*ദേശീയ ഗാനം പഠിപ്പിച്ച മദ്രസ അധ്യാപകന്‍ സ്‌ക്കൂളില്‍ കയറാന്‍ കഴിയാത്ത അവസ്ഥയില്‍
കൊല്‍ക്കത്ത: കുട്ടികളെ ദേശീയ ഗാനം പഠിപ്പിച്ച മദ്രസ അധ്യാപകന് മര്‍ദനവും ഒറ്റപ്പെടുത്തലും. ദേശീയ ഗാനത്തിന്റെ രചയിതാവായ രബീന്ദ്രനാഥ് ടാഗോറിന്റെ നാടായ ബംഗാളിലാണ് ഒരു അധ്യാപകന്‍ ഈ ദുര്‍വിധി നേരിടുന്നത്.
ദേശീയ ഗാനം ആലപിക്കാന്‍ കുട്ടികളെ പഠിപ്പിച്ചതിന് തുല്‍പുക്കര്‍ അര ഹൈ മദ്രസയിലെ അധ്യാപകന്‍ കാസിമാസ് അക്തറിനെ ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം തനിക്ക് മദ്രസയില്‍ കയറാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും തന്നെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ട് അക്തര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടു.
മുസ്ലീം പഠനകേന്ദ്രമായ മദ്രസയില്‍ ഹിന്ദുക്കളുടെ ഗാനം ചൊല്ലുന്നതും ദേശീയ പതാക ഉയര്‍ത്തുന്നതും ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് അക്തറിനെ അക്രമകാരികള്‍ മര്‍ദിച്ചത്. യാഥാസ്ഥിക മുസ്ലീം വേഷം ധരിച്ച് താടി വളര്‍ത്തി വരണമെന്ന് അക്തറിനോട് ഇവര്‍ നിഷ്‌ക്കര്‍ഷിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷവും അക്തര്‍ സമാനമായ ആക്രമണത്തിന് ഇരയായിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുണ്ടായില്ലെന്ന് അക്തര്‍ പറഞ്ഞു. അക്തറിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ അംഗീകൃത മദ്രസയിലെ മതപണ്ഡിതര്‍ ഐ.എസ് മനോഭാവമുള്ളവരാണെന്നും ആരോപണമുയരുന്നുണ്ട്.