മേഗന്‍ മെർക്കലും ഹാരി രാജകുമാരനും കെനിങ്ടണ്‍ പാലസ് വിട്ട് വിന്‍ഡ്‌സര്‍ കാസിലിലെ ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് വൈകാതെ താമസം മാറുകയാണ്. പ്രസവദിനം അടുത്തതിനാൽ പുതിയ അതിഥി എത്തും മുമ്പുതന്നെ യാണ് താമസം മാറുന്നത്. റോയല്‍ ദമ്പതിമാരുടെ പുതിയ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഫ്രോഗ്മോര്‍ കോട്ടേജിലെ ഇന്റീരിയര്‍ ഡിസൈനിങ്ങിനായി മേഗനെ സഹായിച്ചത് പ്രശസ്ത മോഡലും ഡിസൈനറുമായ വിക്ടോറിയ ബെക്കാം ആണത്രേ.
ആറുമാസത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇരുവരും വീട്ടിലേക്കു മാറാനൊരുങ്ങുന്നത്. ഒരുകാലത്ത് സ്റ്റാഫ് റെസിഡന്‍സ് ആയി ഉപയോഗിച്ചിരുന്ന ഫ്രോഗ്മോര്‍ കോട്ടേജിനെ മനോഹരമായി ഡിസൈന്‍ ചെയ്‌തെടുക്കാനാണ് സുഹൃത്തിനെ വിക്ടോറിയ സഹായിച്ചത്. ടൊറന്റോയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന പല പോസ്റ്ററുകളും ഓര്‍മകള്‍ക്കായി മേഗന്‍ ഫ്രോഗ്മോര്‍ കോട്ടേജിലും തൂക്കിയിട്ടുണ്ട്.
27 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഫ്രോഗ്മോര്‍ കോട്ടേജില്‍ നടത്തിയിരിക്കുന്നത്. ഇതില്‍ സുരക്ഷ മുന്‍നിര്‍ത്തി വര്‍ധിപ്പിച്ച സൗകര്യങ്ങള്‍ക്കാണ് ഏറെയും പണം ചിലവായിരിക്കുന്നത്. വരുന്ന മെയ് പത്തൊമ്പതിന് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഹാരിക്കും മേഗനും എലിസബത്ത് രാജ്ഞിയുടെ സമ്മാനമാണ് ഫ്രോഗ്മോര്‍ കോട്ടേജ് എന്നും പറയപ്പെടുന്നുണ്ട്.
ഹാരിക്കും മേഗനും ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫ്രോഗ്മോര്‍ കോട്ടേജ് എന്നതിന് രണ്ടുണ്ട് ഉദാഹണങ്ങള്‍, ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ പകര്‍ത്തിയതും വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചതും ഇവിടെ വച്ചാണ്.
കെനിങ്ടണ്‍ പാലസിലെ ഗ്രൗണ്ട് ഫ്ളോറിലെ കോട്ടേജിലാണ് ഇരുവരും ഇതുവരെ താമസിച്ചിരുന്നത്. തുടക്കത്തില്‍ കെനിങ്ടണ്‍ പാലസിലെ തന്നെ വില്യമിന്റെ അപാര്‍ട്മെന്റിനോടു ചേര്‍ന്നുള്ള പ്രധാന അപ്പാര്‍ട്ട്മെന്റിലേക്കു മാറാനായിരുന്നു ഉദ്ദേശമെങ്കിലും പിന്നീട് വില്യമും ഹാരിയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ ദി സണ്‍ എന്ന മാധ്യമത്തോടു പറഞ്ഞത്.
പത്തോളം ബെഡ്റൂമുകളും കുഞ്ഞിനായുള്ള നഴ്സറിയും ജിമ്മും സ്പായും യോഗാ സ്റ്റുഡിയോയും ഉള്‍പ്പെടെ നിലവിലെ കോട്ടേജിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളും ഫ്രോഗ് മോറിലുണ്ട്. കെനിങ്ടണിലെ നോട്ടിങാം കോട്ടേജില്‍ രണ്ടു ബെഡ്റൂമുകളും രണ്ടു റിസപ്ഷന്‍ റൂമുകളും ഒരു ബാത്റൂമും ചെറിയ ഗാര്‍ഡനുമുള്‍പ്പെടെ 1324 ചതുരശ്രയടിയുള്ള കോട്ടേജിലാണ് ഇരുവരും താമസിച്ചിരുന്നത്.
മുന്നൂറോളം വര്‍ഷത്തെ പഴക്കമുണ്ട് ഫ്രോഗ് മോര്‍ ഹൗസിന്. രാജ്ഞിയുടെയും മറ്റ് രാജകുടുംബങ്ങളുടെയും പ്രൈവറ്റ്-ഒഫീഷ്യല്‍ ഒത്തുചേരലുകള്‍ക്ക് വേദിയാകുന്നയിടമായിരുന്നു ഇത്.
അടുത്തിടെയാണ് വില്യം-ഹാരി സഹോദരന്മാര്‍ വേര്‍പിരിയുകയാണെന്ന് ബെക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചത്.
Content Highlights: meghan markle prince harry new home frogmore cottage victoria beckham interior tips