എത്ര തന്നെ ശ്രദ്ധിച്ചു പാത്രം കഴുകിയാലും ചിലപ്പോഴൊക്കെ സിങ്കിനുള്ളിലേക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ വെള്ളത്തിനൊപ്പം ഇറങ്ങിപ്പോകാറുണ്ട്. ചിലതൊക്കെ ഒഴുകിപ്പോകാതെ പാതിവഴിയില്‍ തടഞ്ഞിരിക്കുകയും ചെയ്യും. സിങ്കില്‍ വെള്ളം ഇറങ്ങാതെ നിറഞ്ഞുതുടങ്ങുമ്പോഴോ ദുര്‍ഗന്ധം വമിക്കുമ്പോഴോ ഒക്കെ മാത്രമാണ് സിങ്കിനുള്ളില്‍ എന്തോ തടഞ്ഞിരിപ്പുണ്ടല്ലോ എന്നു പലരും ചിന്തിക്കാറുള്ളത്. പിന്നെ പ്ലംബറെ തപ്പാനുള്ള വ്യഗ്രതയിലാകും. എന്നാല്‍ ഒരുവിധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ആരുടെയും സഹായമില്ലാതെ തന്നെ പരിഹരിക്കാവുന്നതാണ്. അതിനുള്ള വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.
ബേക്കിങ് സോഡയും വിനാഗിരിയും
ബേക്കിങ് സോഡയും വിനാഗിരിയും കൊണ്ട് സിങ്കിലെ തടഞ്ഞു നിക്കലുകള്‍ക്ക് പരിഹാരമുണ്ടാക്കാം. മൂന്നിലൊന്ന് ബേക്കിങ് സോഡയും അത്രതന്നെ വിനാഗിരിയും ഒരു കപ്പിലെടുത്ത് മിക്‌സ് ചെയ്യുക.വളരെ വേഗത്തില്‍ പതഞ്ഞുവരുന്ന ഈ മിശ്രിതം സിങ്കിലൂടെ ഒഴിക്കുന്നതുവഴി തടഞ്ഞിരിക്കുന്ന മുടിയോ അതുപോലെ അലിഞ്ഞുപോകാത്ത അവശിഷ്ടങ്ങളോ ഒക്കെ എളുപ്പത്തില്‍ പൈപ്പിനുള്ളിലൂടെ ഒഴുകിപ്പോകും. കഴിയുമെങ്കില്‍ ഈ മിശ്രിതം ഒഴിച്ച് ഒരുരാത്രിയെങ്കിലും വെക്കുക. ശേഷം ഇളംചൂടുവെള്ളം കുറേശ്ശെയായി ഒഴിച്ചുകൊടുക്കാം.
ചൂടുവെള്ളം
ഇത്രത്തോളം എളുപ്പമുള്ള മറ്റൊരു വഴിയേ ഇല്ലെന്നു വേണം പറയാന്‍. ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് അതു തിളപ്പിക്കുക. ഇനി ഈ വെള്ളം അല്‍പം ചൂടാറിയതിനുശേഷം രണ്ടുമൂന്നു ഘട്ടങ്ങളിലായി പതിയെ സിങ്കിനുള്ളിലേക്ക് ഒഴിച്ചുകൊടുക്കാം. ഒരുവിധപ്പെട്ട മാലിന്യങ്ങളെല്ലാം നീക്കാന്‍ ഈ ഒരൊറ്റകാര്യം മതി.
ഉപ്പും ബേക്കിങ് സോഡയും
അരകപ്പ് ഉപ്പും ബേക്കിങ് സോഡയും മിക്‌സ് ചെയ്യുക. ഇത് അടഞ്ഞിരിക്കുന്ന സിങ്കിലേക്ക് ഒഴിക്കുക. പത്ത് ഇരുപതു മിനിറ്റിനു ശേഷം ഇളംചൂടുവെള്ളം പതിയെ ഒഴിച്ചുകൊടുക്കുക. ഉപ്പും ബേക്കിങ് സോഡയും ചൂടുവെള്ളവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന കെമിക്കല്‍ റിയാക്ഷനിലൂടെ തടഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ ഒഴുകിപ്പോകും.
ഡിഷ്‌വാഷ്
ഒരു ബൗളില്‍ കാല്‍കപ്പ് ഡിഷ്‌വാഷ് ഡിറ്റര്‍ജന്റ് എടുത്ത് സിങ്കിലൂടെ ഒഴിക്കുക. അല്‍പസമയത്തിനു ശേഷം ഇളംചൂടുവെള്ളം ഇതിലേക്ക് ഒഴിക്കാം. അടഞ്ഞിരിക്കുന്ന അവശിഷ്ടങ്ങളില്‍ അയവു വരുത്താന്‍ എളുപ്പമുള്ള വഴികളിലൊന്നാണിത്.
Content Highlights: Easy Ways to Unclog Drains