വിമാനത്തില്‍നിന്ന് ഇറക്കി വിട്ടു; നഷ്ടപരിഹാരം 10 ലക്ഷം


ജി. ഷഹീദ്

1 min read
Read later
Print
Share

നിയമവേദി

ഭിന്നശേഷിയുള്ള ഒരു യാത്രക്കാരിയെ വിമാനത്തില്‍നിന്ന് നിയമവിരുദ്ധമായി ഇറക്കിവിട്ട നടപടിയെ സുപ്രീം കോടതി ശക്തമായ ഭാഷയില്‍ അപലപിച്ചു. യാത്രക്കാരിയായ ജീജ ഘോഷിന് സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തക കൂടിയാണ് ജീജ ഘോഷ്. ഗോവയില്‍ ഒരു അന്തര്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ 2012 ഫിബ്രവരി 20 ന് കൊല്‍ക്കത്തയില്‍നിന്ന് ഗോവയിലേക്ക് വിമാനം കയറി. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് മുമ്പ് താഴെയിറങ്ങണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. തന്നോട് ക്രൂരമായിട്ടാണ് വിമാന കമ്പനി അധികൃതര്‍ പെരുമാറിയതെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും ആരോപിച്ചു കൊണ്ടാണ് ജീജ ഘോഷ് സുപ്രീം കോടതിയെ സമീപിച്ചത്.

വിമാനത്തില്‍ കയറിയ സമയത്ത് അവരുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും യാത്ര ചെയ്യുക അവരുടെ ആരോഗ്യസ്ഥിതി അപകടപ്പെടുത്തുമെന്നുമായിരുന്നു വിമാന കമ്പനിയുടെ നിലപാട്. എന്നാല്‍ സുപ്രീം കോടതി അതിനോട് യോജിച്ചില്ല. നിലവിലുള്ള ചട്ടങ്ങളും മറ്റും ലംഘിച്ചുകൊണ്ട് തികച്ചും സ്വേച്ഛാപരമായ രീതിയിലാണ് അവരെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വിമാന കമ്പനിയുടെ നടപടി കടുത്ത മാനസികാഘാതം അവരില്‍ സൃഷ്ടിച്ചുവെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അതിനാല്‍ അവര്‍ അനുഭവിക്കേണ്ടി വന്നുവെന്നും കോടതി പറഞ്ഞു.

ജീജ ഘോഷിന്റെ അന്തസ്സും ഭരണഘടന അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളും വിമാന കമ്പനി പാടേ ലംഘിച്ചുവെന്നും സുപ്രീം കോടതി പറഞ്ഞു. ന്യായീകരിക്കാന്‍ കഴിയാത്ത വിവേചനം അനുഭവിക്കേണ്ടി വന്നതിനാലാണ് 10 ലക്ഷത്തിന്റെ നഷ്ടപരിഹാരം അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു.

വിമാന യാത്രക്കാരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാന്‍ നിലവിലുള്ള അന്തര്‍ദേശീയ ഉടമ്പടികള്‍ കൂടി ലംഘിക്കുന്നതാണ് നടപടിയെന്നും കോടതി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപടികള്‍ നിലവിലുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram