സിഗിളിയില്‍ ഒരു യുദ്ധകാലത്ത്


എഴുത്തും ചിത്രങ്ങളും: ഡോ.സന്തോഷ്‌കുമാര്‍ എസ് എസ്

5 min read
Read later
Print
Share

തോക്കും സിറിഞ്ചും - യുദ്ധമുഖത്ത് ഒരു ഡോക്ടര്‍

എന്തിനാണ് യുദ്ധം? ഈ ചോദ്യം തന്നെ ബാലിശമാണ്. എല്ലാ യുദ്ധങ്ങളേയുംപോലെ അത് കാര്യകാരണബന്ധമില്ലാത്തതാണ്. തുടങ്ങിയിടത്തുനിന്ന് മാറി മറ്റെന്തോ ഒക്കെയായി അഴിക്കുംതോറും കുരുങ്ങുന്ന സങ്കീര്‍ണ്ണപ്രശ്‌നമായി അത് മാറുന്നു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍ (ആഭ്യന്തര കലഹമായാലും, രാജ്യങ്ങള്‍ തമിലുള്ള പോരാട്ടമായാലും) ക്രൂരമായ ദുരന്തങ്ങളാണ്.

പലപ്പോഴും ഭൂകമ്പത്തിനോ ചുഴലികാറ്റിനോ കിട്ടുന്ന ലോകശ്രദ്ധ ഒരിക്കലും യുദ്ധത്തിലെ ദുരന്തങ്ങള്‍ക്ക് ലഭിക്കാറില്ല. എങ്കിലും ആചേയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്.

ജക്കാര്‍ത്തയില്‍ നിന്ന് നാലുമണിക്കൂര്‍ ഗരുഡാ എയര്‍വേയുടെ വിമാനത്തിലിരുന്നാല്‍ ബന്‍ധാ ആചേയിലെത്താം. അവിടെ നിന്ന് റെഡ്‌ക്രോസിന്റെ കാറില്‍ കാടിന് നടുവിലെ തകര്‍ന്നടിഞ്ഞ റോഡിലൂടെ നാലുമണിക്കൂര്‍ വീണ്ടും ദുര്‍ഘടയാത്ര വേണം സിഗിളിയിലെത്താന്‍.

ലോകത്ത് ഏറ്റവും മികച്ച ജീവകാരുണ്യ പ്രവത്തനം നടത്തുന്ന സംഘടനയായ 'മേഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സി'ന്റെ ( Médecins Sans Frontières - MSF ) ആഭിമുഖ്യത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജനായ ഞാന്‍ ആചേയിലെത്തുന്നത് 2006 ലാണ്. GAM എന്ന് ഇന്‍ഡൊനീഷ്യയില്‍ അറിയപ്പെടുന്ന 'ഫ്രീ ആചേ മൂവ്‌മെന്റി'ന്റെ സിരാകേന്ദ്രമായ പീഡീ ജില്ലയുടെ ആസ്ഥാനമാണ് സിഗിളി.

യാത്രയ്ക്കിടെ വഴിയില്‍ രണ്ടിടത്ത് ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടു. ഇന്‍ഡൊനീഷ്യന്‍ പട്ടാളം കൊന്ന് വലിച്ചെറിയുന്ന ജഡങ്ങളാണ് പ്രശ്‌നമെന്ന് ഡ്രൈവര്‍ അബു പറഞ്ഞു. അവിടെ അതൊരു നിത്യകാഴ്ച്ചയാണത്രേ!

യൂണിഫോമിലില്ലാത്ത തോക്കുധാരികള്‍ വീടുകളില്‍ കയറിച്ചെന്ന് പുരുഷന്മാരെ വലിച്ചിഴച്ച് കൊണ്ടുപോകും. പിന്നെ ദിവസങ്ങള്‍ കഴിഞ്ഞ് ജഡം റോഡില്‍ കണ്ടാലായി. ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങി ജനങ്ങളെയാകെ അവരുടെ പരിസരങ്ങളില്‍നിന്ന് ഒഴിപ്പിക്കുക എന്നതായിരുന്നു പട്ടാളത്തിന്റെ തന്ത്രം. പുരുഷന്മാരെ നിരത്തിനിര്‍ത്തി കൂട്ടമായി വെടിവച്ചിടുക, കൂട്ടബലാല്‍സംഗങ്ങള്‍, സ്ര്തീകളേയും കുട്ടികളേയും കൂട്ടമായി വളരെയകലെയുള്ള അഭയാര്‍ഥി ക്യാമ്പുകളിലാക്കുക, വീടുകള്‍ തച്ചുനിരത്തുക, കൃഷിയിടങ്ങല്‍ നശിപ്പിക്കുക തുടങ്ങിയവ അവിടെ വളരെ സ്വാഭാവിക സംഭവങ്ങള്‍ ആയി മാറിയിരുന്നു.

