അടുക്കളയില്‍ നിര്‍ബന്ധമായും വൃത്തിയാക്കിയിടണം ഈ സ്ഥലങ്ങള്‍


2 min read
Read later
Print
Share

അടുക്കളയില്‍ നിര്‍ബന്ധമായും വൃത്തിയാക്കിയിടേണ്ട നാലു സ്ഥലങ്ങളുണ്ട്.

ഒരു വീട്ടില്‍ ഏറ്റവും സജീവമായിരിക്കുന്നയിടം ഏതാണെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം അടുക്കളയാണെന്ന്. ഒരു ദിനത്തിന്റെ തുടക്കവും ഒടുക്കവുമൊക്കെ അടുക്കളയില്‍ നിന്നാണ്. രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതു തൊട്ട് പച്ചക്കറിയും പലവര്‍ഗങ്ങളുമൊക്കെ കൊണ്ടുവരുന്നയിടം. അതിനാല്‍ തന്നെ പെട്ടെന്ന് അഴുക്കടിയാന്‍ സാധ്യതയുള്ള സ്ഥലവുമാണിത്. അടുക്കളയില്‍ നിര്‍ബന്ധമായും വൃത്തിയാക്കിയിടേണ്ട നാലു സ്ഥലങ്ങളുണ്ട്. ബാക്ടീരിയയെ അകറ്റി നിര്‍ത്തി അടുക്കള വെട്ടിത്തിളങ്ങാന്‍ വൃത്തിയാക്കിയിടേണ്ട ആ നാലുകാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

കൗണ്ടര്‍ ടോപ്

അടുക്കളയില്‍ ഏറ്റവുമധികം അഴുക്കു പുരണ്ടു കിടക്കാന്‍ സാധ്യതയുള്ള ഭാഗമാണ് കൗണ്ടര്‍ ടോപ്പുകള്‍. ഭക്ഷണം പാകം ചെയ്യാനും പാത്രങ്ങളിലേക്കു പകരാനും സാധനങ്ങള്‍ വെക്കാനുമൊക്കെ ഏറ്റവുമധികം ഉപയോഗിക്കുന്നയിടം. ഓരോതവണ അടുക്കള ഉപയോഗിക്കുമ്പോഴും കൗണ്ടര്‍ ടോപ്പിലെ അഴുക്ക് നന്നായി തുടച്ചുനീക്കാം. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ സമയമെടുത്ത് നന്നായി വൃത്തിയാക്കിയിടാം, ഇത് കൗണ്ടര്‍ടോപ്പിനെ വൃത്തിയുള്ളതാക്കുന്നതിനൊപ്പം അണുക്കള്‍ പടരാനുള്ള സാധ്യതയും തള്ളുന്നു.

സിങ്ക്

കഴുകി വച്ച പാത്രങ്ങളും പച്ചക്കറികളുമൊക്കെയാണെങ്കിലും വീണ്ടും വീണ്ടും കഴുകിയാല്‍ മാത്രം തൃപ്തിയാകുന്നവരുണ്ട്. അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മറ്റൊരിടമായതിനാല്‍ സിങ്കും എല്ലായ്‌പ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ തവണ പാത്രം കഴുകിക്കഴിയുമ്പോഴും സിങ്കിനുള്‍വശവും ചുറ്റുമുള്ള ഭാഗവുമൊക്കെ നന്നായി വൃത്തിയാക്കുക, അല്ലാത്തപക്ഷം ഭക്ഷണസാധനങ്ങളും മറ്റും പറ്റിപ്പിടിച്ച് ബാക്ടീരിയയും മറ്റും പടരാനുള്ള സാധ്യതയേറും. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ്ബറും സ്‌പോഞ്ചും അഴുക്കില്ലാത്തതാണെന്നും ഉറപ്പു വരുത്തണം.

ഫ്രിഡ്ജ്

ബാക്കി വന്ന കറികള്‍, മത്സ്യ-മാംസങ്ങള്‍, പകുതി മുറിച്ചുവച്ച പഴങ്ങള്‍ പച്ചക്കറികള്‍, പാല്‍ എന്നിങ്ങനെ ഒരുവീട്ടിലെ മിക്കവാറും ഭക്ഷണ സാധനങ്ങള്‍ ഒരു ഫ്രിഡ്ജ് തുറന്നാല്‍ കാണാം. അതുകൊണ്ടു തന്നെ ഏറ്റവുമധികം ബാക്ടീരിയ രൂപപ്പെടാന്‍ സാധ്യതയുള്ള ഇടവുമാണിത്. ആദ്യംതന്നെ മത്സ്യ-മാംസാദികള്‍ പ്രത്യേകം മാറ്റിവെക്കാന്‍ ശ്രദ്ധിക്കണം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിര്‍ബന്ധമായും ഓരോ ഡ്രോയറുകളും തുറന്ന് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

സ്റ്റൗവ്

അരിയും പാലുമൊക്കെ തിളച്ചു പോയും കറികളില്‍ നിന്ന് പുറത്തേക്കു തെറിച്ചുമൊക്കെ സ്റ്റൗവിനു മുകളില്‍ ധാരാളം അഴുക്കു പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാല്‍ ഉടന്‍തന്നെ സ്റ്റൗവ് വൃത്തിയാക്കിയിടണം. അതു പിന്നത്തേക്കു വച്ചാല്‍ അഴുക്ക് കട്ടിയായി അടിഞ്ഞിരിക്കാന്‍ ഇടയാക്കും. ഒപ്പം സ്റ്റൗവിന്റെ നോബും അടുക്കളയിലെ സ്വിച്ചുകളും വൃത്തിയാക്കിയിടാനും മറക്കരുത്.

Content Highlights: areas in kitchen you should never forget to clean

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram