കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് വിവാദങ്ങലില്ലാതെ കുറച്ചുകൂടി ഭംഗിയായി നടത്തേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
"കൊച്ചി മെട്രോ ഞങ്ങളുടേതു കൂടിയാണ്. ആഹ്ലാദകരമായ സന്ദര്‍ഭത്തില്‍ കല്ലുകടി ഉണ്ടായതില്‍ വേദനയുണ്ട്. ഏതായാലും ക്ഷണിച്ചാലും ഇല്ലെങ്കിലും ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കില്ല.
മറ്റെന്തു ചെയ്യണമെന്ന് വ്യാഴാഴ്ച കൊച്ചിയില്‍ ഡിസിസി വിളിച്ചിട്ടുള്ള എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിക്കും," രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെപ്പറ്റി അറിയില്ലെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. ക്ഷണക്കത്തില്‍ പേരില്ലാത്ത കാര്യം അറിയില്ല.
ക്ഷണക്കത്തില്‍ പേരു വയ്ക്കാത്തതില്‍ പരാതിയുമില്ലെന്ന് ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'മെട്രോ മാന്‍' എന്നു വിളിക്കപ്പെടുന്ന ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.