മഴ പെയ്യുന്നുണ്ടെങ്കിലും അല്‍പമൊന്നു വെയിലുദിച്ചാല്‍ അപ്പോള്‍ ചൂട് തുടങ്ങും എന്നു പരാതിപ്പെടുന്നവരാണ് കൂടുതലും. ചൂടകറ്റാന്‍ ഫാനോ,എ.സിയോ ഇല്ലാതെ വയ്യെന്നു ചിന്തിക്കുന്നവരുമുണ്ട്. സത്യത്തില്‍ വീടിനകത്തളത്തില്‍ അല്‍പം മാറ്റങ്ങള്‍ ചെയ്താല്‍ മാത്രം മതി ചൂട് പമ്പ കടക്കാന്‍.
വീട്ടിനുള്ളില്‍ സാധിക്കാവുന്ന ഇടത്തെല്ലാം ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ വച്ചവരാകും ഏറെയും. ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മേശയും കസേരകളും എല്ലാം കൂടുതല്‍ നന്നായി അടുക്കി വയ്ക്കാമെന്നും അത്രയ്ക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ ഉണ്ടെന്നും മനസ്സിലാക്കാം. മുറിക്കകത്ത് വായു സഞ്ചാരം വര്‍ധിച്ചാല്‍ അത് താപനില ഗണ്യമായി കുറയ്ക്കും.
അടുത്തത് അല്‍പം ശുചീകരണമാണ്. അത് ചുമ്മാ മുറിക്കകത്തെ പൊടി തൂത്തുകളയലല്ല. തല ഉയര്‍ത്തി ഫാനിലേക്ക് നോക്കൂ, അല്ലെങ്കില്‍ എ.സി. ഒന്ന് തുറന്ന് നോക്കൂ. രണ്ടിലും കാണാം പൊടിയുടെ കൂമ്പാരം. അവ രണ്ടും വൃത്തിയാക്കിയെടുത്താല്‍ കൂടുതല്‍ നന്നായി ഇവ പ്രവര്‍ത്തിക്കും. മുറിക്കകത്ത് തണുപ്പും ലഭിക്കും.
വീട്ടുമുറ്റത്തിരിക്കുന്ന ചെടികളും മറ്റും നന്നായി പരിപാലിക്കുന്നവരാകുമല്ലോ എല്ലാവരും. അവ ഇനി അല്‍പമൊന്ന് സ്ഥാനം മാറ്റി നോക്കാം. മുറ്റത്തു നിന്ന് മാറ്റി വീട്ടിനകത്തേക്ക് വായുസഞ്ചാരം സാധ്യമാകുന്ന ഭാഗങ്ങളോടു ചേര്‍ന്ന്, വീടിന് പുറത്ത് ഇവ വയ്ക്കാമോയെന്ന് നോക്കൂ. വായുസഞ്ചാരം ഒട്ടും തടസ്സപ്പെടാത്ത വിധത്തിലായാല്‍ നല്ലത്. ഇങ്ങിനെ വന്നാല്‍ മുറിയിലേക്ക് വരുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയും. അത് ചൂട് കുറയ്ക്കാന്‍ സഹായിക്കും.
'ക്രോസ് വെന്റിലേഷനു'കള്‍ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കുന്നതും നല്ലതാണ്. മുറിക്കകത്തേക്ക് ഒരു ഭാഗത്തു നിന്ന് വരുന്ന വായു അടുത്ത ജാലകം വഴി പുറത്തേക്ക് പോകും. മുറിക്കകത്ത് ചൂട് കൂടിയ വായു പുറന്തള്ളുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കര്‍ട്ടനുകളിലും ഏറെയുണ്ട് ശ്രദ്ധിക്കാന്‍. കട്ടി കൂടിയ കര്‍ട്ടനുകള്‍ ഉപയോഗിച്ചാണ് ജനലുകള്‍ അലങ്കരിച്ചതെങ്കില്‍ ചൂട് കൂടുന്ന സമയങ്ങളില്‍ കട്ടി കുറഞ്ഞവ സ്വീകരിക്കണം. ഇതും വായു തടസ്സമില്ലാതെ അകത്തേക്ക് കയറാന്‍ സഹായിക്കും. പകല്‍ സമയത്ത് ഇവ പരമാവധി തുറന്നു വയ്ക്കാന്‍ ശ്രദ്ധിക്കുക.
ഫാനും എ.സി.യും ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. 'അവന്‍' പോലുള്ള ഉപകരണങ്ങള്‍ പുറന്തള്ളുന്ന ചൂട് അടുക്കളയില്‍ നിന്ന് മറ്റ് മുറികളിലേക്കെത്തും. അത് താപനില കൂടുതല്‍ ഉയര്‍ത്തും.
ചൂട് മുറിക്കകത്തേക്ക് ശക്തമായി വരുന്ന ജാലകങ്ങളെയാണ് ഇനി ശ്രദ്ധിക്കേണ്ടത്. വീടിന്റെ പിറകുവശത്തോ, വശങ്ങളിലോ ഒരു തടസ്സവുമില്ലാതെ മുറിയിലേക്ക് സൂര്യതാപം നേരിട്ട് എത്തുന്ന ജാലകങ്ങള്‍ കാണാം. ഇവിടെ 'ബാംബൂ ഷട്ടറു'കള്‍ ഉപയോഗിച്ചാല്‍ മുറിക്കകത്ത് ചൂട് എത്തുന്നത് പരമാവധി കുറയ്ക്കാം. സാധിക്കുമെങ്കില്‍ വീടിന് 'ഫാള്‍സ് സീലിങ്' നല്‍കുന്നതും ചൂടില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും.
Content Highlights: Tips To Keep Your Home Cool