗങ്ങളും അനസ്യൂതം തുടര്‍ന്നു.

തൊണ്ണൂറുകളില്‍ തുടങ്ങിയ പ്രശ്‌നം പലവട്ടം മൂര്‍ച്ഛിച്ചു. അമേരിക്കയും ഐക്യാരാഷ്ട്രസഭയും ആഫ്രിക്കന്‍ യൂണിയനുമൊക്കെ പലവട്ടം ഇടപെട്ടു. പലവട്ടം പിന്‍മാറി. അമേരിക്കയ്ക്ക് ഇവിടുന്ന് പലവട്ടം ഞെട്ടല്‍ ചികിത്സ ലഭിച്ചു! നൂറുകണക്കിന് അമേരിക്കന്‍ സൈനികരെ സൊമാലിയന്‍ ഗോത്രവര്‍ഗ്ഗപോരാളികള്‍ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തി. ആ സംഭവം റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത 'ബ്ലാക്ക് ഹാക്ക് ഡൗണ്‍' ( Black Hawk Down ) എന്ന ഹോളിവുഡ് ചിത്രമായി.

2000 എത്തുമ്പോഴേക്കും ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ കുറെ ഗോത്രവര്‍ഗ്ഗങ്ങളെ സംഘടിപ്പിച്ച് മോഗദിഷു പിടിച്ചെടുത്തു. അതിനെതിരെ മറ്റ് ഗോത്രവര്‍ഗ്ഗങ്ങള്‍ സംഘടിച്ചതോടെ, ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായി. 40 ലക്ഷം ജനങ്ങള്‍ക്ക് മൊഗദിഷു വിട്ട് പലായനം ചെയ്യേണ്ടിവന്നു.

ഒടുവില്‍ അയല്‍രാജ്യമായ എത്യോപ്യ ഇടപെട്ടു. അയല്‍പക്കത്ത് ഇസ്ലാമിക തീവ്രവാദികള്‍ ആധിപത്യം സ്ഥാപിക്കുന്നതിന് അവര്‍ക്ക് സമ്മതമില്ലായിരുന്നു. അമേരിക്കയുടെയും എത്യോപ്യയുടെയും സഹായത്തോടെ ഇസ്ലാമിക വിരുദ്ധ സഖ്യം 2007 മാര്‍ച്ചില്‍ മൊഗദിഷുവിന്റെ നിയന്ത്രണം പിടിച്ചെടുത്തു.

എങ്കിലും വിവിധ ഗോത്രവര്‍ഗക്കാരും തീവ്രവാദികളും ജുണ്ടാ പിടിച്ചുപറി സംഘങ്ങളും പോരാട്ടത്തിലാണ്. എല്ലാവര്‍ക്കും എല്ലാവരോടുമുള്ള അവിശ്വാസമാണ് മൊഗദിഷുവിന്റെ ഇപ്പോഴത്തെ മുഖമുദ്ര

വിഫലമാകുന്ന ദൗത്യം

ആഫ്രിക്കയില്‍ കലാപം നടക്കുന്ന ഏത് പ്രദേശത്തും പിസ്റ്റലുകളുടെയും യന്ത്രത്തോക്കുകളുടെയും ഗ്രനേഡുകളുടെയും ശബ്ദം സാധാരണമാണ്. മൊഗദിഷുവില്‍ പക്ഷേ, കഥയല്‍പ്പം വ്യത്യസ്തമാണ്. റോക്കറ്റുകളായിരുന്നു ഇവിടുത്തെ സാധാരണ കാഴ്ച. ഇവിടെ ജനജീവിതം ദുസ്സഹമാക്കുന്നതും റോക്കറ്റുകള്‍ തന്നെ!

ഓരോ ഗോത്രവും അവരവരുടെ മേഖലകള്‍ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്. മറ്റ് ഗോത്രക്കാരുടെ വാഹനങ്ങള്‍ക്ക് നേരെ പ്രയോഗിക്കാനുള്ള റോക്കറ്റും ഭാരമേറിയ റോക്കറ്റ് ലോഞ്ചറുകളും തോളിലേറ്റി നടക്കുന്ന ചെറുപ്പക്കരും കുട്ടികളും മൊഗദിഷുവിലെ സാധാരണ കാഴ്ച. വലിയ പരിശീലനമില്ലാത്തതുകൊണ്ട്, ഇവരുടെ ലക്ഷ്യം പിഴയ്ക്കുക സാധാരണമായിരുന്നു.

