ബാങ്കൂയിയില്‍ - ദുരിതത്തിനും ദുരന്തത്തിനുമിടയില്‍


എഴുത്തും ചിത്രങ്ങളും: ഡോ.സന്തോഷ്‌കുമാര്‍ എസ് എസ്

4 min read
Read later
Print
Share

തോക്കും സിറിഞ്ചും - യുദ്ധമുഖത്ത് ഒരു ഡോക്ടര്‍

ഇന്നു വഴിയില്‍..ഒരാള്‍ വലിച്ചിഴക്കപ്പെട്ടു. പിടയുന്നുണ്ടായിരുന്നയാള്‍. വെടിയേറ്റു മരണത്തിലേക്കുള്ള പിടച്ചില്‍...
ഞാനും നോക്കി നിന്നു..പിടഞ്ഞു തീരുന്നതു വരെ.
ദുരിതത്തിനും ദുരന്തത്തിനുമിടയില്‍
ഇങ്ങനെ കുറേ മനുഷ്യക്കോലങ്ങള്‍.
ഞാനുമതിലൊന്ന്
ഒരു വെടിപ്പാടകലെ പിടഞ്ഞുവീഴാനുള്ളതേയുള്ളൂ.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്താനമായ ബാങ്കൂയിയില്‍ വന്നിറങ്ങുമ്പോള്‍ ഇങ്ങനത്തെ ദൃശ്യങ്ങള്‍ കാണേണ്ടി വരുമെന്ന് കരുതിയില്ല. കലാപങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും പട്ടാപ്പകല്‍ ഒരു മനുഷ്യനെ വലിച്ചിഴച്ച് നടുറോടിലിട്ട് വെടിവെച്ച് തലയില്‍ വലിയ പാറക്കഷണം വച്ചടിക്കുന്ന കാഴ്ച്ചഭീകരം തന്നെയായിരുന്നു.

എന്നെ ഏറെ അലട്ടിയത് ചുറ്റും കൂടിനിന്നവരുടെ നിസംഗതയും ലാഘവത്വവുമാണ്. ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ സ്വന്തം പണികളില്‍ മുഴുകി!

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുമ്പോള്‍ ദിനംപ്രതി ഒട്ടേറെ മരണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. പലപ്പോഴും, ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ എല്ലാവരും പരമാവധി ശ്രമിച്ചാലും മരിച്ചു പോകാറുണ്ട്. നമ്മുടെ റൊഡുകളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലേക്കെത്തിക്കാന്‍ മനുഷ്യകാരുണ്യം ബാക്കിയുള്ള ഒത്തിരിപ്പേര്‍ ഇപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ ഇവിടെ, ഒരു സര്‍ജനായ ഞാന്‍ ഒരു മരണം തുടക്കം മുതല്‍ ഒടുക്കം വരെ നോക്കിനിന്നു. ചുറ്റുമുള്ളവരും നോക്കി നിന്നു. ഇതെന്റെ പരാജയമാണെന്ന് സമ്മതിക്കാതിരിക്കാന്‍ വയ്യ. ആത്യന്തികമായി മനുഷ്യസമൂഹമെന്ന നിലയില്‍ ഒരു പക്ഷെ നമ്മുടെയെല്ലാവരുടേയും പരാജയം തന്നെയായിരുന്നു അത്.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ രക്തച്ചൊരിച്ചില്‍ പുതുമയൊന്നുമല്ല. 1962ല്‍ ഈ രാജ്യം ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നത് മുതല്‍ ഇവിടെ കലാപവും തുടങ്ങിയിരുന്നു. നമ്മുടെ മധ്യപ്രദേശും ഉത്തര്‍പ്രദേശും കൂടി ചേര്‍ന്നാലെത്ര വരുമോ അത്രയുമുള്ള പ്രദേശം. കേവലം 50 ലക്ഷം ജനങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. ഒട്ടേറെ ഭരണാധികാരികള്‍ അധികാരം കൈയാളിയിട്ടുണ്ടെങ്കിലും, അതിലൊരാള്‍ മാത്രമേ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി ആയിരുന്നുള്ളൂ. ബാക്കിയെല്ലാം പട്ടാള മേധാവികളായിരുന്നു. ആയുധത്തിന്റെ ബലത്തില്‍ ഭരണത്തിലെത്തിയവര്‍.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റിനെതിരെ 'സെലിക്ക' എന്ന പേരില്‍ മുസ്ലീംനേതൃത്വത്തിലുള്ള മുന്നണി രംഗത്തെത്തിയതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതുവരെ ഗോത്രങ്ങല്‍ തമ്മിലുണ്ടായിരുന്ന അടിപിടികള്‍ക്ക് മതപരമായ മാനം കൈവന്നു. പഴയ പ്രസിഡണ്ടിനെ പുറത്താക്കി സെലിക്കയുടെ നേതൃത്വത്തിലുള്ള പുതിയ പ്രസിഡന്റ് വന്നു. ദേശീയസൈന്യത്തെ പിരിച്ചുവിട്ട് പുതിയ സൈന്യം തന്നെ സംഘടിപ്പിച്ചു. ഇതിന്റെ മറവില്‍ സുഡാനില്‍ നിന്നും ചാഡില്‍ നിന്നുമുള്ള തീവ്രവാദികളും നുഴഞ്ഞുകയറി. പിന്നെ രാജ്യമെമ്പാടും വംശീയകലാപം പൊടിപൊടിച്ചു. കൊലയും കൊള്ളിവയ്പ്പും പിടിച്ചുപറിയും സെലിക്കയുടെ മറവില്‍ വ്യാപകമായി അരങ്ങേറി. ഭൂരിപക്ഷം വരുന്ന ക്രൈസ്തവരുടെ നേതൃത്വത്തില്‍ 'ആന്റിബലേക്ക' എന്ന തീവ്രവാദി സംഘടന രൂപീകരിക്കപ്പെട്ടു.

