-
രാജകീയ കെട്ടുപാടുകളോടെല്ലാം വിടപറഞ്ഞ് ഹാരിയും മേഗന്‍ മാര്‍ക്കിളും ലോസ്ആഞ്ചലീസിലേക്ക് താമസം മാറിയിട്ട് അധികമായില്ല. പതിനൊന്നുമാസം പ്രായമുള്ള മകന്‍ ആര്‍ച്ചിക്കൊപ്പമാണ് ഇരുവരും പുതിയ ജീവിതത്തിലേക്കു കടന്നിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും കോടികളുടെ ആഡംബര മാന്‍ഷന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാലിബുവില്‍ നൂറ്റിപത്തു കോടിയുടെ മാന്‍ഷനാണ് മേഗനും ഹാരിയും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശസ്ത ഹോളിവുഡ് താരം മെല്‍ ഗിബ്‌സണിന്റെ വീടാണ് ഇരുവരും വാങ്ങിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
അഞ്ചര ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്താണ് മാന്‍ഷന്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകളും അഞ്ച് ബാത്‌റൂമുകളുമാണ് വീട്ടിലുള്ളത്. വീടിനോട് ചേര്‍ന്ന് ഒരു ഗസ്റ്റ് ഹൗസും സ്വിമ്മിങ് പൂളും ജിമ്മും ഉണ്ട്. രണ്ടു സ്വിമ്മിങ് പൂളാണ് വീട്ടിലുള്ളത്. മാലിബു മലനിരകളിലേക്ക് കാഴ്ച്ച നല്‍കും വിധത്തിലാണ് ഒരു പൂള്‍ ഉള്ളത്. മറ്റൊന്ന് ടെറസിലും.

ഇരുണ്ട നിറത്തിലുള്ള വുഡന്‍ ഫ്‌ളോറിങ്ങാണ് വീടിനു നല്‍കിയിരിക്കുന്നത്. ന്യൂട്രല്‍ കളറാണ് ചുവരുകള്‍ക്കുള്ളത്. ലിവിങ്ങിനോട് ചേര്‍ന്നു കിടക്കുന്ന വിധത്തിലാണ് ഡൈനിങ് ഏരിയയുടെ നിര്‍മാണം. പത്തോളം അതിഥികള്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ വിശാലമായ ഡൈനിങ് ഏരിയയ്ക്കു മുകളില്‍ മനോഹരമായ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
വീടിന്റെ പൂന്തോട്ടത്തില്‍ നിന്നാലുള്ള കടല്‍ക്കാഴ്ച്ചയാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ ഇരുവരും ഈ മാന്‍ഷന്‍ സ്വന്തമാക്കിയ വിവരം ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനാല്‍ ഇതുവെറും ഗോസിപ്പ് മാത്രമായേക്കാമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.

.
സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായാണ് ഹാരിയും മേഗനും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെന്ന പദവിയുപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇവരെ രാജകീയ സൈനിക പദവിയില്‍ നിന്നും ഒഴിവാക്കുന്നതായും ഹാരിയുടെയും മേഗന്റെയും ഹിസ് ഹൈനസ്, ഹെര്‍ ഹൈനസ് തുടങ്ങിയ പദവികള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചും ബക്കിങ്ങാം കൊട്ടാരം ഉത്തരവിറക്കുകയും ചെയ്തിരുന്നു.
Content Highlights: Prince Harry and Meghan Markle have reportedly bought mansion in Malibu