വീട് വൃത്തിയാക്കുമ്പോള്‍ ഏറ്റവുമധികം സമയം പോകുന്നയിടം ബാത്‌റൂം ആണ്. കെമിക്കലുകളുടെ സഹായമില്ലാതെ തന്നെ ബാത്‌റൂമിലെ പല ഭാഗങ്ങളും വൃത്തിയാക്കാന്‍ കഴിയും. ബാത്‌റൂമിലെ ടൈല്‍, ബാത് ടബ്ബ്, ടോയ്‌ലറ്റ് ബൗള്‍, കണ്ണാടി എന്നിവിടങ്ങളിലെയെല്ലാം അഴുക്കിനെ തുരത്തി വൃത്തിയാക്കാന്‍ ഒരൊറ്റ കാര്യം മതി, വിനാഗിരി.
കണ്ണാടി വൃത്തിയാക്കാന്‍
സ്ഥിരമായി വെള്ളവും സോപ്പും കലര്‍ന്ന മിശ്രിതം പതിക്കുന്ന ഇടമായതിനാല്‍ ബാത്‌റൂമിലെ കണ്ണാടിയില്‍ പെട്ടെന്നാണ് കറ പടരുക. അഴുക്കുപിടിച്ച കണ്ണാടി വൃത്തിയാക്കാന്‍ തന്നെ സമയമെടുക്കും. കണ്ണാടിയിലെ അഴുക്കു നീക്കം ചെയ്യാന്‍ മികച്ച വഴിയാണ് വിനാഗിരി. വിനാഗിരിയും വെള്ളവും സമാസമം ചേര്‍ത്ത് കണ്ണാടിയില്‍ തൂവുക. ശേഷം മൃദുവായ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. വിനാഗിരിയിലെ അസിഡിറ്റി അഴുക്കിനെ പമ്പകടത്തും.
ടോയ്‌ലറ്റ് ബൗള്‍
ടോയ്‌ലറ്റ് ബൗളില്‍ ഒളിഞ്ഞിരിക്കുന്ന കറയെ തുരത്താനും വിനാഗിരി മതി. വിനാഗിരി വെള്ളം ചേര്‍ത്തോ അല്ലാതെയോ ടോയ്‌ലറ്റ് ബൗളിലേക്ക് സ്‌പ്രേ ചെയ്യാം. ശേഷം ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകാം.
ടൈല്‍ വൃത്തിയാക്കാന്‍
ബാത്‌റൂമിലെ ടൈല്‍ വെട്ടിത്തിളങ്ങാനും വിനാഗിരി കൊണ്ടൊരു വഴിയുണ്ട്. ഒരു ബക്കറ്റില്‍ ചൂടുവെള്ളമെടുത്ത് അതിലേക്ക് രണ്ടു കപ്പ് വിനാഗിരി ഒഴിക്കുക. ചെറിയ ബാത്‌റൂം ആണെങ്കില്‍ ഇതിന്റെ പകുതി അളവില്‍ എടുത്താല്‍ മതിയാകും. ശേഷം ഇതുപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.
ബാത്ടബ്ബിലെ അഴുക്ക് നീക്കാന്‍
ബാത്ടബ്ബ് വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം. അല്‍പം വിനാഗിരിയും ഡിഷ് സോപ്പും മിക്‌സ് ചെയ്ത് ബാത്ടബ്ബിലേക്ക് സ്‌പ്രേ ചെയ്യാം. പതിനഞ്ചു മിനിറ്റിനു ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
Content Highlights: Cleaning bathroom with vinegar