-
കൊറോണക്കാലത്ത് സിനിമാത്തിരക്കുകള്‍ ഒഴിഞ്ഞതോടെ ആരാധകരുമായി സംവദിക്കാന്‍ സമൂഹമാധ്യമത്തെ ആശ്രയിക്കുകയാണ് താരങ്ങളിലേറെയും. വീടിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി അവര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ഫര്‍ഹാന്‍ അക്തര്‍ കാമുകിയും ഗായികയുമായ ഷിബാനി ദണ്ഡേക്കറിനൊപ്പം കഴിയുന്ന വീടിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മുംബൈയിലെ ആഡംബരപൂര്‍ണമായ വിശാലമായ വീട്ടിലാണ് ഫര്‍ഹാനും കാമുകിയും കഴിയുന്നത്. 2009ല്‍ വാങ്ങുന്ന സമയത്ത് മുപ്പത്തിയഞ്ചു കോടിയാണ് ഫര്‍ഹാന്‍ വീടിനായി മുടക്കിയത്. പതിനായിരം ചതുരശ്ര അടിയുള്ള വീടിന്റെ പേര് വിപാസന എന്നാണ്.
ഷിബാനി വീട്ടിലേക്ക് വരുന്നതിനു മുമ്പ് ഫര്‍ഹാന്‍ തന്റെ ഓമന നായകള്‍ക്കൊപ്പമാണ് ആ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഷിബാനിക്കൊപ്പം വീട്ടില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും ഫര്‍ഹാന്‍ പങ്കുവെക്കാറുണ്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനാണ് വീടിനുള്ളിലാകെ. ഫര്‍ണിച്ചര്‍ തിരഞ്ഞെടുത്തതില്‍ വരെ ഇതു കാണാം. ലിവിങ് റൂമിലെ ഓഫ് വൈറ്റ് നിറത്തിലുള്ള ഫര്‍ണിച്ചറിനു മറുവശത്ത് കറുത്ത നിറത്തിലുള്ള ഫര്‍ണിച്ചറാണുള്ളത്. ട്രോഫികള്‍ കൊണ്ടു നിറച്ചിരിക്കുന്ന മറ്റൊരു മുറിയുടെ പ്രധാന ആകര്‍ഷണം വെള്ള നിറത്തിലുള്ള ചുവരില്‍ മുഴുവന്‍ നിറച്ചിരിക്കുന്ന ഫോട്ടോകളാണ്.
യാത്രകളില്‍ നിന്നും മറ്റും ശേഖരിച്ച അലങ്കാര വസ്തുക്കളും സുഹൃത്തുക്കള്‍ സമ്മാനിച്ചവയുമൊക്കെ ഫര്‍ഹാന്‍ വീടിനുള്ളില്‍ നിറച്ചിട്ടുണ്ട്. ലിവിങ് റൂമിലും ഓഫീസ് മുറിയിലും ഒരുക്കിയിരിക്കുന്ന ഫോട്ടോവാള്‍ നിറയെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ്.

സല്‍മാന്‍ ഖാന്റെ ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റിനും ഷാരൂഖിന്റെ മന്നത്തിനും സമീപത്താണ് ഫര്‍ഹാന്റെ വിപാസന സ്ഥിതി ചെയ്യുന്നത്.
Content Highlights: farhan akhtar lavish mumbai home