സിഗിളിയില്‍ എംഎസ്എഫ് നടത്തുന്ന ആശുപത്രിയില്‍ മാത്രം മൂന്നുമാസം കൊണ്ട് ഏകദേശം 500 ശസ്ര്തക്രിയകള്‍ നടന്നു. പടിഞ്ഞാറ് മെഡാന്‍ പട്ടണം കഴിഞ്ഞാല്‍ പിന്നെ 800 കിലോമീറ്റര്‍ പ്രദേശത്ത് ഒരുതരം സംവിധാനവും നിലവിലിലുണ്ടായിരുന്നില്ല. വൈദ്യുതിയില്ല, റോഡില്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും തന്നെയില്ല. പണ്ടുണ്ടായിരുന്ന ആസ്പത്രികള്‍ ഇപ്പോള്‍ നടത്തുന്നത് വിവിധ സര്‍ക്കാരിതര സംഘടനകളാണ്.

അവിടെ ചെല്ലുമ്പോള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നാല്പതോളം രോഗികള്‍ എന്നെ കാത്ത് ആശുപത്രിയിലുണ്ട് (എനിക്ക് മുമ്പുള്ള സര്‍ജന്‍ സ്ഥലം വിട്ടിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു). ഒ പിയില്‍ ഒരു ദിവസം ഏകദേശം നൂറോളം രോഗികള്‍ വരും. മിക്കവരും എല്ലൊടിഞ്ഞ് മൂന്നുംനാലും വര്‍ഷമായി അതുംകൊണ്ട് നടക്കുന്നവര്‍, പഴുത്തൊഴുകുന്ന മുറിവുകള്‍, ശരിക്ക് ചികിത്സ കിട്ടാതെ എല്ല് മാറി ചേര്‍ന്നവര്‍, കൈകാലുകളില്‍ പല ഭാഗത്തും എല്ലുകള്‍ തന്നെ ഇല്ലാത്തവര്‍.

അവിടെയുണ്ടായിരുന്ന ആറാഴ്ച എനിക്ക് ശരിക്കും കഠിനം തന്നെയായിരുന്നു. ദിവസവും അഞ്ചുമുതല്‍ എട്ടുവരെ ശസ്ര്തക്രിയകള്‍. മിക്കവയും മൂന്നും നാലും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നവ. ശസ്ര്തക്രിയകള്‍ക്കിടയിലെ ഇടവേളകളില്‍ ഒ പിയില്‍ വരുന്ന രോഗികളെ നോക്കണം. അതിനിടെ അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികളേയും പരിശോധിക്കണം.

എങ്കിലും ആറാഴ്ചകൊണ്ട് 150 ഓളം ശസ്ര്തക്രിയ ചെയ്തു. റംസാന്‍ മാസമായിരുന്നതിനാല്‍ ഉച്ചക്ക് ഭക്ഷണം പോയിട്ട് വെള്ളം പോലും ലഭിക്കുകയുമില്ല. തീവ്രമായ മതവിശ്വാസവും യുദ്ധവും കഠിനമായ ശരീയത്ത് നിയമം നടപ്പാക്കുന്നതിലാണ് കലാശിച്ചിരിക്കുന്നത്. ദയനീയം എന്നു പറയട്ടെ, രോഗികള്‍ക്ക് പോലും ഈ മതനിയമങ്ങളില്‍നിന്ന് രക്ഷപ്പെടാനാകില്ല.

ഇവരെല്ലാം ഒളിപോരാളികളോ തീവ്രവാദികളോ അല്ല. വാസ്തവത്തില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. സാധാരണ റോഡപകടങ്ങളും, ജോലിസ്ഥലത്തെ അപകടങ്ങളും, ഗാര്‍ഹിക അപകടങ്ങളും ചികിത്സിക്കാന്‍ ഒരു സംവിധാനവുമില്ല. എന്തിന് ഒരു ചെറിയ മുറിവുണ്ടായാല്‍ പോലും അത് തുന്നികെട്ടുവാനുള്ള സംവിധാനമില്ല. പോരാത്തതിന് പട്ടിണിയും ദാരിദ്ര്യവും. എന്തെങ്കിലും മിച്ചമുണ്ടാക്കുന്നത് ആയുധങ്ങള്‍ വാങ്ങാന്‍ വേണ്ടി ചിലവഴിക്കേണ്ടി വരുന്നു!

2004 ഡിസംബറില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി ആചേയിലെ ഒരു കോടി ജനങ്ങളടു ജീവനാണ് കവര്‍ന്നത്. ഭവനരഹിതരായവര്‍ പിന്നെയുമരക്കോടി.

പക്ഷെ, ഒരു വിധത്തില്‍ പറഞ്ഞാല്‍ സുനാമി ആചേയെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാവുകയായിരുന്നു. ഏറെ അന്താരാഷ്ട്ര ശ്രദ്ധ സുനാമി മൂലം ആചേക്ക് ലഭിച്ചു. പല രാജ്യങ്ങളുടേയും കൂട്ടായ ശ്രമഫലമായി 2005 ജനവരിയില്‍ ഒരു സമാധാനകരാറുണ്ടായി.

കരാര്‍ നിലവിലുണ്ടെങ്കിലും ഇന്‍ഡൊനീഷ്യന്‍ പട്ടാളം അതൊന്നും വകവെയ്ക്കാറില്ല. കൊല്ലുംകൊലയും, ബലാല്‍സംഗവും യഥേഷ്ടം തുടരുന്നു. സര്‍ക്കാറിന് ഇവിടുത്തെ പട്ടാളത്തിന്റെ മേലുള്ള നിയന്ത്രണം തുലോം കുറവാണ്. കള്ളക്കടത്തും മയക്കുമരുന്ന് ബിസിനസും ഉള്‍പ്പെടെ സ്വന്തമായി പല ഏര്‍പ്പാടുകളും നടത്തിയാണ് പട്ടാളം നിലനില്‍കുന്നത്!

എങ്കിലും സമാധാനകരാറിനു ശേഷം ഇവിടേക്ക് കടന്നുവന്ന അന്താരാഷ്ട്ര ഏജന്‍സികളുടേയും വിദേശികളുടേയും മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥിതിയില്‍ വളരെ വിത്യാസം ഉണ്ടാക്കി. ഇവിടെ നടക്കുന്ന കാര്യങ്ങല്‍ പുറത്തറിയുന്നു എന്നതിനാല്‍ പട്ടാളം കൂടുതല്‍ സംയമനം പാലിക്കാന്‍ തുടങ്ങി. നാമ മാത്രമായെങ്കിലും പല സ്ഥലത്തും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.

ഇരുപത്തിയെട്ടുകാരന്‍ റിസാലിന്റെ കഥ പറയാം. ഇത് കഥയല്ല ജീവിതമാണെന്ന് വിശ്വസിക്കാന്‍ ഇന്നും പ്രയാസമാണ്.

സിഗിളിയിലെ ആസ്പത്രിയില്‍ വലതുകൈ ഇടതുകൈ കൊണ്ട് താങ്ങിയാണ് റിസാല്‍ വന്നത്. ഫ്രീ ആചേ മൂവ്‌മെന്റിലെ അംഗമാണ് ഈ യുവാവ്. ആചേ പ്രദേശം വിഘടിച്ച് പോകുന്നത് തടയാന്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ നടത്തിയ അവസാനത്തെ യുദ്ധം 2001 ലാണ് തുടങ്ങിയത്. ആ മെയ് മാസത്തില്‍ ടെന്‍ഗ പ്രവിശ്യയിലെ കാട്ടിനുള്ളില്‍ നടന്ന ഒളിപ്പോരാട്ടത്തിലാണ് റിസാലിന് വലുകൈമുട്ടിന് മുകളില്‍ വെടിയേറ്റത്.

കൈയിലെ എല്ലുകള്‍ പൊട്ടി പുറത്ത് വന്നിരുന്നു. കടുത്ത വേദനയും സഹിച്ച് രണ്ടാഴ്ച്ച കാട്ടിലൂടെ നടന്നാണ് റിസാല്‍ അവസാനം ബന്‍ധാ ആചേയിലെ ആസ്പത്രിയിലെത്തിയത്. അപ്പോഴേക്കും മുറിവ് പഴുത്തിരുന്നു. ഡോക്ടര്‍മാര്‍ റിസാലിന് എക്‌സ്‌റ്റേര്‍നല്‍ ഫിക്‌സേറ്റര്‍ (സ്‌ക്രൂവും സ്റ്റീല്‍ കമ്പികളുംകൊണ്ട് എല്ലുകളെ പുറത്തുനിന്നും ഉറപ്പിക്കുന്ന ചികിത്സ) നല്‍കി.

ആസ്പത്രിയിലെത്തിയതിന് രണ്ടാംനാള്‍ പോലീസ് റിസാലിനെ തിരഞ്ഞ് ആസ്പത്രിയിലെത്തി. പോലീസിനെ വെട്ടിച്ച് റിസാല്‍ വീണ്ടും കാട്ടിലേക്ക് കടന്നു. പിന്നാലെ പോലീസും. ഒടുവില്‍ പോലീസിന്റെ പക്കല്‍നിന്ന് വല്ല വിധേനയും രക്ഷപെട്ടപ്പോഴാണ് കൈയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് കണ്ടത്.

കൈയിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കൈയിലെ എല്ലുകളില്‍ ഉറപ്പിച്ചിരുന്ന സ്‌ക്രൂവും സ്റ്റീല്‍കമ്പികളും കാണാനില്ല. കാട്ടിലൂടെയുള്ള ഓട്ടത്തിനിടെ അവയൊക്കെ മരച്ചില്ലകളില്‍ ഉടക്കി നഷ്ടപെട്ടിരുന്നു!

എല്ലൊടിഞ്ഞു തൂങ്ങിയ കൈയുമായി റിസാലിന് നാലുവര്‍ഷത്തോളം കാട്ടില്‍ തന്നെ കഴിയേണ്ടി വന്നു. ഭക്ഷണവും വെള്ളവും പൊലും കിട്ടാതെയുള്ള ദുരിതജീവിതം. കൈയിലെ മുറിവ് പഴുക്കുകയും ഉണങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അതവസാനം ആ യുവാവിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ഇതിനിടെ എത്ര ഏറ്റുമുട്ടലുകള്‍ നടന്നു. എത്ര ഉറ്റസുഹൃത്തുക്കളെ നഷ്ടപ്പെട്ടു. ഒന്നും റിസാലിന് ഓര്‍ത്തെടുക്കാനാകുന്നില്ല.

രണ്ട് നീണ്ട ശസ്ര്തക്രിയയും രണ്ടാഴ്ച്ചത്തെ ചികിത്സയും വേണ്ടിവന്നു റിസാലിന്റെ കൈ ഒരു വിധമൊന്ന് നേരെയാക്കാന്‍. ചികിത്സയിലുണ്ടായിരുന്ന രണ്ടാഴ്ച്ചയും റിസാലിനു കൂട്ടിരുപ്പുകാര്‍ ആരുമുണ്ടായിരുന്നില്ല. ബന്ധുക്കളേയും കുടുംബത്തേയും കുറിച്ചുള്ള ചോദ്യങ്ങള്‍ റിസാലിനു സുഖകരമായിരിക്കയില്ല എന്നറിയാമായിരുന്നു. എങ്കിലും രണ്ടാഴ്ച്ചത്തെ പരിചയം ഞങ്ങള്‍ തമ്മില്‍ ഒരു വല്ലാത്ത സൗഹൃദം ഉണ്ടാക്കി. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ഭാര്യയും കുട്ടികളുമൊക്കെ എവിടെയെന്ന് വളരെ കാഷ്യുവല്‍ ആയി ഞാന്‍ ചോദിച്ചു. ഒരു പൊട്ടിചിരിയായിരുന്നു മറുപടി.

റിസാല്‍ പറഞ്ഞതിങ്ങനെയാണ്: 'പ്രിയപെട്ട ഡോക്ടര്‍, എന്റെ ഭാര്യയേയും രണ്ട് ആണ്‍മക്കളേയും ഞാന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ആകുംവിധമൊക്കെ തിരഞ്ഞു. ഗംപാങ്ങിനടുത്തുള്ള എന്റെ ഗ്രാമം ഇപ്പോള്‍ അവിടെയില്ല. എന്റെ ഗ്രാമവാസികളില്‍ ചിലരെ ഞാന്‍ തിരച്ചിലിനിടെ പല അഭയാഥിക്യാമ്പുകളില്‍ കണ്ടുമുട്ടിയിരുന്നു.അവരെല്ലാവരും വളരെയധികം മാറിയിരിക്കുന്നു. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാര്‍ വ്യഭിചാരിണികളായി മാറിയിരിക്കുന്നു. എന്റെ ചില സുഹൃത്തുക്കളുടെ പെണ്‍കുട്ടികളും അങ്ങനെതന്നെ. പുരുഷന്മാര്‍, ആണ്‍കുട്ടികളുള്‍പ്പടെ ഏറിയ കൂറും കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ള ആണ്‍കുട്ടികള്‍ തെണ്ടിത്തിരിയുകയോ, കള്ളകടത്തിലേര്‍പ്പെടുകയോ ചെയ്യുന്നു. എന്റെ ഭാര്യയെ അറിയാതെ ഇങ്ങനെയെവിടെയെങ്കിലും കണ്ടുമുട്ടുമോ എന്നാണ് ഇപ്പോഴെന്റെ പേടി. എങ്കിലും ഞാന്‍ വെറുതെ തിരയാറുണ്ട്. തിരയുമ്പോഴും, തിരയാതിരിക്കുമ്പോഴും എനിക്ക് ഒരു സമാധാനവുമില്ല'

അടുത്തയാഴ്ച്ച ഞാന്‍ റിസാലുമൊന്നിച്ച് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പോയി. തകര്‍ന്ന വീടുകള്‍, ഉപേക്ഷിക്കപ്പെട്ട് കാടുപിടിച്ച കൃഷിയിടങ്ങള്‍, കൊള്ളയടിക്കപ്പെട്ട കവലകള്‍. ഒരു സ്ഥലം കാണിച്ച് റിസാല്‍ പറഞ്ഞു ഇവിടെ എന്റെ വീടുണ്ടായിരുന്നു.

ഇന്‍ഡൊനീഷ്യയില്‍ തന്നെ ജൂണില്‍ ഞാന്‍ സേവനമനുഷ്ടിച്ച യോഗ്യക്കര്‍ത്തയിലെ ഭൂകമ്പത്തിന്റെ ദുരന്തചിത്രം മനസിലേക്ക് ഒരു നിമിഷം ഓടിയെത്തി. രണ്ടും കണ്ടാല്‍ ഒരു പോലെയിരിക്കുന്നു. വാസ്തവത്തില്‍ വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എന്തൊക്കെയോ പറഞ്ഞ് റിസാല്‍ അപ്പോഴും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു!

സിഗിളിയിലെ ഈ പ്രോജക്ടിന് വേണ്ടി മാത്രം സംഘടന ഇതിനകം 20 ലക്ഷം യൂറോ ചിലവഴിച്ചു കഴിഞ്ഞു. ഇത്ര വലിയ തുക എങ്ങനെ ചെലവഴിക്കാന്‍ കഴിയുന്നു എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ മിഷന്‍ ഡയറക്ടര്‍ ഡോ. സിനാന്‍ പറഞ്ഞതിങ്ങനെയാണ്:

'നോക്കൂ ഈ ലോകം യുദ്ധങ്ങള്‍ക്കായി ചെലവഴിക്കുന്നതെത്ര തുകയാണ്. യുദ്ധമില്ലാത്ത അവസ്ഥയില്‍ പോലും എത്ര പട്ടാളത്തെയാണ് ഈ ലോകം തീറ്റി പോറ്റുന്നത്. ദുരന്തങ്ങളിലും യുദ്ധങ്ങളിലും പട്ടിണിയിലും ദുരിതമനുഭവിക്കുന്ന ജനകോടികളുടേ ദുരിതം നമുക്കൊരിക്കലും കണക്കുകൂട്ടാനാകില്ല. ഇതിനൊക്കെ പകരംവെയ്ക്കാന്‍ വെറും വൊളന്ററിസം കൊണ്ട് (എത്രതന്നെ ആത്മാര്‍ഥതയോടു കൂടിയുള്ളതായാലും) മാത്രം കഴിയില്ല. യുദ്ധമുണ്ടാക്കാന്‍ മനുഷ്യസമൂഹം നടത്തുന്ന മുതല്‍ മുടക്കും ഗവേഷണവും സംഘാടനവും മറ്റും അതിവിപുലമാണ് അതുകൊണ്ട് തന്നെ അതിനേക്കാള്‍ വലിയ സംഘാടനവും മുതല്‍മുടക്കും ഗവേഷണവും ഉണ്ടെങ്കില്‍ മാത്രമെ ഇതിനെയൊക്കെ അതിജീവിക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യാനാകൂ' (ചിത്രങ്ങള്‍: ലേഖകന്‍).

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram