ഒരു വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് പെയിന്റിനുള്ളത്. ചില പെയിന്റുകള്‍ പൂശിയ വീടുകള്‍ കാണുമ്പോള്‍ ഇതെങ്ങനെ ഇത്ര മനോഹരമാക്കാന്‍ കഴിഞ്ഞുവെന്നു തോന്നും. ചില വീടുകളാകട്ടെ നിറങ്ങള്‍ കൊണ്ടൊരു ഘോഷയാത്ര നടത്തി വീടിന്റെ സ്വാഭാവിക ഭംഗി തന്നെ നഷ്ടപ്പെടുത്തിക്കളയും. പെയിന്റ് പൂശാന്‍ തീരുമാനിക്കുന്നതിനു മുമ്പുതന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇനി നിങ്ങളുടെ വീട് കാണുമ്പോഴും എന്തൊരു ഭംഗി എന്നു പറയും.
നിറം പ്രധാനം
ഏതു നിറത്തിലുള്ള പെയിന്റ് ആണ് തിരഞ്ഞെടുക്കേണ്ടതെന്ന് ആദ്യം തന്നെ തീരുമാനിച്ചിരിക്കണം. ഇഷ്ടമുള്ള നിറം പലപ്പോഴും മുറികളില്‍ ചേരണമെന്നില്ല. ഇനി ഇഷ്ടപ്പെട്ട നിറം എവിടെയെങ്കിലും പൂശിയേ തീരൂ എന്നാണെങ്കില്‍ ഒരു ചുവര്‍ മാത്രം ഹൈലൈറ് ചെയ്തോ മറ്റോ ഉപയോഗിക്കാം. കിടപ്പുമുറികളില്‍ എപ്പോഴും വളരെ കുളിര്‍മയുള്ള നിറങ്ങള്‍ നല്‍കുന്നതാണ് ഉചിതം.
ചെലവ് സൂക്ഷിക്കാം
പെയിന്റിങ്ങിന് വരുന്ന ചെലവ് മറ്റൊരു പ്രധാന കാര്യമാണ്. നാട്ടിലുള്ള പെയിന്റര്‍മാരെ ഏല്‍പ്പിക്കുന്നത് സാമ്പത്തികമായി ഗുണം ചെയ്യും. പല പ്രമുഖ പെയിന്റ് കമ്പനികളും വീടിന്റെ വിസ്തീര്‍ണവും മറ്റും നല്‍കിയാല്‍ തുക കണക്ക് കൂട്ടി തരാറുണ്ട്. അത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
ആരോഗ്യത്തിനും കരുതല്‍
പെയിന്റില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകളും (വോള്‍ട്ടൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ടസ് അല്ലെങ്കില്‍ വി.ഓ.സി ) മറ്റും അന്തരീക്ഷ വായു മലിനമാക്കും. മാത്രമല്ല ആസ്ത്മ, മനംപിരട്ടല്‍, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ പലരിലും പെയിന്റിങ്ങിന് ശേഷം കണ്ടുവരാറുമുണ്ട്. അതിനാല്‍ കുറവ് വി.ഓ.സി ഉള്ള പെയിന്റ് വാങ്ങാന്‍ ശ്രദ്ധിക്കുക. കാശ് കുറച്ച് കൂടുതലാകുമെങ്കിലും ആരോഗ്യപരമായി നല്ലത് അതാണ്. മുറികളില്‍ നല്ലപോലെ വായുസഞ്ചാരം ഉറപ്പ് വരുത്തണം. പെയിന്റിങ്ങിന് കഴിഞ്ഞ് ആ മണമെല്ലാം പോയതിന് ശേഷം മുറികള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
സമയം ലാഭിക്കാം
ചെലവും സമയവും ലാഭിക്കാന്‍ പെയിന്റ് ചെയ്യുന്ന ക്രമം ശ്രദ്ധിച്ചാല്‍ മതി. ആദ്യം മുകള്‍ത്തട്ട്, പിന്നെ ചുമർ ഏറ്റവും ഒടുവില്‍ വാതിലുകളും ജനലുകളും എന്ന രീതിയില്‍ വേണം പെയിന്റ് ചെയ്യാന്‍.
പെയിന്റിങ് കഴിഞ്ഞാല്‍
കഴുകാന്‍ സാധിക്കുന്ന പെയിന്റ് ആണെങ്കില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ സോപ്പ് ലായനി വച്ച് കഴുകി കൊടുക്കുന്നത് ഈട് വര്‍ധിപ്പിക്കും. കറകള്‍ വീണിട്ടുണ്ടെങ്കില്‍ അവ ഉണങ്ങിപ്പിടിക്കുന്നതിന് മുന്‍പ് വൃത്തിയാക്കണം. വെള്ളത്തിന്റെ ലീക്കേജോ മറ്റോ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. സൂര്യ പ്രകാശമേല്‍കുന്ന ഭാഗത്തെ ഇനാമല്‍ പെയിന്റും വാതിലുകളിലെയും ജനാലകളിലെയും പെയിന്റും പെട്ടെന്ന് മങ്ങും. മര ഉരുപ്പടി ആണെങ്കില്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ വാര്‍ണിഷ് അടിച്ചു കൊടുക്കാം.
Content Highlights: Tips to Know Before Painting House