പാത്രം കഴുകാനുപയോഗിക്കുന്ന സ്‌പോഞ്ചില്‍ ഒരു പൊതുകക്കൂസിനേക്കാള്‍ ബാക്റ്റീരിയ വളരാന്‍ ഇടയുണ്ടെന്നാണ് ആരോഗ്യരംഗത്തെ ഗവേഷകര്‍ പറയുന്നത്. ശുചിയാക്കാത്ത സ്‌പോഞ്ച് അത് വെക്കുന്നയിടത്തെല്ലാം അണുബാധയുണ്ടാക്കുന്നു. സ്‌പോഞ്ച് പഴകിയെങ്കില്‍ ഒഴിവാക്കി പുതിയത് എടുക്കണം. മൈക്രോഫൈബര്‍ തുണിയാണ് സ്‌പോഞ്ചിനേക്കാള്‍ ക്ലീനിങ്ങിന് നല്ലത്. സ്‌പോഞ്ചില്‍ അടിയുന്ന അണുക്കളെ തുരത്താനുള്ള വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.
മൈക്രോവേവ്
മൈക്രോവേവ് അവനില്‍ രണ്ടുമിനിറ്റോളം വെക്കുന്നതിലൂടെ സ്‌പോഞ്ചിലെ ബാക്റ്റീരിയയെ തുരത്താമെന്ന് ഗവേഷകര്‍ പറയുന്നു. മൈക്രോവേവില്‍ വെക്കും മുമ്പ് സ്‌പോഞ്ച് നനവോടെ ആയിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം തീപിടിത്തത്തിനു സാധ്യതയുണ്ട്. സ്‌പോഞ്ചില്‍ മെറ്റാലിക് കണ്ടന്റ് ഇല്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.
ബ്ലീച്ച്
വീടിന്റെ പല ഭാഗങ്ങളും വൃത്തിയാക്കുന്നതില്‍ മിക്കവരും സ്ഥിരമായി ഉപയോഗിക്കുന്നവയില്‍ ഒന്നാണ് ക്ലോറിന്‍ ബ്ലീച്ച്. വെള്ളത്തില്‍ ബ്ലീച്ച് മിക്‌സ് ചെയ്ത് ഈ മിശ്രിതത്തില്‍ സ്‌പോഞ്ച് ഇട്ടുവെക്കുന്നതും അണുക്കളെ തുരത്താനുള്ള മികച്ച വഴികളിലൊന്നാണ്.
വിനാഗിരി
പാത്രങ്ങളില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് വൃത്തിയാക്കാന്‍ ബ്ലീച്ച് എങ്ങനെ എടുക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് മറ്റൊരു വഴി തിരഞ്ഞെടുക്കാം. അണുക്കളെ പമ്പ കടത്തുന്നതില്‍ മുന്‍പന്തിയിലുള്ള വിനാഗിരി ഉപയോഗിച്ചാണത്. വിനാഗിരിയില്‍ മുക്കി വച്ചും സ്‌പോഞ്ചിലെ അണുവിനെ പ്രതിരോധിക്കാം
നാരങ്ങ
നാരങ്ങാനീരുപയോഗിച്ചും സ്‌പോഞ്ചില്‍ അടിഞ്ഞു കൂടുന്ന അണുക്കളെ ഇല്ലാതാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. നാരങ്ങാനീരില്‍ ഒരു മിനിറ്റോളം സ്‌പോഞ്ച് മുക്കി വെച്ചാല്‍ മതി.
Content Highlights: Tips to Clean Kitchen Sponges