വീട്ടിലെ പാറ്റശല്യം ഒരു തലവേദനയാണ്. ഗുളികയും സ്പ്രേയുമൊക്കെ പയറ്റിനോക്കുന്നുണ്ടെങ്കിലും മുമ്പത്തെപ്പോലെ പാറ്റകള്‍ ചാവുന്നില്ലെന്ന് തോന്നാം. അത് ശരിയാണെന്നാണ് വസ്തുത.
ഭാവിയില്‍ പാറ്റകളെ മരുന്നടിച്ച് കൊല്ലാനാവില്ലെന്നും തലമുറകള്‍ ചെല്ലുന്തോറും അവ കീടനാശിനികൾക്കെതിരേ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയത് യു.എസിലെ ഒരു സംഘം ഗവേഷകരാണ്.
ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് യു. എസ്, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഏറ്റവും സാധാരണയായി വീടുകളില്‍ കണ്ടുവരുന്ന ജര്‍മന്‍ പാറ്റകളില്‍ (Blattella germanica L.) പഠനം നടത്തിയത്.
കെട്ടിടങ്ങളില്‍ മുട്ടയിട്ടു പെരുകുന്ന പാറ്റകളെ ആറുമാസത്തോളം സംഘം നിരീക്ഷിച്ചു. മൂന്നു വ്യത്യസ്ത കീടനാശിനികള്‍ മാറിമാറി അവയ്ക്കുനേരെ പ്രയോഗിച്ചുനോക്കി. നേരത്തേ ഉപയോഗിച്ചിരുന്ന കീടനാശിനി തളിച്ചപ്പോള്‍ പാറ്റകളെ കൊല്ലാനായില്ല. മൂന്നുമരുന്നുകളില്‍ അബാമെക്ടിന്‍ എന്ന മരുന്നിനു മാത്രമേ പാറ്റകളുടെ അംഗസംഖ്യ കുറയ്ക്കാന്‍ സാധിച്ചുള്ളൂ.
ഇതില്‍ തന്നെ പത്തുശതമാനം പാറ്റകളും അബാമെക്ടിനോട് പ്രതിരോധശേഷിയുള്ളവയുമാണ്.
വിഷവുമായുള്ള നിരന്തരസമ്പര്‍ക്കത്തിലൂടെ പാറ്റകള്‍ക്ക് പരിണാമം സംഭവിച്ച് പ്രതിരോധശേഷി നേടിയതാണ് കാരണം. വിവിധ മരുന്നുകളോട് ഒരേസമയം പ്രതിരോധംനേടാന്‍ പാറ്റകള്‍ക്കു കഴിവുണ്ടെന്നും പഠനം കണ്ടെത്തി. നേച്വര്‍ ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഒരുവര്‍ഷംകൊണ്ട് നാലുതലമുറകള്‍- പാറ്റകളില്‍ നാലുമുതല്‍ ആറുമടങ്ങുവരെ പ്രതിരോധശേഷിയാണ് വരുംതലമുറകളിലേക്ക് കൈമാറ്റപ്പെടുന്നതെന്ന് ഗവേഷകസംഘം പറയുന്നു. മൂന്നുമാസംകൂടുമ്പോള്‍ അമ്പതോളം കുഞ്ഞുങ്ങളുണ്ടാകും.
പാറ്റകള്‍ക്ക് വര്‍ഷം നാലു തലമുറകള്‍ വരെയുണ്ടാകും. അതിനാല്‍ ഉയര്‍ന്നതോതിലാണ് പ്രതിരോധശേഷി കൈമാറപ്പെടുന്നത്.
പാറ്റയെ തുരത്താന്‍ വീട്ടിലുണ്ട് വഴി
* വീട്ടില്‍ പാറ്റ ശല്യം ഇല്ലാതിരിക്കാന്‍ വീട് വൃത്തിയാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ തന്നെ പാറ്റശല്യം ഒരു പരിധി വരെ ഒഴിവാക്കാം. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീടിനകത്ത് ഒരു ദിവസം പോലും കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക.
* വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റ ശല്യം വര്‍ദ്ധിക്കാന്‍ കാരണമാവും. തറയിലോ ഓടയിലോ വാഷ് ബേസിനിലോ വെള്ളം കെട്ടിനില്‍ക്കുന്നത് പാറ്റകള്‍ക്കും കൊതുകിനുമൊക്കെ വളരാനുള്ള അനുകൂല സാഹചര്യമൊരുക്കും. വെള്ളത്തിന്റെ ചോര്‍ച്ച അടക്കാനും ശ്രദ്ധിക്കണം.
* ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് പാറ്റകളെ ഇല്ലാതാക്കാന്‍ സഹായിക്കും.
* മസാല വിഭാഗത്തില്‍ പെടുന്ന വയനയില (ബെ ലീഫ്) പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്. പനിക്കൂര്‍ക്കയുടെ ഇലയും ഇതേ രീതിയില്‍ ഉപയോഗിക്കാം.
* പാറ്റകളെ തടയാന്‍ ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി അടുക്കളയില്‍ ഇടുക.
* ബോറോക്‌സ് മിശ്രിതവും പാറ്റയെ കൊല്ലാന്‍ നല്ലതാണ്. ബോറോക്‌സ് പാറ്റകളുള്ളിടത്ത് ഇടുക. പാറ്റയുടെ ശരീരത്തിലെ പുറംപാളിക്ക് ക്ഷതമുണ്ടാക്കാന്‍ ബോറോക്‌സിനാകും. ഇത് ഇവയുടെ ശരീരത്തില്‍ നിന്നുള്ള ജലനഷ്ടത്തിനും അതുവഴി അവയെ കൊല്ലാനും നല്ലതാണ്.
Content Highlights: how to get rid of cockroaches