സാമൂതിരി രാജാവിന്റെ നിലവറയ്ക്ക് മുകളില്‍ കൈതപ്രത്തിന്റെ ഇല്ലം


4 min read
Read later
Print
Share

കൈപൊക്കി നിന്നാല്‍ തട്ടാത്ത മച്ച്. മച്ചിന്‍മേല്‍ എന്നും തുറന്നിട്ട വാതില്‍. വാതില്‍ക്കല്‍ അമ്പലം. കേള്‍വിക്ക് നാമം.ഇവിടെ എത്തുമ്പോള്‍ ഉറക്കം വരും... നല്ല നാടന്‍ മണിച്ചിന്ത് നാവില്‍ വരും...

സൂര്യന് തുറക്കാന്‍ കിഴക്കേ പടിപ്പുര. പടിഞ്ഞാറ് നക്ഷത്രവാതില്‍. ഉത്തരം മുട്ടാത്ത പൂമുഖം. കനവിന് നാലകം. ഇത് വെള്ളിമാന്‍ തുള്ളുന്ന... അമ്പിളി ചന്ദ്രിക വെള്ളവിരിക്കുന്ന വീട്. ഇവിടെ തലനരച്ചണ്ണാനും തലനിറച്ചെണ്ണയും ചുറ്റുവാന്‍ ചുറ്റാടയും കണ്ണന്‍ ചിരട്ടയില്‍ കണ്ണിമാങ്ങയും മുത്തശ്ശിക്കഥയിലെ തേന്‍വരിക്കയുമുണ്ട്. കയ്യാല നാലിലും നല്ലവാക്ക്. കോതക്കുറിഞ്ഞിയും കുട്ടിക്കുറുമ്പനും കൂടിക്കളിക്കുന്ന നാല് മുറ്റം. പൈക്കിടാവോടിക്കളിക്കുന്ന ആല. കൈപൊക്കി നിന്നാല്‍ തട്ടാത്ത മച്ച്. മച്ചിന്‍മേല്‍ എന്നും തുറന്നിട്ട വാതില്‍. വാതില്‍ക്കല്‍ അമ്പലം. കേള്‍വിക്ക് നാമം. മുറ്റത്തെ മുല്ലയുടെ നറുമണം. ഇലകള്‍ക്ക് വെയില്‍. മുളകള്‍ക്ക് പാട്ട്. അറിവായ് തുറന്നിട്ട വാനം. അയലത്തെ ഉണ്ണിയും ഇവിടുത്തെ ഉണ്ണിയും തുല്യം. ആശാരി മൂശാരി കൊത്തനും കൊല്ലനും കല്‍പ്പണിക്കാര്‍ക്കുമുണ്ടിവിടെ അവകാശം. മലയാണ്മയുടെ അക്ഷരമുറ്റത്ത് വാക്കുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ 'ഒരു നല്ല ഇല്ലം' ഇങ്ങനെയായിരുന്നു.

''വണ്ണാത്തിപ്പുഴയുടെ തീരത്തെ കൈതപ്രം ഗ്രാമത്തില്‍ 64 ഇല്ലങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമത്തിന് വടക്കോട്ടൊഴുകുന്ന പുഴ. പിറകില്‍ കുന്ന്. ഇല്ലങ്ങള്‍ക്കിടയില്‍ മൂന്ന് വൈഷ്ണവക്ഷേത്രങ്ങള്‍. അതിലൊരു നാലുകെട്ടായിരുന്നു കണ്ണാടി ഇല്ലം, എന്റെ ഓര്‍മയിലെ വീട്.'' മൂന്ന് താവഴിക്കാര്‍ താമസിക്കുന്ന വലിയൊരില്ലം. ശബ്ദമുഖരിതമായ വീട്.
വീടും പറമ്പും അമ്പലമുറ്റങ്ങളും കുളക്കടവുമായിരുന്നു ഞങ്ങളുടെ ലോകം.

