കൊച്ചി മെട്രോ ചെലവ് ചുരുക്കണം-ശ്രീധരന്‍


3 min read
Read later
Print
Share

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17 മുതല്‍ ഈ വര്‍ഷം ജൂണ്‍ 17 വരെ കൊച്ചി മെട്രോയ്ക്ക് 1.30 കോടി യാത്രക്കാര്‍. 42 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി മെട്രോയില്‍ നിന്ന് ലഭിച്ചതെന്നും കെ.എം.ആര്‍.എല്‍. അറിയിച്ചു.

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇ. ശ്രീധരന്‍. കൊച്ചി മെട്രോയുടെ പ്രവര്‍ത്തന നഷ്ടം കുറയ്ക്കാന്‍ കടുത്ത സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കൂടണമെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൊച്ചിയില്‍ അത്യാവശ്യമാണ്. വൈദ്യുതി ഉപയോഗത്തിലും ശ്രദ്ധ വേണം. വൈദ്യുതി ബില്‍ ക്രമാതീതമാകരുത്. ലാഭിക്കുന്ന ഓരോ രൂപയും ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണെന്നത് ഓര്‍മിക്കണം. മെട്രോയെന്നത് പൊതു ഗതാഗത സംവിധാനമാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാകണം ടിക്കറ്റ് നിരക്ക്. ആകര്‍ഷകമായ നിരക്കാണെങ്കില്‍ കൂടുതല്‍ പേര്‍ മെട്രോയില്‍ യാത്ര ചെയ്യുമെന്നും ശ്രീധരന്‍ പറഞ്ഞു.

നാലുവര്‍ഷം കൊണ്ട് 18 കിലോമീറ്റര്‍ ദൂരം മെട്രോ യാഥാര്‍ത്ഥ്യമാക്കാനായത് അഭിമാനിക്കാവുന്ന നേട്ടമാണ്. കൊച്ചിയുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയതില്‍ ഡി.എം.ആര്‍.സി.ക്കും കെ.എം.ആര്‍.എല്ലിനും അഭിമാനിക്കാം - അദ്ദേഹം പറഞ്ഞു.

മെട്രോയ്ക്ക് 1.30 കോടി യാത്രക്കാര്‍

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17 മുതല്‍ ഈ വര്‍ഷം ജൂണ്‍ 17 വരെ കൊച്ചി മെട്രോയ്ക്ക് 1.30 കോടി യാത്രക്കാര്‍. 42 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി മെട്രോയില്‍ നിന്ന് ലഭിച്ചതെന്നും കെ.എം.ആര്‍.എല്‍. അറിയിച്ചു.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവ് കൂടിയായ ഇ. ശ്രീധരന്‍ 'മാതൃഭൂമി'യോട് സംസാരിക്കുന്നു

ശ്രദ്ധ വേണം ടിക്കറ്റിതര വരുമാനത്തില്‍

ഏതൊരു മെട്രോയെ സംബന്ധിച്ചും വരുമാനമെന്നത് പ്രധാനമാണ്. ഇതിന് ടിക്കറ്റിതര വരുമാനത്തില്‍ ശ്രദ്ധിക്കണം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ഇതിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവ നടപ്പാക്കണം. മെട്രോയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തിലേക്കും ബോട്ടുജെട്ടിയിലേക്കും ഹൈക്കോടതിയിലേക്കുമെല്ലാം യാത്ര എളുപ്പമാക്കണം.

തിരക്ക് കൂടും, പതിയെ

യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി ഒട്ടും പിറകിലല്ല. ദിവസം ശരാശരി 30,000 പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. 18 കിലോമീറ്റര്‍ ദൂരം മാത്രമുള്ള മെട്രോയില്‍ ഇത്രയും പേര്‍ യാത്ര ചെയ്യുന്നുവെന്നത് നേട്ടം തന്നെയാണ്. മെട്രോയിലെ യാത്രക്കാരുടെ എണ്ണം പതിയെ കൂടും. റൂട്ട് പൂര്‍ണമാകാതെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല.
പുത്തന്‍ സാങ്കേതികത പലതും കൊച്ചി മെട്രോയില്‍ നടപ്പാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെട്രോകളില്‍ ഒന്നാണ് കൊച്ചിയിലേത്.

പേട്ടയിലേക്ക് ഭൂമി കിട്ടിയിട്ടില്ല

തൈക്കൂടം മുതല്‍ പേട്ട വരെയുള്ള മെട്രോ നിര്‍മാണത്തിന് ഇനിയും ഭൂമി പൂര്‍ണമായും കിട്ടിയിട്ടില്ല. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെ അടുത്ത വര്‍ഷം ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാകും.

വൈറ്റിലയിലും കുണ്ടന്നൂരും മുന്നൊരുക്കമുണ്ടായില്ല

വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങിയത് കൃത്യമായ മുന്നൊരുക്കമില്ലാതെയാണ്. ഈ മേഖലയില്‍ ഇപ്പോഴുള്ള ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണം ഈ ദീര്‍ഘവീക്ഷണമില്ലായ്മയാണ്.

ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ നടപടികള്‍ മേല്‍പ്പാല നിര്‍മാണം തുടങ്ങുന്നതിനു മുന്‍പ് ചെയ്യേണ്ടതായിരുന്നു. ഇത്തരത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനമൊന്നും വൈറ്റിലയിലും കുണ്ടന്നൂരുമുണ്ടായില്ല. പാലം നിര്‍മാണം കഴിയുന്നതുവരെ ജനം ഈ ഗതാഗതക്കുരുക്ക് സഹിക്കേണ്ടി വരും. മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാലും നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. ദേശീയപാതയിലൂടെയുള്ള വാഹന നീക്കം സുഗമമാക്കാനേ മേല്‍പ്പാലങ്ങള്‍ ഗുണം ചെയ്യൂ.

ഏറെ പ്രിയം ഡല്‍ഹിയോട്

ഒട്ടേറെ മെട്രോകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത് ഡല്‍ഹി മെട്രോ തന്നെയാണ്. രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന ഡല്‍ഹി മെട്രോയില്‍ ഒരു ദിവസം 30 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.

കൊതുകിനും വെള്ളക്കെട്ടിനും പരിഹാരം

കൊച്ചിയിലെ വെള്ളക്കെട്ടിനും കൊതുക് പ്രശ്‌നത്തിനും താമസിയാതെ പരിഹാരമാകും. ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസിന്റെ (എഫ്.ആര്‍.എന്‍.വി.) നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍. കൊച്ചിയിലെ ജനജീവിതം സുഗമമാക്കാനാണ് നഗരസഭയുമായി സഹകരിക്കുന്നത്.

ഭാവി തലമുറയെ മൂല്യബോധമുള്ളവരായി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എഫ്.ആര്‍.എന്‍.വി. രൂപവത്കരിച്ചത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മികവ് കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കാമ്പസുകളിലെ അക്കാദമിക് അന്തരീക്ഷവും മെച്ചപ്പെടുത്തണം. നടപ്പ് അധ്യയന വര്‍ഷം മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

content highlights: Kochi Metro should reduce rate says E Sreedharan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram