വീട് രണ്ടുദിവസം ഒന്നു പൊടിതട്ടാന്‍ വൈകിയാല്‍ അപ്പോഴേക്കും ചിലന്തി വല കെട്ടുമെന്നു പരാതിപ്പെടുന്നവരുണ്ട്. വീട്ടിലെ ചിലന്തികളുടെ കാര്യത്തില്‍ ഒരു നിയന്ത്രണം വച്ചാലോ? കെമിക്കലുകളുടെ സഹായമില്ലാതെ ചില പൊടിക്കൈകളിലൂടെ വീട്ടില്‍ നിന്നും ചിലന്തിയെ തുരത്താവുന്നതാണ്. അതെങ്ങനെയെന്നാണ് താഴെ നല്‍കിയിരിക്കുന്നത്.
വിനാഗിരി
അച്ചാര്‍ ഉണ്ടാക്കാനോ മത്സ്യമാംസങ്ങള്‍ വൃത്തിയാക്കാനോ മാത്രമല്ല ചിലന്തിയെ തുരത്താനും ബെസ്റ്റാണ് വിനാഗിരി. വിനാഗിരിയിലെ അസിറ്റിക് ആസിഡ് കാരണം ഉണ്ടാകുന്ന മണവും പുളിയും ചിലന്തികളെ അസ്വസ്ഥപ്പെടുത്തുന്നവയാണ്. ഒരു കുപ്പിയില്‍ വിനാഗിരിയും വെള്ളവും സമാസമം ചേര്‍ത്ത് ചിലന്തിവലയുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യാം. അടുക്കളയിലും പ്രാണികള്‍ കടന്നുവരുന്ന ജനല്‍, വാതില്‍, വെന്റിലേഷന്‍ എന്നീ ഭാഗങ്ങളിലുമൊക്കെ സ്‌പ്രേ ചെയ്യാം.
പുതിനയില
പ്രാണികളെ തുരത്തുന്നതില്‍ മുമ്പിലാണ് പുതിനയിലയുടെ സ്ഥാനം. ഉണങ്ങിയ പുതിനയില ചതച്ച് വെള്ളം ചേര്‍ത്ത് ചിലന്തി വരാനിടയുള്ള ഭാഗങ്ങളില്‍ തളിക്കാം. പുതിനയില ചേര്‍ത്തുള്ള എസന്‍ഷ്യല്‍ ഓയില്‍ വെളളവുമായി ചേര്‍ത്തും ഇപ്രകാരം ചെയ്യാം.
പൊടി ഇല്ലാത്ത വീട്
പൊടിപടലങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ചിലന്തിയുടെ സാന്നിധ്യവും കുറവായിരിക്കും. കഴിയാവുന്നതും വീട് പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അപ്പപ്പോള്‍ വൃത്തിയാക്കുക. ചിലന്തിവല കാണുമ്പോള്‍ തന്നെ അവ ഇല്ലാതാക്കുക, അല്ലാത്തപക്ഷം ചിലപ്പോള്‍ അവയില്‍ മുട്ട ഉണ്ടാകാനും പെരുകാനും സാധ്യതയുണ്ട്.
ഓറഞ്ച് ചില്ലറക്കാരനല്ല
കേള്‍ക്കുമ്പോള്‍ വിശ്വസനീയമല്ലെങ്കിലും ചിലന്തി പോലുള്ള പ്രാണികളെ തുരത്തുന്നതില്‍ മുമ്പിലാണ് സിട്രസ് ഫ്രൂട്ടായ ഓറഞ്ച്. ഓറഞ്ചിന്റെ തൊലിയെടുത്ത് ഇവ വരാനിടയുള്ള ഭാഗങ്ങളില്‍ വിതറാം. വാതിലിന്റെ ഭാഗത്തോ ജനലിലോ ഒക്കെ വെക്കുന്നതാണ് നല്ലത്, ഇരുപത്തിനാലു മണിക്കൂറോളം ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കും.
Content Highlights: ways to keep spiders out of your house