ഡിസംബറിലെ കലാപത്തില്‍ രണ്ട് ദിവസം കൊണ്ട് പാര്‍ലമെന്റ് കെട്ടിടത്തിനു മുന്നില്‍ രണ്ടായിരം പേര്‍ മരിച്ചുവീണതോടെ അന്താരാഷ്ട്രസമൂഹം ഇടപെട്ടു. പ്രസിഡന്റ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതുവരെ ബാങ്കൂയിയിലെ മേയര്‍ കാത്തറീന്‍ സാംബ പാന്‍സയാണ് ഇടക്കാല പ്രസിഡന്റ്. ഇപ്പോള്‍ ആര്‍ക്കും അധികാരമില്ലാത്ത അരാജകത്വമാണെവിടെയും.

കലാപം തുടങ്ങിയപ്പോള്‍ അടച്ചുപൂട്ടിയ അമിറ്റി ആസ്പത്രി തുറന്നു പ്രവര്‍ത്തിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. കലാപത്തിന് മുമ്പ് ചൈനീസ് സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിവന്ന ആസ്പത്രിയായിരുന്നു അത്. ഡിസംബര്‍ 14ന് കലാപം തുടങ്ങിയ ദിവസം സെലിക്ക കലാപകാരികള്‍ ആസ്പത്രിക്കകത്ത് തോക്കുമായി കടന്നുകയറി. ചികില്‍സയിലുണ്ടായിരുന്ന ഒട്ടേറെ എതിരാളികളെ ആസ്പത്രിയില്‍ വച്ചുതന്നെ കൊലചെയ്തു. 14 പേര്‍ ആസ്പത്രിയില്‍ മരിച്ചു. അതില്‍ രണ്ടുപേര്‍ ആസ്പത്രി ജീവനക്കാരായിരുന്നു. അതോടെ ആസ്പത്രി അടച്ചുപൂട്ടി.

ആസ്പത്രി അഡ്മിനിസ്‌ട്രേറ്ററെ കണ്ടുപിടിച്ച് ജീവനക്കാരുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും പട്ടികയെടുത്തു. ആസ്പത്രിക്ക് ഐക്യരാഷ്ട്രസഭാ രക്ഷാസേനയുടെ കാവല്‍ ഏര്‍പ്പെടുത്തി. അവരെയെല്ലാം ഫോണില്‍ വിളിച്ച് സംസാരിച്ചതിന് ശേഷം ആസ്പത്രിയില്‍ തന്നെ ഒരു ഒത്തുകൂടല്‍ നടത്തി. നടന്ന സംഭവത്തില്‍ എല്ലാവരും നടുങ്ങിയിരുന്നു. പലരും പൊട്ടികരഞ്ഞു കൊണ്ടാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. ആദ്യമീറ്റിങ്ങില്‍ ജോലി ചെയ്യാന്‍ മുഴുവന്‍ പേരും വിസ്സമ്മതിച്ചു. പതുക്കെ ഏവരും അയഞ്ഞു തുടങ്ങി. മൂന്നാംപ്രാവശ്യം കൂടിയപ്പോള്‍ ബഹുഭൂരിപക്ഷവും ആസ്പത്രിയില്‍ വീണ്ടും ജോലിക്ക് ഹാജരാകാമെന്ന് അറിയിച്ചു. കുറേ ജീവനക്കാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച് ആസ്പത്രി തുറക്കാന്‍ സാധിച്ചു.

