വീട്ടിനുള്ളില്‍ ഏറ്റവും വൃത്തിയോടെ കൈകാര്യം ചെയ്യേണ്ട ഇടങ്ങളിലൊന്നാണ് അടുക്കള. ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിന്റെയും തുടക്കം തന്നെ അടുക്കളയില്‍ നിന്നാകാം. അടുക്കളയില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും രോഗകാരികളാകാറുണ്ട്, അവയിലൊന്നാണ് കിച്ചണ്‍ ടവ്വലുകള്‍. ശുചിത്വത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ രോഗാണു പടര്‍ത്തുന്നതില്‍ പ്രധാനിയാണ് കിച്ചണ്‍ ടവ്വലുകള്‍.
അടുക്കളയില്‍ ഉപയോഗിക്കുന്ന കൈക്കലത്തുണികള്‍ അണുബാധ എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുള്ള വസ്തുവാണ്. നനവും ഭക്ഷണാവശിഷ്ടങ്ങളുമൊക്കെ ഇതിന്റെ ആക്കം കൂട്ടുന്നു, വൃത്തിയില്ലാത്ത കിച്ചണ്‍ ടവ്വലുകളില്‍ കോളിഫോം ബാക്റ്റീരിയകള്‍ വളരാന്‍ എല്ലാവിധ സാധ്യതയുമുണ്ട്. അതേ ടവ്വലുകൊണ്ട് വീണ്ടും പഴങ്ങളും പ്‌ളേറ്റുകളും തുടയ്ക്കുമ്പോള്‍ അണുക്കള്‍ പകരുന്നു. പലരും ഒരേ തുണി തന്നെ പാത്രം തുടയ്ക്കാനും ചൂടുള്ള പാത്രം പിടിക്കാനും കൈതുടയ്ക്കാനുമൊക്കെ ഉപയോഗിക്കാറുണ്ട്.
'' അടുക്കളയില്‍ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടവ്വലുകള്‍ നനയുക കൂടി ചെയ്യുമ്പോള്‍ അവയില്‍ എളുപ്പം രോഗണുക്കള്‍ വളരുന്നു, ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വീട്ടില്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ടെങ്കില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം'' , വീടുകളിലെ ബാക്റ്റീരിയ വളര്‍ച്ചയെക്കുറിച്ച് പഠനം നടത്തിയ മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയിലെ ഡോ.ബിരഞ്ചിയ നിര്‍ദേശിക്കുന്നു. എന്നും ഉപയോഗിച്ച കിച്ചണ്‍ ടവ്വലുകള്‍ സോപ്പു വെള്ളത്തില്‍ കഴുകി നന്നായി ഉണക്കിയെടുക്കുക. പാത്രം തുടയ്ക്കാനും കൗണ്ടര്‍ തുടയ്ക്കാനും വെവ്വേറെ തുണികള്‍ കരുതുക.
Content Highlights: Proper Care of Kitchen Towels