എത്ര മരുന്നു കഴിച്ചിട്ടും തുമ്മലും ചുമയും മാറുന്നില്ലെന്ന് പരാതിപ്പെടുന്നവരാണോ നിങ്ങള്‍? ചികിത്സ കൊണ്ടു മാത്രം കാര്യമില്ല, വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം കൂടി ഉണ്ടായേ തീരൂ. എത്രയൊക്കെ വൃത്തിയാക്കിയാലും അകത്തളം പൊടിമയമാണെന്നു തോന്നുവെങ്കില്‍ നിങ്ങള്‍ വൃത്തിയാക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങളിലൂടെ പൊടിയെ പമ്പ കടത്താം.
* പൊടി അടിഞ്ഞ് കൂടാന്‍ സാധ്യത ഉള്ള വസ്തുക്കള്‍ പരമാവധി കുറയ്ക്കുക. ഉദാഹരണത്തിന് ചവിട്ടികള്‍, അനാവശ്യ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ എണ്ണം കുറയ്ക്കാം.
* മാസത്തില്‍ ഒരിക്കലെങ്കിലും മുറികളിലെ എല്ലാ സാധനങ്ങളും പുറത്തിറക്കി വച്ച് തറ നന്നായി കഴുകാന്‍ ശ്രമിക്കുക.
* അലമാരയും ഇതുപോലെ എല്ലാ വസ്തുക്കളും പുറത്തിറക്കി വച്ച് നല്ല പോലെ തുടച്ച് വൃത്തിയാക്കുക
* ചുവരില്‍ അലങ്കാരത്തിന് തൂക്കിയിട്ടിരിക്കുന്ന കാര്‍പ്പറ്റുകള്‍, റഗ്‌സ് തുടങ്ങിയവ ആവശ്യമില്ലെങ്കില്‍ എടുത്തു മാറ്റം. അല്ലെങ്കില്‍ ഇടക്കിടയ്ക്ക് വാക്വം ക്‌ളീനര്‍ വച്ച് വൃത്തിയാക്കുക.
* അലമാരയ്ക്ക് പുറത്ത് വയ്ക്കുന്ന വസ്ത്രങ്ങള്‍ അടയ്ക്കാന്‍ കഴിയുന്ന ബാഗില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
* ചെരുപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ വയ്ക്കാന്‍ ശ്രമിക്കുക
* മരം കൊണ്ടുള്ള ഗൃഹോപകാരങ്ങള്‍ നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതല്‍ പിടിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും വാര്‍ണിഷ് അടിക്കാം.
* ബെഡ് ഷീറ്റ്, പില്ലോ കവര്‍, ബ്ലാങ്കറ്റ് തുടങ്ങിയവയെല്ലാം ഏറ്റവും കൂടിയത് രണ്ടാഴ്ച കൂടുമ്പോള്‍ ഇളംചൂട് വെള്ളത്തില്‍ കഴുകണം. വീട്ടിലെ കര്‍ട്ടണുകളും ഇത് പോലെ കഴുകേണ്ടത് അത്യാവശ്യമാണ്.
* വീട്ടില്‍ നല്ല വെന്റിലേഷന്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. കൂടിയ താപവും, ഈര്‍പ്പവുമെല്ലാം മുറിക്കകത്ത് മലിനീകരണം കൂട്ടും
* എയര്‍ കണ്ടിഷണറുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാക്കുന്ന പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ കഴിവുള്ള 'ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്‌സോര്‍ബ്ഷന്‍' ഉള്ളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
* മുറികളില്‍ ഈര്‍പ്പമുള്ള പ്രതലങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തുക. ഈര്‍പ്പമുള്ളിടത്താണ് പൂപ്പല്‍ വളരുക
* കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ കഴുകിയെടുക്കാന്‍ കഴിയുന്നത് വാങ്ങുക
* വളര്‍ത്തുമൃഗങ്ങളെ അകത്ത് കയറാനോ കട്ടിലിലും സോഫയിലും ഇരിക്കാനോ അനുവദിക്കാതിരിക്കുക
* അലര്‍ജി ഉള്ളവര്‍ ഉണ്ടെങ്കില്‍ അകത്തളങ്ങളില്‍ ചെടികള്‍ വയ്ക്കുന്നത് ഒഴിവാക്കാം
* പൊടി തട്ടുമ്പോള്‍ കൂടുതല്‍ പറക്കാതിരിക്കാന്‍ നനഞ്ഞ തുണി ഉപയോഗിക്കാം
Content Highlights: Tips to Get Rid of the Dust in House