ആസ്പത്രി തുറന്ന കാര്യം അറിഞ്ഞതോടെ രോഗികളുടെ പ്രവാഹം തുടങ്ങി. ഞങ്ങളുടെ സ്ഥിതി പരുങ്ങലിലും. അത്യാഹിത വിഭാഗം തുടങ്ങാനായെങ്കിലും ഓപ്പറേഷന്‍ തിയറ്ററും, ലാബും, എക്‌സ്‌റേ വിഭാഗവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. വേണ്ട സാധനങ്ങളൊക്കെ പെട്ടന്ന് തീരുന്നുണ്ടായിരുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ ഉപയോഗിക്കേണ്ട തുണികളൊക്കെ വെള്ളത്തില്‍ കിടന്ന് ഉപയോഗശൂന്യമായിരുന്നു. അനസ്തീഷ്യയ്ക്കുപയോഗിക്കുന്ന മരുന്നുകളും ആസ്പത്രിയില്‍ ഇല്ലായിരുന്നു. ഫാര്‍മസിയിലുണ്ടായിരുന്ന മരുന്നുകള്‍ പെട്ടെന്ന് തീര്‍ന്നു. മരുന്നുകള്‍ സപ്ലൈ ചെയ്തിരുന്ന കമ്പനികള്‍ പൂട്ടി നാടുവിട്ടതു കൊണ്ട് ഒന്നും വാങ്ങിക്കാനും നിവൃത്തിയില്ല. ഇന്ത്യയില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ചാല്‍ സാധനങ്ങളെത്താന്‍ ഏകദേശം മൂന്നാഴ്ച്ച എടുക്കുമെന്ന് ഉറപ്പായി. ഞങ്ങള്‍ വലിയ പ്രതിസന്ധിയിലായി.

ലോകാരോഗ്യ സംഘടനാ പ്രതിനിധികളെ ഉടന്‍ വിവരമറിയിച്ചു. അവരുടെ ഗോഡൗണില്‍നിന്ന് അവശ്യ മരുന്നുകളെല്ലാം രണ്ടുദിവസംകൊണ്ട് എത്തിക്കാന്‍ സാധിച്ചു. ഡിസ്‌പോസിബിള്‍ ഗൗണുകളുപയോഗിച്ച് തുണിയുടെ പ്രശ്‌നം ഒരു പരിധി വരെ പരിഹരിച്ചു. എക്‌സ്‌റേ ഫിലിമുകള്‍ കിട്ടാത്തതിനാല്‍ ഡോക്ടര്‍മാരെല്ലാം എക്‌സ്‌റേ വിഭാഗത്തിലെ ഡിജിറ്റല്‍ മോണിറ്ററില്‍ കാര്യങ്ങള്‍ നോക്കി മനസിലാക്കുന്നു. അത്യാവശ്യമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടക്കുന്നുള്ളൂ. എല്ല് പൊട്ടിയവര്‍ക്കെല്ലാം അടിയന്തര ശുശ്രൂഷ നല്‍കി, പ്ലാസ്റ്ററിട്ട്അഡ്മിറ്റ് ചെയ്ത് ആന്റീബയോട്ടിക്കുകള്‍ നല്‍കിയിരിക്കയാണ്. അടുത്തയാഴ്ച്ചമിക്കവാറും ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ കാക്കുകയേ നിവൃത്തിയുള്ളൂ.

ആസ്പത്രി തുറന്ന് കഴിഞ്ഞപ്പോഴേക്കും സ്ഥിതിഗതികള്‍ വീണ്ടും താറുമാറായി. മുസ്ലീംങ്ങള്‍ കൂട്ടത്തോടെ ചാഡിലേക്കും കാമറൂണിലേക്കും പലായാനം തുടങ്ങി. ആസ്പത്രിക്ക് മുമ്പിലൂടെയാണ് ഹൈവേ. പലായാനം ചെയ്യുന്നവര്‍ക്കെതിരെ ആന്റിബലേക്ക തീവ്രവാദികള്‍ വെടിവെച്ചുകൊണ്ടിരുന്നു.. യു.എന്‍.സൈനികരുടെ അകമ്പടി ഉണ്ടെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല.

രാത്രി മുഴുവന്‍ വെടിയൊച്ച കഴിഞ്ഞ് നേരം പുലരുമ്പോള്‍ റോഡ് നീളെ ജഡങ്ങള്‍. പരിക്കേറ്റവരുമുണ്ട്. ആസ്പത്രി നിറയെ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞു. ക്രിസ്ത്യാനികള്‍ തിങ്ങി പാര്‍ക്കുന്ന ഇടത്ത് ആശുപത്രി നിറയെ മുസ്ലീംരോഗികള്‍. ഏതെങ്കിലും ക്രിസ്ത്യാനിക്ക് പരിക്കേറ്റാല്‍ അവര്‍ ആസ്പത്രിയിലേക്ക് പാഞ്ഞടുക്കുമെന്നും മുസ്ലീങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നും അറിഞ്ഞതോടെ ഞങ്ങളുടെ സ്ഥിതി പരുങ്ങലിലായി. ജീവനക്കാരാണെങ്കില്‍ ജോലിക്ക് ഹാജരാകാന്‍ വിസ്സമ്മതിച്ചു. അങ്ങനെ ജീവനക്കാരില്ലാതെ, വേണ്ടത്ര സാമഗ്രികളില്ലാതെ ജീവന്‍ പണയം വച്ച് ആസ്പത്രി നടത്തേണ്ടി വന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. പല രാത്രികളിലും ആസ്പത്രിയില്‍ തന്നെ നില്‍ക്കേണ്ടി വന്നു. നിരവധി തവണ ആസ്പത്രിക്ക് നേരെ വെടിവെപ്പും ഉണ്ടായി.

ആസ്പത്രി വീണ്ടും അടച്ച് പൂട്ടേണ്ട സ്ഥിതിയിലെത്തിയപ്പോള്‍ എല്ലാവരും വീണ്ടും ചര്‍ച്ചക്ക് തയ്യാറായി. ആര്‍ക്ക് പരിക്കേറ്റാലും ചികില്‍സിക്കേണ്ട സ്ഥലമായതുകൊണ്ട്, ആസ്പത്രിയില്‍ ആയുധങ്ങളോടേ കയറുകയില്ലെന്നും, ആസ്പത്രിക്ക് നേരെ വെടിവക്കില്ലെന്നും എല്ലാവരും ധാരണയിലെത്തി.

ആസ്പത്രിയിലായാലും, വൈകിട്ട് ഹോട്ടലിലെത്തിയാലും അന്തരീക്ഷം എപ്പോഴും വെടിയൊച്ചയാല്‍ മുഖരിതം തന്നെ. ദിവസവും രാവിലെ 15 മുതല്‍ 20 പേര്‍ വരെ കൊല്ലപ്പട്ടതായി വാര്‍ത്ത. ആസ്പത്രിയിലേക്കു രാവിലെ പോകുമ്പോള്‍വഴിയില്‍ മൃതദേഹങ്ങള്‍ കാണുന്നത് സാധാരണം. ഒരു ദിവസം മരിച്ചതില്‍ ഒരു പാര്‍ലമെന്റ് സാമാജികനുമുണ്ടായിരുന്നു. അദ്ദേഹം മൂന്ന് ദിവസം മുമ്പ് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പ്രസംഗിച്ചിരുന്നു.

ബുറുണ്ടിയിലെ 1993 മുതല്‍ 10 വര്‍ഷം നീണ്ട വംശീയ കലാപത്തില്‍ മുഴുവന്‍ സമയം സേവനം നടത്തിയ ഡോ.ഡിവിന്‍ ഇങ്ങനെയാണു പറഞ്ഞത്:
വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലും. അങ്ങനെ ജീവനില്‍ കൊതിയുള്ളവര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയില്ല. ഇഷ്ടംപോലെ കൊല്ലാനുള്ള സമ്മതി അങ്ങനെയാണ് നിര്‍മിക്കപ്പെടുക. പിന്നെ അവര്‍ ഇഷ്ടംപോലെ കൊന്ന് തുടങ്ങും. അവസാനം എല്ലാവര്‍ക്കും മടുക്കും. മടുക്കുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. അങ്ങനെയാണ് കലാപങ്ങള്‍ കെട്ടടങ്ങുന്നത്. ഒരുപക്ഷെ ഒരാളെ പഠിപ്പിക്കാന്‍ എളുപ്പമായിരിക്കും. പക്ഷെ ഒരു സമൂഹത്തെ പഠിപ്പിക്കാന്‍ പലപ്പോഴും നിരവധി മനുഷ്യര്‍ മരിക്കേണ്ടി വരും. അങ്ങനെ നിരവധി മരണങ്ങളുടെ പട്ടടയില്‍ നിന്നാണ് പുതിയ ഒരു സമൂഹം ഉയിര്‍ത്തെണീക്കുന്നത്.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. 2013 ഫിബ്രവരിയില്‍ ബാങ്കൂയിയില്‍ എത്തിയ ലേഖകന്‍ ആ കലാപഭൂമിയില്‍ രണ്ടുമാസം സേവനമനുഷ്ഠിച്ചു. ലേഖകന്റെ ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram