ബിടൗണില്‍ സഞ്ജയ് ദത്തിനോളം വിവാദങ്ങളില്‍ അകപ്പെട്ട നടനുണ്ടാകില്ല. മുംബൈ സ്‌ഫോടനവും അമിതമായ ലഹരി ഉപയോഗവും അധോലോക നേതാവ് ഛോട്ടാ ഷക്കീല്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നുവെങ്കിലും അവയൊന്നും താരത്തിന്റെ പ്രതിഛായയ്ക്കു തെല്ലും മങ്ങലേല്‍പ്പിച്ചിട്ടില്ല, അതു വ്യക്തമാക്കുന്നതുമാണ് സഞ്ജയ് ദത്തിന്റെ ജീവിതത്ത ആസ്പദമാക്കി തയ്യാറാക്കിയ സഞ്ജു എന്ന ചിത്രത്തിന്റെ വിജയവും. എന്തൊക്കെ വിവാദങ്ങളുണ്ടായാലും സഞ്ജയ് ദത്ത് ഏറ്റവുമധികം സമാധാനം നല്‍കുന്നയിടം മുംബൈയിലെ വസതിയാണ്.
മാതാപിതാക്കളായ സുനില്‍ ദത്തിനും നര്‍ഗീസ് ദത്തിനുമൊപ്പം അജാന്ത എന്ന ബംഗ്ലാവില്‍ താമസിച്ചിരുന്ന സഞ്ജയ് ദത്ത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇംപീരിയല്‍ ഹൈറ്റ്‌സിലേക്കു മാറുന്നത്. മാന്യതയും മക്കളുമായി കുടുംബം വലുതായതോടെയാണ് ഇംപീരിയല്‍ ഹൈറ്റ്‌സ് എന്ന പേരിലുള്ള അപാര്‍ട്‌മെന്റിലേക്കു മാറാന്‍ സഞ്ജയ് തീരുമാനിക്കുന്നത്. പാലി ഹില്‍ ഏരിയയിലുള്ള വീട്ടില്‍ ഭാര്യ മാന്യതയ്ക്കും ഇരട്ടക്കുട്ടികളായ ഷഹ്‌റാനും ഇഖ്‌റയ്ക്കുമൊപ്പമാണ് സഞ്ജു ഏറ്റവും സന്തുഷ്ടനാകുന്നത്.
ബാന്ദ്രയില്‍ മൂന്നുനില അപാര്‍ട്‌മെന്റ് സ്വന്തമാക്കിയിട്ടുള്ള സഞ്ജയ് ദത്തും മാന്യതയും മിക്കപ്പോഴും സമൂഹമാധ്യമത്തില്‍ വീട്ടില്‍ വച്ചുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. വിശാലമായ ഗ്ലാസ് വിന്‍ഡോകളും മാര്‍ബിള്‍ ഫ്‌ളോറും തടികൊണ്ടുള്ള ചുവരുകളും കബോര്‍ഡുകളുമൊക്കെയാണ് സഞ്ജുവിന്റെ വീടിന്റെ മനോഹാരിത. ചുവരുകളിലെല്ലാം മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ധാരാളം ചിത്രങ്ങളും കാണാം. അതിനൊപ്പം പെയിന്റിങ്ങുകളും ആര്‍ട്ട് വര്‍ക്കും ചെയ്ത് കലാപരവുമായും വീടിനെ അലങ്കരിച്ചിട്ടുണ്ട്.
മഹാഗണി കൊണ്ടുള്ള ഡൈനിങ് ടേബിളും പ്രിന്റ് ചെയ്ത കുഷ്യന്‍ ചെയറുകളുമാണ് ഡൈനിങ് ഹാളിലുള്ളത്. ടേബിള്‍ ലാംപ്, പെന്‍ഡന്റ് ലൈറ്റുകള്‍, കൃത്രിമ പുഷ്പങ്ങള്‍ എന്നിവ കൊണ്ട് അലംകൃതമാണ് പല ഭാഗങ്ങളും. ബോളിവുഡില്‍ ഫിറ്റായ ശരീരം കാത്തു സൂക്ഷിക്കുന്ന നടന്മാരിലൊരാളായ സഞ്ജയ് ദത്തിന്റെ ഗൃഹത്തില്‍ പൂര്‍ണ സജ്ജീകരണങ്ങളുള്ളൊരു ജിം ഇല്ലെങ്കിലേ അത്ഭുതമുള്ളു. ഒരു നില മുഴുവന്‍ ജിമ്മിനും സ്വിമ്മിങ് പൂളിനും വേണ്ടിയാണ് സഞ്ജു നീക്കിവച്ചിരിക്കുന്നത്.
മറ്റൊരു നിലയില്‍ ഇരുപതു പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള തിയ്യേറ്ററുമുണ്ട്, മാന്യതയുടേതാണ് ഈ ആശയം. ഏറ്റവും മുകളിലത്തെ നിലയിലാണ് ലിവിങ് റൂമും ഡൈനിങ് റൂമും ഗസ്റ്റ് റൂമും ബെഡ് റൂമുമൊക്കെയുള്ളത്.
Content highlights: sanjay dutt home in mumbai