പുകയും പൊടിയുമൊക്കെ നിറഞ്ഞ അന്തരീക്ഷം നാള്‍ക്കുനാള്‍ മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വീടിനു പുറത്തുള്ള വായുമലിനീകരണത്തേക്കാള്‍ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുറത്തുള്ള വായു ശുദ്ധീകരിക്കുന്നതെങ്ങനെ എന്ന് ആലോചിക്കുന്നതിനൊപ്പം തന്നെ അകത്തളത്തില്‍ നിന്നും തുടങ്ങേണ്ടതുണ്ട്. വീട്ടിനുള്ളിലെ മലിനീകരണം ഇല്ലാതാക്കാനുള്ള ചില വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.
വെന്റിലേഷന്‍
വെന്റിലേഷന്‍ വേണ്ടവിധത്തിലല്ലാത്തതാണ് മിക്ക വീടുകളിലെയും വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വീട്ടിനുള്ളിലെ അശുദ്ധവായുവിനെ പുറംതള്ളി ശുദ്ധവായു നിലനിര്‍ത്താന്‍ വായുസഞ്ചാര മാര്‍ഗത്തിനായി ധാരാളം വഴികള്‍ കണ്ടെത്തുകയേ മാര്‍ഗമുള്ളു. അധികം തണുപ്പോ ചൂടോ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നിടാം.
പുക ഒഴിവാക്കാം
വീട്ടിനുള്ളില്‍ അശുദ്ധവായു നിലനിര്‍ത്തുന്നതില്‍ ഏറിയ പങ്ക് പുകയ്ക്കാണ്. വീട്ടിനുള്ളില്‍ പുക സൃഷ്ടിക്കുന്ന സാധനങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
കാര്‍പെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍
അകത്തളത്തില്‍ കാര്‍പെറ്റ് ഇടുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്ന കാര്‍പെറ്റുകള്‍ ആസ്ത്മ, അലര്‍ജി പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
എക്‌സോസ്റ്റ് ഫാന്‍
വീട്ടില്‍ ഈര്‍പ്പം നിറഞ്ഞ വായു നില നില്‍ക്കുന്നയിടങ്ങളാണ് അടുക്കളയും ബാത്‌റൂമും. ഇത് അകത്തളത്തിലെ ഫംഗസ് വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഇവ ഒഴിവാക്കാന്‍ അടുക്കളയിലും ബാത്‌റൂമിലും എക്‌സോസ്റ്റ് വെക്കുന്നത് നല്ലതാണ്.
വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുമ്പോള്‍
വീട്ടില്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വായു മലിനീകരിക്കപ്പെടാനിടയുണ്ട്. വളര്‍ത്തുമൃഗങ്ങളെ വൃത്തിയോടെ പരിപാലിക്കുകയും ബെഡ്‌റൂമിലോ അടുക്കളയിലോ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കുക.
എയര്‍ഫ്രഷ്‌നറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍
വീട്ടിനുള്ളില്‍ ഊഷ്മളമായ ഗന്ധം പരത്താന്‍ എയര്‍ഫ്രഷ്‌നറുകളും സുഗന്ധമുള്ള മെഴുകുതിരികളുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഇതും വായു മലിനീകരണത്തിന് ഇടയാക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
കെമിക്കലുകള്‍ സുരക്ഷിതമായി ഉപയോഗിക്കാം
വീട്ടിനുള്ളില്‍ കെമിക്കലുകള്‍ അതീവശ്രദ്ധയോടെ സൂക്ഷിക്കുക. അകത്തളം വൃത്തിയാക്കാനായി എപ്പോഴും വിപണിയില്‍ നിന്നു വാങ്ങുന്നവ ഉപയോഗിക്കുന്നതിനു പകരം ചിലപ്പോഴെല്ലാം വെള്ളവും വിനാഗിരിയും മിക്‌സ് ചെയ്ത് ഉപയോഗിക്കാം.
Content Highlights: Tips to reduce indoor air pollution