ഒരു ബെഡ്‌റൂമിനെ ആവശ്യാനുസരണം ഓഫീസോ ലൈബ്രറിയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തുമാക്കി മാറ്റാം. പക്ഷേ ദിവസത്തിന്റെ അവസാനം അത് ഉറങ്ങാന്‍ വേണ്ടി മാത്രമുള്ള ഇടമാണ്. അത്രയും സമയത്തെ കാര്യങ്ങളൊന്നും അലട്ടാതെ സുഖകരമായ നിദ്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബെഡ്‌റൂമിനെ അതിനായി ഒരുക്കേണ്ടതുണ്ട്. സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ സുഖനിദ്രയ്ക്ക് ബെഡ്‌റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
* നല്ല ഉറക്കത്തിനായി ബെഡ്‌റൂം ഒരുക്കും മുമ്പ് നിങ്ങളുടെ കിടക്കയെക്കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട്. കിടക്ക ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകാതിരിക്കാന്‍ ശ്രദ്ധിക്കാം .
* മുറിയിലെ വെളിച്ചവും ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ഇരുണ്ട മുറിയിലാണ് സുഖനിദ്ര സാധ്യമാകുക. ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ബെഡ്‌റൂമിലാണ് വച്ചിരിക്കുന്നതെങ്കില്‍ അത് ഓണ്‍ ചെയ്യുമ്പോഴൊക്കെ ഉറക്കം തടസ്സപ്പെടാനിടയുണ്ട്. ഇവയെല്ലാം ബെഡ്‌റൂമില്‍ നിന്നും ഒരുപരിധി വരെയെങ്കിലും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുക. മൊബൈല്‍ ഫോണ്‍ മുറിയില്‍ നിര്‍ബന്ധമാണെങ്കില്‍ കിടക്കയോടു ചേര്‍ന്നു വെക്കാതെ മേശവലിപ്പില്‍ വെക്കാം.
* കോട്ടണ്‍ കിടക്ക വിരികള്‍ മാറ്റി സില്‍ക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും
* അരോമ തെറാപ്പിയിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്നതാണ് ഇന്ന് മാര്‍ക്കറ്റുകളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന എസ്സന്‍ഷ്യല്‍ ഓയിലുകള്‍. ഇത്തരം ഓയിലുകളുടെ പ്രത്യേകിച്ചും ലാവെന്‍ഡര്‍ ഓയിലിന്റെ വശ്യമായ സുഗന്ധം മനസിനെ ശാന്തമാക്കുകയും പിരിമുറുക്കങ്ങള്‍ അകറ്റി റിലാക്സ് ആകാന്‍ സഹായിക്കുകയും ചെയ്യും. തലയിണ കവറില്‍ ഒരു തുള്ളി ലാവെന്‍ഡര്‍ ഓയില്‍ ഒറ്റിച്ചു നോക്കൂ, എളുപ്പം ഉറങ്ങാന്‍ സാധിക്കും
* ഇറുകിയതും കട്ടി കൂടിയതുമായ വസ്ത്രങ്ങള്‍ സുഖകരമായ ഉറക്കത്തിന് നല്ലതല്ല. അതിനാല്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളോ സില്‍ക്ക് വസ്ത്രങ്ങളോ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിക്കുക
* മുറിയിലെ താപനിലയ്ക്കും ഉറക്കത്തിന്റെ കാര്യത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. മുറി കൂടുതല്‍ ചൂടുള്ളതോ തണുപ്പാര്‍ന്നതോ ആയാലും ഉറക്കം തടസ്സപ്പെടാം. ജനലുകളും വാതിലുകളും അടക്കുന്നതിലൂടെ പുറമെയുള്ള കാലാവസ്ഥാ വ്യതിയാനം മുറിയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
* കടുത്ത നിറങ്ങള്‍ കാഴ്ച്ചയില്‍ ഭംഗിയാണെങ്കിലും ബെഡ്‌റൂമിനു ചേരില്ലെന്ന് തിരിച്ചറിയുക. ഇളംനീലയോ പച്ചയോ പേസ്റ്റല്‍ കളറുകളോ ഒക്കെ തിരഞ്ഞെടുക്കാം.
* അലങ്കോലപ്പെട്ടു കിടക്കുന്ന മുറിയും ഉറക്കത്തെ തടസ്സപ്പെടുത്താം. ആവശ്യമില്ലാത്തവയൊന്നും മുറിയില്‍ വെക്കാതിരിക്കാം. അനാവശ്യമായി വലിച്ചുവാരിയിട്ടതെല്ലാം കിടക്കും മുമ്പ് അടുക്കിപ്പെറുക്കി വെക്കാം.
Content Highlights: How to Design Bedroom for Better Sleep