പലപ്പോഴും പൈപ്പില്‍ എന്തെങ്കിലും തടയുമ്പോഴോ പ്ലംബറെ വിളിച്ചു മാത്രം പരിഹരിക്കപ്പെടുമ്പോഴോ ഒക്കെയാണ് പലരും ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്തവയെക്കുറിച്ച് ഓര്‍ക്കാറുള്ളത്. പ്ലാസ്റ്റിക്കും നാപ്കിനും ഡയപ്പറുമൊക്കെ സംസ്‌കരിക്കാനുള്ള മിനക്കേടു കണക്കിലെടുത്ത് ഒരു ഫ്ലഷില്‍ കാര്യം തീര്‍ക്കുന്നവരുണ്ട്. എന്നാല്‍ ഗുണത്തേക്കാളേറെ ഇവ ദോഷമാണ് സൃഷ്ടിക്കുന്നതെന്നു പറയാതെവയ്യ. ടോയ്‌ലറ്റില്‍ ഒരിക്കലും ഫ്‌ളഷ് ചെയ്യരുതാത്ത സാധനങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
ഭക്ഷണസാധനങ്ങള്‍
കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും ഭക്ഷണസാധനങ്ങള്‍ ഒരിക്കലും ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്യരുത്. ഭക്ഷണാവശിഷ്ടങ്ങള്‍ സ്വാഭാവികമായി തന്നെ ജീര്‍ണിച്ച് ഇല്ലാതാകുമെങ്കിലും ചിലതെല്ലാം സമയമെടുത്തു മാത്രമേ അലിഞ്ഞുപോകൂ.
സാനിറ്ററി നാപ്കിനുകള്‍, ടാംപൂണുകള്‍
ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന നാപ്കിനുകളും ടാംപൂണുകളുമൊന്നും ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്യരുത്. ഇവ ഒരിക്കലും താനേ നശിച്ചുപോകില്ലെന്നു മാത്രമല്ല വെള്ളത്തെ വലിച്ചെടുക്കുന്നവ കൂടിയാണ്. അതിനാല്‍ ഫ്ലഷ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇവ കൂടുതല്‍ വീര്‍ത്ത് പൈപ്പ് അടയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
ബേബി വൈപ്പ്‌സ്, ഡയപ്പറുകള്‍
നാപ്കിനുകളുടെ കാര്യം പോലെ തന്നെയാണ് കുട്ടികള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഡയപ്പറുകളും. നാപ്കിനുകളേക്കാള്‍ വലിപ്പം ഏറിയ ഡയപ്പറുകള്‍ തടസ്സത്തിനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുക. ഒപ്പം കുട്ടികളില്‍ ഉപയോഗിക്കുന്ന ബേബി വൈപ്‌സും ഫ്ലഷ് ചെയ്യാതിരിക്കണം. ഫ്ലഷ് ചെയ്യാവുന്ന വിധം വൈപ്‌സ് എന്നു പറഞ്ഞു വരുന്നവ പോലും ടോയ്‌ലറ്റ് പേപ്പര്‍ പോലെ ജീര്‍ണിക്കില്ല.
പേപ്പര്‍ ടവ്വലും ടിഷ്യൂവും
ടോയ്‌ലറ്റ് പേപ്പറിന്റെ അതേ ഉപയോഗം തന്നെയാണ് പേപ്പര്‍ ടവ്വലിനും ടിഷ്യൂവിനും എന്നു തെറ്റിദ്ധരിച്ച് ഉപയോഗശേഷം ഫ്ലഷ് ചെയ്തുകളയുന്നവരുണ്ട്. എന്നാല്‍ ടോയ്‌ലറ്റ് പേപ്പറിന് നനവിനെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായതുകൊണ്ട് എളുപ്പത്തില്‍ ഇല്ലാതാകും. പേപ്പര്‍ ടവ്വലുകള്‍ അല്‍പം സമയമെടുത്തേ നശിച്ചുപോകൂ. അതിനാല്‍ ഉപയോഗശേഷം പേപ്പര്‍ ടവ്വലുകളും ടിഷ്യൂവുമൊക്കെ ഫ്‌ളഷ് ചെയ്യുന്നതും പൈപ്പില്‍ തടസ്സം സൃഷ്ടിക്കാനിടയുണ്ട്.
മരുന്നുകള്‍
ഉപയോഗശൂന്യമായ മരുന്നുകള്‍ ഉപേക്ഷിക്കാന്‍ പലരും സ്വീകരിക്കുന്ന വഴിയാണ് ഫ്ലഷ് ചെയ്യല്‍. എന്നാല്‍ ഇവ ടോയ്‌ലറ്റിലെ വെള്ളത്തില്‍ അലിയാന്‍ പാടാണെന്നു മാത്രമല്ല വിഷമയമായ അവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
സിഗററ്റ് കുറ്റികള്‍
ഉപയോഗിച്ചുകഴിഞ്ഞ സിഗററ്റ് കുറ്റികള്‍ വലിച്ചെറിയുന്നതിനു പകരം ഫ്ലഷ് ചെയ്യുന്നതും നന്നല്ല. ചെറുതാണെന്നു കരുതി നിസ്സാരമാക്കി കളയുമ്പോള്‍ അവയും പൈപ്പില്‍ തടസ്സം സൃഷ്ടിക്കാമെന്നു ധാരണയുള്ളവര്‍ കുറവാണ്. തീര്‍ന്നില്ല ഒരു ചെറിയ സിഗരറ്റ് കുറ്റി ഫ്ലഷ് ചെയ്യുന്നതിലൂടെ എത്ര വെള്ളം പാഴാകുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്.
മുടി
വീട്ടില്‍ അടിച്ചു വാരുമ്പോള്‍ കിട്ടുന്ന മുടിയെല്ലാം കൃത്യമായി കളയാതെ ഫ്ലഷ് ചെയ്യുന്നതും ദോഷമാണ്. കാഴ്ച്ചയില്‍ ചെറുതാണെങ്കിലും മുടി വലപോലെ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തും.
ച്യൂയിംഗം
ഉപയോഗിച്ചു കഴിഞ്ഞ ച്യൂയിംഗവും ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്യുന്നവരുണ്ട്. ച്യൂയിംഗം വെള്ളത്തില്‍ അലിയില്ലെന്നു മാത്രമല്ല പൈപ്പില്‍ ഒട്ടിപ്പിടിക്കാനും സാധ്യതയേറെയാണ്.
ബ്ലീച്ച്
ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോള്‍ പലരും ഒഴിവാക്കാത്ത വസ്തുവാണ് ബ്ലീച്ച്. എന്നാല്‍ ബ്ലീച്ച് ടോയ്‌ലറ്റില്‍ ഉപയോഗിക്കുന്നതിലൂടെ അണുക്കള്‍ നശിക്കുന്ന അവസ്ഥയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.
Content Highlights: things you should never flush down the toilet