മൊഗദിഷുവിലെ റോക്കറ്റുകളെ പേടിച്ചിട്ടാണ് എം.എസ്.എഫ്. ആസ്പത്രി അവിടെ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥാപിച്ചത്.

നാല് ഗോത്രങ്ങള്‍ തമ്മില്‍ ഏതാണ്ട് സന്ധിയുണ്ടാക്കി, പട്ടണപ്രാന്തത്തിലെ ഒരു പഴയ ആസ്പത്രി നവീകരിച്ച് പ്രോജക്ട് തുടങ്ങാനായിരുന്നു ഞങ്ങളുടെ പരിപാടി. ഏറെ ക്ലേശിച്ചിട്ടായാലും ആസ്പത്രി തുടങ്ങാന്‍ എം.എസ്.എഫിന് കഴിഞ്ഞു. പക്ഷേ, മറ്റ് ഗോത്രമേഖലകളില്‍ നിന്ന് എങ്ങനെ റഫറല്‍ സംവിധാനമുണ്ടാക്കുമെന്നത് വലിയ പ്രശ്‌നമായി മാറി.

ഒരു ഗോത്രത്തിന്റെ മേഖല വഴി മറ്റ് ഗോത്രത്തിലെ ഒരാള്‍ സഞ്ചരിക്കാന്‍ പാടില്ല എന്നത് അലിഖിത നിയമമാണ്. മറ്റൊരു ഗോത്രക്കാരനെ അല്ലെങ്കില്‍ ഗോത്രക്കാരിയെ എങ്ങനെയാണ് തിരിച്ചറിയുക. അത് അതിശയകരമായി അനുഭവപ്പെട്ടു. ഭാഷയിലെ ഉച്ഛാരണം അനുസരിച്ച് അത് വളരെ എളുപ്പമാണെന്നാണ് അവര്‍ പറയുക. ഒരുപക്ഷേ, തിരുവനന്തപുരംകാരനെയും തൃശ്ശൂര്‍കാരനെയും ഭാഷയിലെ വ്യത്യാസംകൊണ്ട് തിരിച്ചറിയുന്നത് പോലെയാകും. സ്വലേഹിയും ഗോത്രഭാഷകളും അറിബിയും ഇറ്റാലിയനും ഇംഗ്ലീഷുമൊക്കെ സംസാരിക്കുന്ന ഇടത്ത് ഈ തിരിച്ചറിയല്‍ എങ്ങനെയൊക്കെയോ നടക്കുന്നു!

ആസ്പത്രി ഒരു ഗോത്രത്തിന്റെ സ്ഥലപരിധിക്കുള്ളില്‍ തുടങ്ങിയാല്‍ പിന്നെ അത് ആ ഗോത്രത്തിന്റേതായാണ് മറ്റ് ഗോത്രക്കാര്‍ കാണുക. അതുകൊണ്ട് വളരെ കരുതലോടെയാണ് ഞങ്ങള്‍ ആസ്പത്രി തുടങ്ങിയത്. കഴിവതും എല്ലാവരെയും അറിയിക്കാന്‍ ശ്രമിച്ചു. ഏറെ ഗോത്രങ്ങളുള്ളതിനാലും ആശയവിനിമയം ദുഷ്‌ക്കരമായതിനാലും പലരെയും അറിയിക്കാന്‍ പക്ഷേ, സാധിച്ചില്ല.

അത് വലിയ പ്രശ്‌നമായി മാറി. ഞങ്ങളെ വിശ്വസിച്ച് രോഗികള്‍ ആംബുലന്‍സില്‍ കയറി ആസ്പത്രിയിലേക്ക് പുറപ്പെടുമ്പോള്‍ ആക്രമങ്ങളുണ്ടാകാന്‍ തുടങ്ങി. ചിലര്‍ അങ്ങനെ കൊല്ലപ്പെട്ടു, ചിലര്‍ക്ക് പരിക്കേറ്റു. അങ്ങനെ ഞങ്ങള്‍ക്ക് റഫറല്‍ സംവിധാനം ഉപേക്ഷിക്കേണ്ടി വന്നു.

ഇതിന് പുറമേ, സപ്ലേ സംവിധാനങ്ങള്‍ക്കും പ്രശ്‌നമുണ്ടായി. ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ സംവിധാനങ്ങളും ആള്‍ക്കാരും വേണ്ടിവന്നു. മൊഗദിഷുവില്‍നിന്ന് ആസ്പത്രി വരെ ഇതൊക്കെ എത്തിക്കുക എന്നത് വളരെ ശ്രമകരമായ ഒന്നായി മാറി. പലപ്പോഴും ഞങ്ങളുടെ വാഹനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. മിക്ക സാധനസാമിഗ്രികളും ഫ്രാന്‍സ് വഴിയാണ് എത്തിയിരുന്നത്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ അടുത്ത കണ്ടെയ്‌നറെത്താന്‍ മാസങ്ങളെടുക്കും.

അങ്ങനെ എല്ലാ സംവിധാനങ്ങളും ഒരുവിധം എത്തിച്ച് ശസ്ത്രക്രിയ തുടങ്ങാന്‍ നിശ്ചയിച്ചതിന് രണ്ടുദിവസം മുമ്പ് മരുന്നകള്‍ കൊണ്ടുവന്ന വാഹനം അപഹരിക്കപ്പെട്ടു! അതിനാല്‍ ആസ്പത്രി തുടങ്ങുന്നത് ഒരുമാസം നീട്ടിവെച്ചു.

അങ്ങനെ, ചില ചെറിയ ശസ്ത്രക്രിയകള്‍ മാത്രം നടത്തി ഭൂരിപക്ഷം രോഗികളെയും കിടക്കയില്‍ തന്നെ വിട്ട് രണ്ടാഴ്ചയ്ക്കകം എനിക്ക് തിരിച്ചുപോരേണ്ടി വന്നു.

വെടിയുണ്ടകള്‍ക്കിടയില്‍

പരസ്പരം വെടിയുതിര്‍ക്കുന്ന രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ അറിയാതെ ചെന്നുപെടുക-കലാപഭൂമിയിലെ മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തില്‍ സാധാരണ സംഭവിക്കുന്നതാണിത്. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ നമ്മള്‍ ശ്രമിച്ചാലും എല്ലായിപ്പോഴും കഴിഞ്ഞെന്ന് വരില്ല. ഡസണ്‍ കണക്കിന് ഗോത്രങ്ങള്‍ തമ്മിലടിക്കുന്ന സൊമാലിയ പോലൊരു രാജ്യത്ത് പ്രത്യേകിച്ചും.

സഞ്ചരിക്കുന്ന റൂട്ട് നിശ്ചയിച്ച്, യുദ്ധത്തില്‍ പങ്കാളികളായ എല്ലാ വിഭാഗങ്ങളെയും അറിയിച്ച്, വെടിവെപ്പ് നടക്കുന്നില്ല എന്ന് ഉറപ്പാക്കി മാത്രമേ ഞങ്ങള്‍ എവിടെയും യാത്രചെയ്യുമായിരുന്നുള്ളൂ. മാത്രമല്ല, മനുഷ്യകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന് ദൂരെ നിന്നുതന്നെ തിരിച്ചറിയാനുള്ള കൊടികളും അടയാളങ്ങളും ഞങ്ങളുടെ വാഹനത്തിലുണ്ടാകും.

എന്നിരുന്നാലും, മനുഷ്യകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള ഏറ്റവും വലിയ സംരക്ഷണം അവരുടെ നിക്ഷ്പക്ഷവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനമാണ്. പക്ഷേ, ഈ സംരക്ഷണം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ് സാവധാനം മാത്രം കൈവരുന്ന ഒന്നാണ്. മൊഗദിഷുവില്‍ ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതേയുള്ളൂ. അതിനാല്‍ ഇത്തരമൊരു സംരക്ഷണം ബുദ്ധിമുട്ടായിരുന്നു.

ചില ഗ്രൂപ്പുകളുമായി റഫറല്‍ സംവിധാനമുണ്ടാക്കാനുള്ള ചര്‍ച്ചയ്ക്ക് ഒരു ഞായറാഴ്ച ഞങ്ങള്‍ ഇറങ്ങിത്തിരിച്ചു. പതിവുപോലെ എല്ലാവരെയും അറിയിച്ച് മുന്‍കരുതലെടുത്തിരുന്നു. എങ്കിലും രണ്ട് ഗോത്രങ്ങളുടെ അതിര്‍ത്തിയില്‍വെച്ച് ഞങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ വെടിപൊട്ടി. വളരെ വിശാലമായ ഒരു വയല്‍പ്രദേശത്തിന്റെ അതിര്‍ത്തിയിലായതിനാല്‍ ഞങ്ങള്‍ പിന്നീട് മുന്നോട്ട് നീങ്ങിയില്ല.

വാഹനത്തിന് 500 മീറ്റര്‍ മുന്നിലൂടെ ഒരു റോക്കറ്റ് ചീറിപ്പാഞ്ഞ് ലക്ഷ്യംതെറ്റി വയലിനപ്പുറത്തേക്ക് പോകുന്നത് കണ്ടു. പിന്നെയെല്ലാം ധ്രുതഗതിയിലായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്ന എല്ലാവരും പുറത്ത് ചാടി താഴെ വയലില്‍ കമഴ്ന്നു കിടന്നു.

ആദ്യം ആരുമൊന്നും മിണ്ടിയില്ല. പിന്നെ പതിയെ എല്ലാവരും ശബ്ദിച്ചു തുടങ്ങി. ഒടുവില്‍ ആഫ്രിക്കന്‍ യൂണിയന്റെ പട്രോള്‍സംഘം ഞങ്ങളെ രക്ഷിക്കാന്‍ വരുമ്പോള്‍ എല്ലാവരും എന്തൊക്കെയോ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു.

തിരികെ ആസ്പത്രിയില്‍ ചെന്ന് സൊമാലിയക്കാരായ നഴ്‌സുമാരോട് ഞങ്ങളുടെ അനുഭവം പറഞ്ഞപ്പോള്‍ അവര്‍ക്ക് പുച്ഛം. മൂന്ന് മണിക്കൂര്‍ വയലില്‍ കിടന്നത് കുറഞ്ഞുപോയി എന്നാണ് അവര്‍ പറഞ്ഞത്! അവര്‍ക്ക് ഇത്തരം സംഗതികള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.

മൊഗദിഷുവിലെ എം.എസ്.എഫ്. സംഘത്തിനൊപ്പം ലേഖകന്‍

നൈജീരിയയില്‍ വെച്ച് പലവട്ടം ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളതുകൊണ്ട് മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്ന ഭാവമൊന്നും എനിക്കില്ലായിരുന്നു.

പക്ഷേ, തീര്‍ച്ചയായും ആദ്യത്തെ പ്രാവശ്യം എനിക്കങ്ങനെ തോന്നിയിരുന്നു. കയ്യുംകാലും തലയുമുണ്ടെന്ന് പലവട്ടം തപ്പിനോക്കി ഉറപ്പാക്കിയിരുന്നു. പിന്നെ ചിന്തിച്ചപ്പോള്‍, ഏറ്റവുമധികം ജനങ്ങള്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന കേരളത്തില്‍ ഇത്രയുംകാലം ഒന്നും സംഭവിക്കാതെ ജീവിച്ചിരുന്നു എന്നതും ഇത്തരമൊരു രക്ഷപ്പെടലാണെന്ന് തോന്നി!

ബാക്കി പത്രം: രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ പാരീസിലെത്തി. എം.എസ്.എഫിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ബാസ്റ്റീലിലൂടെ ഞാനും എന്റെ സുഹൃത്ത് ഡുണിയയും രാത്രി നടക്കാനിറങ്ങി.

വായുനിറഞ്ഞ പ്ലാസ്റ്റിക് കവറിനു മുകളിലൂടെ ഏതോ വാഹനം കയറിയിറങ്ങിയപ്പോള്‍ ഠോ എന്ന ഓച്ച കേട്ടു. പലസ്തീനില്‍നിന്ന് വന്ന ഡുണിയയും സൊമാലിയയില്‍നിന്ന് വന്ന ഞാനും അറിയാതെ കൈപൊക്കി റോഡിലേക്ക് കുനിഞ്ഞു. രണ്ട് സെക്കന്‍ഡുകള്‍ക്ക് ശേഷം പറ്റിയ അമളി മനസിലാക്കി ഞങ്ങള്‍ പൊട്ടിച്ചിരിച്ചു! (ചിത്രങ്ങള്‍: ലേഖകന്‍).

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram