മിസാത്തയില്‍ നിന്നും ട്രിപ്പോളിയിലെത്തുക അത്ര എളുപ്പമായിരുന്നില്ല. ട്രിപ്പോളിയിലേയ്ക്കുള്ള റോഡ് മാര്‍ഗം മുഴുവന്‍ യുദ്ധമുഖങ്ങളാണ്.
സ്ലീതന്‍ നഗരം ലിബിയന്‍ വിപ്ലവകാരികള്‍ കീഴടക്കിയിരുന്നെങ്കിലും, അല്‍ കൂംസ് മുതല്‍ ട്രിപ്പോളി വരെ വഴിയരികില്‍ ഗദ്ദാഫിയുടെ പട്ടാളക്കാര്‍ തമ്പടിച്ചിട്ടുണ്ട് എന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
2011 ആഗസ്ത് ഇരുപതിന് ആകസ്മികമായിട്ടാണ് ട്രപ്പോളിയില്‍ വിപ്ലവം പൊട്ടിപുറപെട്ടത്. കിഴക്കുനിന്നുള്ള വിപ്ലവകാരികള്‍ സ്ലീതന്‍ കഴിഞ്ഞ് അല്‍ കുംസും കീഴടക്കി ട്രിപ്പോളിയിലെത്താന്‍ ഒരു മാസംകൂടി വേണ്ടിവന്നേക്കും എന്നായിരുന്നു ഞങ്ങളുടെ കണക്കു കൂട്ടല്‍. അതുകൊണ്ടു തന്നെ ട്രിപ്പോളിയിലെത്താനുള്ള തയ്യാറെടുപ്പുകളൊന്നും ഞങ്ങള്‍ നടത്തിയിരുന്നില്ല.
എന്തായിരിക്കും ട്രിപ്പോളിയിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയെന്നും അവിടെ എന്തൊക്കെയായിരിക്കും ആവശ്യമെന്നും മനസിലാക്കാന്‍ യാതൊരു നിവൃത്തിയുമില്ലായിരുന്നു. അതുകൊണ്ടൊരു അന്വേഷണ ദൗത്യത്തിന്റെ നേതാവായിട്ടാണ് എനിക്ക് ട്രിപ്പോളിയില്‍ പോകേണ്ടിവന്നത്.
ആഗസ്ത് 21ന് 'ഇന്തസാര്‍' എന്ന ഇടത്തരം മീന്‍പിടുത്തബോട്ടിലായിരുന്നു യാത്ര. ഒന്‍പത് മണിക്കൂര്‍ നീണ്ട യാത്രക്കു ശേഷം ട്രിപ്പോളി തുറമുഖത്തെത്തിയെങ്കിലും അനുമതിയില്ലാത്തതു കാരണം ബോട്ട് അവിടെ അടുപ്പിക്കാന്‍ കഴിഞ്ഞില്ല. കരയില്‍ നിന്ന് ആള്‍ക്കാര്‍ കൊച്ചുവള്ളങ്ങളുമായി എത്തിയാണ് ഞങ്ങളെ കരയ്‌ക്കെത്തിച്ചത്.
യുദ്ധമാരംഭിക്കുംമുമ്പ് ഏറെനാള്‍ ട്രിപ്പോളിയില്‍ ജോലിചെയ്തിരുന്ന ഡോ. അബ്ദുള്‍ ജലീല്‍ (യുദ്ധം തുടങ്ങിയപ്പോള്‍ കുടുംബത്തോടൊപ്പം അദ്ദേഹം മിസാത്തയിലേക്ക് പലായനം ചെയ്തു), അദ്ദേഹത്തിന്റെ അനസ്തറ്റിസ്റ്റായ മകന്‍ ഡോ. അബ്ദുള്‍ നാസര്‍, അമേരിക്കയില്‍ നിന്നുള്ള നഴ്‌സ് ക്രിസ്റ്റ്‌ലി, ബ്രിട്ടനില്‍ നിന്നെത്തിയ എമജന്‍സി ഫിസിഷ്യന്‍ ഡോ. ഒസ്സാം എന്നിവരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്.
ഡോ. അബ്ദുള്‍ ജലീലിന്റെ സുഹൃത്തുക്കളാണ് ട്രിപ്പോളിയില്‍ ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുതന്നത്. വഴിയിലൊന്നും തങ്ങാതെ നേരിട്ട് ആസ്പത്രിയിലെത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. കടലരികത്തായതുകൊണ്ടും, നഗരത്തിന്റെ വടക്ക് വലിയതോതില്‍ ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നതുകൊണ്ടുമാണ് ഞങ്ങള്‍ മിത്തീഗ ആസ്പത്രി തിരഞ്ഞെടുത്തത്. അതൊരു പട്ടാള ആസ്പത്രിയായിരുന്നു. പഴയതെങ്കിലും 200 കിടക്കകളുള്ള വളരെ നന്നായി പ്ലാന്‍ചെയ്തിട്ടുള്ള ആസ്പത്രിയായിരുന്നു അത്.
ആസ്പത്രിയിലെ സ്ഥിതി വളരെ മോശമായിരുന്നു. കണക്കെടുത്തപ്പോള്‍ 102 രോഗികള്‍ അവിടെയുണ്ട്. മൂന്ന് ഡോക്ടര്‍മാരും രണ്ട് ഫിലിപ്പിയന്‍ നഴ്‌സുമാരും മാത്രമേ അവിടെയുള്ളൂ. ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ക്ലീനര്‍മാര്‍, നഴ്‌സസിങ് അസ്സിസ്റ്റന്റുകള്‍ തുടങ്ങി ആരുംതന്നെ അവിടെയില്ലായിരുന്നു.
ആസ്പത്രിയിലെ വെള്ളവും വൈദ്യുതിബന്ധവും പുനസ്ഥാപിക്കലായിരുന്നു ഞങ്ങളുടെ ആദ്യത്തെ ദൗത്യം (ആസ്പത്രികളുടെ അടിസ്ഥാന ആവശ്യങ്ങളാണ് വെള്ളവും വൈദ്യുതിയും. ഇതില്ലെങ്കില്‍ ആസ്പത്രി അടച്ചുപൂട്ടേണ്ടി വരും). സ്ഥലത്തെ പൗരപ്രമുഖരെ ഡോ. അബ്ദുള്‍ ജലീല്‍ വിളിച്ചുകൂട്ടി ആസ്പത്രി നടത്തിപ്പിന് സഹായിക്കാനുള്ള സമിതിയുണ്ടാക്കി. അവരുടെ നേതൃത്വത്തില്‍ ജനറേറ്റര്‍ പ്രവത്തിപ്പിക്കാനുള്ള ഡീസല്‍ കടല്‍മാര്‍ഗ്ഗം എത്തിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി.
പല സ്ഥലത്തുനിന്നും താല്‍ക്കാലികമായി 500 ലിറ്റര്‍ ഡീസല്‍ സംഘടിപ്പിച്ച് ജനറേറ്റര്‍ പ്രവത്തിപ്പിച്ചപ്പോഴാണ് ആസ്പത്രിക്ക് ജീവന്‍വെച്ചത്. വെള്ളത്തിന്റെ കാര്യം വൈദ്യുതി കൊണ്ടുതന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. ഡിസലൈനേഷാന്‍ പ്ലാന്റ് പ്രവത്തിക്കുമ്പോള്‍ കടലില്‍നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ലഭിക്കുമായിരുന്നു.
ആസ്പത്രി ജീവനക്കാരെ സംഘടിപ്പിക്കുക എന്നതായിരുന്നു അടുത്ത ദൗത്യം. 200 കിടക്കകളുള്ള ആസ്പത്രി നടത്താനുള്ള ജീവനക്കാരുടെ ലിസ്റ്റുണ്ടാക്കി. പരിയാരം മെഡിക്കല്‍കോളേജില്‍ നാലുവര്‍ഷം ഡെപ്യൂട്ടി സൂപ്രണ്ടായി ജോലിചെയ്തുള്ള അനുഭവവും, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ബിരുദവും ഏറെ സഹായകമായി. നാട്ടുകാരുടെ സമിതിയുടെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാരെയും, സഹായം ചെയ്യാന്‍ സന്നദ്ധതയുള്ള പ്രൊഫഷണലുകളേയും, മറ്റ് ആസ്പത്രികളില്‍ ജോലി ചെയ്തിരുന്നവരേയും സംഘടിപ്പിച്ചുള്ള വലിയൊരു യോഗം 22ന് രാവിലെ നടത്തി. താല്‍ക്കാലിക ആസ്പത്രി മാനേജരായി ഞാന്‍ ചുമതലയേറ്റു.
നഴ്‌സുമാരെയും, ലബോറട്ടറി ടെക്‌നീഷ്യന്മാരെയും കിട്ടിയില്ല. മെഡിക്കല്‍കോളേജിലെ വിദ്യാര്‍ഥികളെ നഴ്‌സുമാരുടെ ജോലിയേല്‍പ്പിച്ചു. പക്ഷെ, അവരെ ട്രെയിന്‍ ചെയ്യാന്‍ പോലും വേണ്ടത്ര നഴ്‌സുമാര്‍ ഉണ്ടായിരുന്നില്ല (നഴ്‌സുമാരുടെ ജോലി ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന ധാരണ തെറ്റാണ്. രണ്ട് ജോലിയും ഒന്നാണ് എന്ന് തോന്നിക്കുമെങ്കിലും രണ്ടിനും വേണ്ട തൊഴില്‍പരമായ കഴിവും, സമീപനവും, ഒരു പരിധി വരെ അറിവും വ്യത്യസ്തമാണ്). ആസ്പത്രിയിലെ പിന്നീടുള്ള പ്രവത്തനത്തെ ഇത് സാരമായി ബാധിച്ചു.
കാഷ്വാലിറ്റിയില്‍ നഴ്‌സുമാരില്ലാത്തതിനാല്‍ ആരും ഒരു തയ്യാറെടുപ്പും നടത്തിയില്ല. രോഗികള്‍ വരുമ്പോള്‍ വിവിധ സാധനസാമിഗ്രികള്‍ക്കുവേണ്ടി പല ദിക്കുകളില്‍ ഓടുകയും, ഉപയോഗിച്ച ശേഷം അവ പല ദിക്കില്‍ ഇടുകയും, പിന്നീട് ആവശ്യമുണ്ടാകുമ്പോള്‍ അതിനുവേണ്ടി അനാവശ്യമായി സമയം കളഞ്ഞു തിരയുകയും ചെയ്യുന്നത് പതിവായി. ഇത് കാഷ്വാലിറ്റിയുടെ പ്രവത്തനത്തെ സാരമായി ബാധിച്ചു.
ഓപ്പറേഷന്‍ തിയറ്ററില്‍ നഴ്‌സുമാരില്ലാത്തതിനാല്‍ നാല് തിയറ്ററില്‍ രണ്ടെണ്ണം മാത്രമേ പ്രവത്തിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. അതുപോലും ഇഴഞ്ഞിഞ്ഞാണ് നീങ്ങിയത്. ഐസിയുവിലാണ് ഏറ്റവും വലിയ ദുരന്തം നടന്നത്. രോഗം വളരെ ഗുരുതരമായ രോഗികളെയാണ് അവിടെ പാരിചരിക്കേണ്ടി വന്നത്. പ്രത്യേക പരിചയമുള്ള നഴ്‌സുമാരെ അവിടെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ തീരെ പരിചയമില്ലാത്ത വിദ്യാര്‍ഥികളും ഡോക്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മരണ നിരക്ക് കുത്തനെ ഉയര്‍ന്നു. വാഡുകളിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. സമയത്തിന് മരുന്നും ഭക്ഷണവും ഡസ്സിങും റിപ്പോട്ടും ഒന്നുമുണ്ടായിരുന്നില്ല.
ആഗസ്ത് 22 മുതല്‍ 24 വരെയുള്ള ദിവസങ്ങള്‍ ആസ്പത്രി ഒരു യുദ്ധക്കളം തന്നെയായി മാറി. ഗദ്ദാഫിയുടെ ബാബൈല്‍ അസീസിയ എന്ന കൊട്ടാരവും സമുച്ചയവും വിപ്ലവകാരികള്‍ പിടിച്ചെടുത്ത ദിവസങ്ങളായിരുന്നു അവ. പതിനായിരക്കണക്കിന് ലിബിയക്കാര്‍ തോക്കുകളും കൈയില്‍ കിട്ടിയ എല്ലാ ആയുധങ്ങളുമായി കൊട്ടാരം വളയുകയായിരുന്നു.
ചീറിപ്പാഞ്ഞ വെടിയുണ്ടകളും പൊട്ടിത്തെറിച്ച ബോംബുകള്‍ക്കും ഷെല്ലുകള്‍ക്കും മീതെ ഒരു സുനാമി പോലെ അവര്‍ പാഞ്ഞടുത്തു. മരിച്ചവരേയും പരിക്കേറ്റവരെയും ഉറ്റവരേയും ഉടയവരേയും അവര്‍ മറന്നു. ഉന്‍മാദം ബാധിച്ച അവരെ വേദനയും മരണഭയവും വിട്ടകന്നു. ശരിക്കുമൊരു ചരിത്രമുഹൂര്‍ത്തം. അവര്‍ക്കത് ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. 42 വര്‍ഷത്തെ അടിച്ചമര്‍ത്തലില്‍ നിന്നും, പാരതന്ത്ര്യത്തില്‍ നിന്നുമുള്ള മോചനത്തിന്റെ അടയാളമായിരുന്നു ബാബെല്‍ അസീസിയ കൊട്ടാരത്തിന്റെ തകര്‍ക്കല്‍.
ആഗസ്ത് 23 ന് മാത്രം മൂവായിരം പേരെങ്കിലും മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. മിത്തീഗ ആസ്പത്രി ഒരു നരകമായി മാറി. അന്ന് മാത്രം 573 പേര്‍ ആസ്പത്രയില്‍ ചികിത്സ തേടിയെത്തി. ഗുരുതരമായി പരിക്കേറ്റവരെ മാത്രമേ അവിടെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ട്രിപ്പോളിയില്‍ അപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏക ആസ്പത്രി അതാണെന്നോര്‍ക്കുക.
ഓക്‌സിജന്‍ തീര്‍ന്നു, അനസ്തീഷ്യയ്ക്കുള്ള മരുന്ന് തീര്‍ന്നു, ശസ്ത്രക്രിയയ്ക്കുള്ള നൂലും ഉപകരണങ്ങളും തീര്‍ന്നു, പഞ്ഞിയും പാഡും തീര്‍ന്നു. ന്യൂറോ സര്‍ജന്‍, വാസ്‌കുലാര്‍ സര്‍ജന്‍, തൊറാസിക് സര്‍ജന്‍, അനസ്തറ്റിസ്റ്റ് തുടങ്ങിയ വിദഗ്ധരൊന്നും ഇല്ല. പ്രാകൃതമായ അവസ്ഥയിലേക്ക് ചികിത്സയെത്തി. വാഡുകളിലും ട്രോളികളിലും വരാന്തകളിലും വേദനാസംഹാരികള്‍ പോലുമില്ലാതെ ജീവന്‍രക്ഷാ ശസ്ത്രക്രിയകളും മറ്റ് നടപടികളും നടത്തേണ്ടി വന്നു.
ആഗസ്ത് 24ന് രാവിലെ ആസ്പത്രിയിലെ പല സ്ഥലങ്ങളില്‍ നിന്നായി ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് 46 മൃതദേഹങ്ങള്‍ കണ്ടെടുത്ത് മോച്ചറിയിലേക്ക് മാറ്റി.
അന്നുതന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങി. അടച്ചിട്ടിരുന്ന സെന്‍ട്രല്‍ ആസ്പത്രിയില്‍ നിന്നോ അല്ലെങ്കില്‍ ട്രിപ്പോളി മെഡിക്കല്‍ സെന്ററില്‍നിന്നോ മരുന്നുകളും മറ്റ് സാമഗ്രികളും എത്തിക്കുകയായിരുന്നു ലക്ഷ്യം.
മറക്കാനാവാത്ത കാഴ്ചയായിരുന്നു വഴിനീളെ. എവിടെയും മൃതദേഹങ്ങള്‍, പൊട്ടിത്തെറിച്ച കൈകളും കാലുകളും. അവയ്ക്ക് മുകളിലൂടെയല്ലാതെ വണ്ടിയോടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഒപ്പം നിലയ്ക്കാത്ത വെടിയൊച്ചയും. ആംബുലന്‍സിന്റെ ഡ്രൈവര്‍ ഒമര്‍ കരയുകയായിരുന്നു. മൃതദേഹങ്ങളുടെ മുകളിലൂടെ ഓടിക്കാതിരിക്കാന്‍ അയാള്‍ പാടുപെട്ടു.
നിത്താതെ എത്രയും വേഗം സെന്‍ട്രല്‍ ആസ്പത്രിയിലെത്താനായിരുന്നു പ്ലാന്‍. ഇടക്ക് മൃതദേഹങ്ങല്‍ എടുത്ത് മാറ്റാതെ പോകാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. അതിനായി അയാള്‍ ഇറങ്ങിയതും ആംബുലന്‍സിന് മുന്നിലൂടെ ഒരു റോക്കറ്റ് ചീറിപ്പാഞ്ഞു. ഒരുപക്ഷെ, വണ്ടി നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അത് ആംബുലന്‍സില്‍ പതിച്ചേനെ!
പകച്ചുനിന്ന ഡ്രൈവറെ തിരികെ വിളിച്ച് വണ്ടി റിവേഴ്‌സെടുത്ത് ഞങ്ങള്‍ ആസ്പത്രിയില്‍ തിരികെയെത്തി. ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന് എനിക്ക് മനസിലായി. മരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും പ്രധാനമാണ് ജീവിക്കുക എന്നതും മനസിലായി. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും ഇത്തരം റിസ്‌ക്കുകള്‍ എടുക്കരുതെന്ന് ഞാന്‍ തീരുമാനിച്ചു.
ആഗസ്ത് 24ന് രാത്രി 9 മണി. ദുസ്സഹമായ ഗന്ധവും പേറി ഒരു ലോറി ആസ്പത്രിയിലെത്തി. 17 മൃതദേഹങ്ങളായിരുന്നു അതില്‍. ഒപ്പം ഒരു ജീവിശ്ശവവും. ബാബൈല്‍ അസീസിയയിലേക്ക് വിപ്ലവകാരികള്‍ ഇരച്ചുകയറിയപ്പോള്‍, അവിടെ ജയിലില്‍ ഉണ്ടായിരുന്നുവര്‍ ആണത്. അധികവും ചെറുപ്പക്കാര്‍. ഒരു 14 വയസുകാരനും ഉണ്ടായിരുന്നു.
ഗദ്ദാഫിയുടെ പട്ടാളക്കാര്‍ രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് ജയിലിന്റെ വാതില്‍ തുറന്ന് എല്ലാവരേയും നിരത്തിനിത്തി വെടിവെയ്ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടയേറ്റിട്ടും മരിക്കാതെ ഒരാള്‍ മൂന്നു ദിവസം കിടന്നു.
മാസ്‌ക്കും ഗൗണും ബുട്ടുമണിഞ്ഞ് ഞാന്‍ മൃതദേഹങ്ങള്‍ ഒന്നൊന്നായി പരിശോധിച്ച് തെളിവുകള്‍ രേഖപ്പെടുത്തി. എല്ലാം വളരെ അടുത്തുനിന്ന് ഉതിര്‍ത്ത വെടിയുണ്ടകളേറ്റുള്ള മുറിവുകള്‍. തീച്ചയായും മാനവികതയ്‌ക്കെതിരായുള്ള കുറ്റമാണ് (ക്രൈം എഗൈന്‍സ്റ്റ് ഹ്യുമാനിറ്റി). അന്താരാഷ്ട്ര കോടതിയില്‍ ഫയല്‍ ചെയ്യാനുള്ള പേപ്പറുകളും ഫോട്ടോകളും മറ്റും തയ്യാറാക്കി തീരുമ്പോള്‍ സമയം പുലര്‍ച്ചെ നാലുമണിയായിരുന്നു.
ആഗസ്ത് 28. സ്ഥിതിഗതികള്‍ ശാന്തമായി വരുന്നു. മറ്റ് ആസ്പത്രികള്‍ പ്രവത്തിച്ച് തുടങ്ങിയതുകൊണ്ട് രോഗികള്‍ കുറഞ്ഞു. ഇപ്പോള്‍ 106 ആണ് രോഗികളുടെ എണ്ണം. മിസാതയില്‍ നിന്ന് രണ്ടുദിവസം മുമ്പ് ഓക്‌സിജന്‍ ലഭ്യമാക്കി. അവിടുന്നുതന്നെ മറ്റ് അത്യാവശ്യ സാമിഗ്രികളും സംഘടിപ്പിച്ചു. കൂടുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും എത്തിത്തുടങ്ങി. ആസ്പത്രി മാനേജ് ചെയ്യാന്‍ നാളെ പുതിയ ഡോക്ടര്‍ എത്തുമെന്നറിയുന്നു.
ഇപ്പോഴും ആ മൃതദേഹങ്ങളുടെ അഴുകിയ ഗന്ധം എന്റെ മൂക്കില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.
(ചിത്രങ്ങള്‍: ലേഖകന്‍).
(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512).