തൊടിയില്‍ നിറയെ മാവുകളാണ്; മധുരത്താനും പുളിയനും ഒളമാങ്ങയും നിറഞ്ഞ പറമ്പ്. മാമ്പഴം വീഴ്ത്താന്‍ അണ്ണാറക്കണ്ണനെ ജപിച്ച് വിളിക്കും.
ഇല്ലത്തിന്റെ ഇടനാഴികളിലൂടെ സന്ധ്യ കഴിഞ്ഞ് നടക്കാന്‍ പോലും ഭയമാണ്. രാത്രിയിലെ തണുത്ത കാറ്റിന് ചൂട്ടിന്റെ മണമുണ്ടാകും. കുന്നിന്‍ചെരുവിലെ പൊട്ടിച്ചൂട്ട് കാണിച്ച് വികൃതിക്കുട്ടികളെ മുതിര്‍ന്നവര്‍ പേടിപ്പിച്ചിരുത്തും.

മുത്തശ്ശിക്കഥകള്‍ ഞങ്ങളെ വിസ്മയലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകും. അവിടെ മല പൊട്ടിവന്ന മലമ്പാമ്പും കടല്‍ പിളര്‍ന്നുവന്ന മുതലയും യുദ്ധം ചെയ്യും.
ഇല്ലത്തെ വാതില്‍പ്പടിക്ക് മുകളിലെ അറയില്‍ ആരോ വായിച്ച് മറന്നുവെച്ച 'കമ്പരാമായണ'മുണ്ടായിരുന്നു. ആദ്യം വായിച്ചതും പലപ്പോഴായി വായിച്ച് രസിച്ചതും അതുതന്നെ.. സംഗീതപ്രിയനായ അച്ഛന്‍ എന്നെ പഠിപ്പിച്ചത് ജീവിതമായിരുന്നു. എന്റെ മനസ്സിനും ചിന്തകള്‍ക്കും ആഴം കൂട്ടിയത് അമ്മയായിരുന്നു. മറക്കുടയുടെ മറവിലൂടെ താഴ്ന്ന ജാതിക്കാരുടെ കുടുംബവിശേഷങ്ങള്‍ അമ്മ തിരക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിരുന്നു. ജാതിഭേദങ്ങളില്ലാതെ എന്റെ സുഹൃത്തുക്കളെ സ്വന്തം മക്കളെപ്പോലെ ആ അമ്മ കണ്ടു.


ജനിച്ചു വളര്‍ന്ന പഴയ നാലുകെട്ടിന്റെ ഓര്‍മകളില്‍ നിന്നുകൊണ്ടാണ് 'കാരുണ്യ'മെന്ന ഈ വീടൊരുക്കിയത്.

''ഈശ്വരകാരുണ്യവും മനുഷ്യകാരുണ്യവും നിറഞ്ഞ വീടാണിത്. ആശാരിയും മൂശാരിയും കൊല്ലനും അവകാശപ്പെട്ട വീട്. അവരുടെ സങ്കല്പങ്ങളും സ്വപ്‌നങ്ങളും സംഗീതവും ഇവിടെ ലയിച്ചിട്ടുണ്ട്. ഇവിടെ എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യും. മതസഹിഷ്ണുതയും സ്‌നേഹവും സാഹോദര്യവും വീട്ടില്‍ നിന്നാണ് വരേണ്ടതും തുടങ്ങേണ്ടതും എന്ന് ഞാന്‍ വിശ്വസിക്കുന്നു...''

'കാരുണ്യ'ത്തിന്റെ ഗേറ്റിനിരുവശത്തും രണ്ട് കല്‍വിളക്കുകളുണ്ട്. ഈ വീടിന്റെ അസ്തിവാരമെടുത്തപ്പോള്‍ കണ്ടുകിട്ടിയത്. പണ്ട് ഈ വീട് നില്ക്കുന്ന സ്ഥലം സാമൂതിരിരാജാവിന്റെ നിലവറയായിരുന്നത്രേ.

പുതിയ ലക്കം
സ്റ്റാർ ആൻഡ് സ്റ്റൈൽ
വാങ്ങാം

കല്ലും മരവും എന്റെ സ്വപ്‌നങ്ങളും ചേര്‍ത്താണ് ഈ വീടൊരുക്കിയത്. അതുകൊണ്ടുതന്നെ എഞ്ചിനിയര്‍മാരുടെ ഭാവനയേക്കാള്‍ എന്റെ ആഗ്രഹങ്ങളുടെ കൂടാരമാണിത്. കൊട്ടിയൂരില്‍ നിന്ന് കൊണ്ടുവന്ന ചെങ്കല്ലിലാണിത് പണിതത്. പച്ച ചെങ്കല്ലില്‍ വടക്കന്‍ കേരളത്തില്‍ നിന്നെത്തിയ ശില്പികള്‍ വിരുതുകള്‍ തീര്‍ത്തു. പൂമുഖത്തിന്റെ ചവിട്ടുപടികള്‍ക്ക് മുകളില്‍ രണ്ട് കരിങ്കല്‍ത്തൂണുണ്ട്. പാലക്കാട്ടെ കണ്ണാമ്പ്ര വീട് പൊളിച്ചപ്പോള്‍ അവിടെ നിന്ന് വിലയ്ക്കു വാങ്ങിയതാണിവ. അതിനു മുന്നിലായി വലിയ രണ്ട് മരത്തൂണുകളുണ്ട്. ഗുരുവായൂരില്‍ നിന്നാണത് കൊണ്ടുവന്നത്. വീട് പണി തുടങ്ങുന്നതിന് മുന്‍പേ അവയെല്ലാം ശേഖരിച്ചുവെച്ചിരുന്നു. എന്നിട്ടും സ്വപ്‌നഗൃഹം പൂര്‍ത്തിയാക്കാന്‍ 6 വര്‍ഷം വേണ്ടിവന്നു.

ഗജദ്വയം കാവല്‍ നില്‍ക്കുന്ന പൂമുഖവാതില്‍ കടന്നാല്‍ ലിവിങ് ഏരിയയില്‍ എത്താം. കണ്‍മുന്നില്‍ ലക്ഷ്മിവിളക്കും പറനിറയെ നെല്ലും നാളികേരവും. സ്വീകരണമുറിയിലെ ചുവരില്‍ തെയ്യച്ചമയവും നെറ്റിപ്പട്ടവും ചേര്‍ത്ത് അലങ്കാരം കാണാം. സ്വീകരണമുറിയുടെ വടക്ക് ഭാഗത്താണ് കൊച്ചു ശ്രീകോവില്‍. അവിടെയാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന കെടാവിളക്കുള്ളത്. മാത്രമല്ല അതിനകത്ത് ജറുസലേം, മക്ക, മൂകാംബിക എന്നീ പുണ്യസ്ഥലങ്ങളിലെ മണ്ണ് സൂക്ഷിച്ചിട്ടുണ്ട്.
''അതെന്റെ ആഗ്രഹമായിരുന്നു. ഞാന്‍ അത് ദാസേട്ടനോട് പങ്കുവെച്ചു. പിന്നെ എല്ലാം ഒരു നിയോഗം പോലെ വന്നുചേര്‍ന്നു. ഈ മണ്ണുകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. എല്ലാ മണ്ണിലും ലോഹാംശം ഏറെയുണ്ട്.''

ചന്ദനം മണക്കുന്ന വീടിനകത്ത് തണുപ്പ്. പൂജാമുറിയിലേക്ക് ഇറങ്ങുന്ന വഴിയില്‍ ഒരു ഭസ്മത്തട്ട്. കവിയുടെ മനസ്സറിഞ്ഞ് ഒരു കലാകാരന്റെ സ്‌നേഹോപഹാരമായിരുന്നത്. ശ്രീകോവിലിന്റെ നടുമുറ്റത്ത് നിന്നാല്‍ ആകാശം കാണാം. അതിന്റെ മേല്‍ച്ചുവര്‍ അലങ്കരിച്ചിരിക്കുന്നത് കൈതപ്രത്തിന്റെ ഭാര്യ ദേവി വരച്ച ചുവര്‍ചിത്രം കൊണ്ടാണ്.
''ഞാന്‍ പാട്ടെഴുത്തുമായി കറങ്ങുന്ന സമയത്ത് തന്നെയാണ് വീടിന്റെ പണി നടന്നത്. കലാബോധമുള്ള അവളുടെ മേല്‍നോട്ടത്തിലാണ് ബാക്കി പണികളെല്ലാം നടന്നത്.'' കൈതപ്രം പതുക്കെ വീടിന്റെ രണ്ടാംനിലയിലേക്ക് കയറി. കോണിപ്പടികള്‍ ചേര്‍ന്ന ചുവരില്‍ ഗാനഗന്ധര്‍വന്റെ യൗവനചിത്രം.

രണ്ടാംനിലയിലെ സെന്‍ട്രല്‍ഹാളില്‍ ചാരുപടി ചേര്‍ന്ന് തിണ്ണ. അതിനടുത്ത് ലൈബ്രറിയും. മൂന്ന് ബെഡ്‌റൂമുകള്‍...
''ഇവിടെയിരുന്ന് മഴയും വെയിലും സംഗീതവും അനുഭവിച്ചറിയാം.'' ചാരുപടിക്കരികിലെ തൂണില്‍ ചാരിയിരുന്ന് കൈതപ്രം പറഞ്ഞു. ചുണ്ടില്‍ പ്രമദവനം വീണ്ടും... പുറത്ത് ഇളവെയില്‍ തോറ്റം.

മുകളിലെ സെന്‍ട്രല്‍ ഹാളിലേക്കുള്ള വഴിയിലാണ് റെക്കോഡിങ് സ്റ്റുഡിയോ. സ്റ്റുഡിയോ ചുവരില്‍ അച്ഛന്‍ കേശവന്‍ നമ്പൂതിരിയുടെ ഛായാചിത്രം.

''സംഗീതത്തെ ഉപാസിച്ച അച്ഛന്‍ ചെമ്പൈയുടെ ശിഷ്യനായിരുന്നു. ചന്ദനക്കുറിയിട്ട് പ്രസന്നമായ മന്ദഹാസത്തോടെ അമ്പലനടയില്‍ ഹാര്‍മോണിയം വായിക്കുന്ന അച്ഛന്റെ മുഖം ഓര്‍മവരും. പാരലൈസ് വന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ സംഗീതപാഠങ്ങളൊന്നുംതന്നെ എന്നെ പഠിപ്പിച്ചിരുന്നില്ല. എന്നാല്‍ ചില ജീവിതപാഠങ്ങള്‍ പങ്കുവെച്ചു.

''എവിടെ പോയാലും അവിടെ നിന്നിറങ്ങുമ്പോള്‍ അവര്‍ക്ക് സങ്കടം തോന്നണം. കാണുമ്പോള്‍ സന്തോഷവും... പ്രവൃത്തി ശുദ്ധമായാലേ അതിനൊക്കെ കഴിയൂ...'' അച്ഛന്‍ സമ്മാനിച്ച വിലപ്പെട്ട ഉപദേശമായിരുന്നു അത്. റെക്കോഡിങ് സ്റ്റുഡിയോയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നാല്‍ മുകളിലെ ഓപ്പണ്‍ ഹാളിലെത്താം. അവിടെ, ചെങ്കല്ലില്‍ പിണറായിയിലെ കലാകാരന്മാര്‍ തീര്‍ത്ത മൂന്ന് കമാനങ്ങള്‍. നിലവിളക്കുപോലുള്ള തൂണുകള്‍. അതിന്റെ മുന്നിലായി ചെങ്കല്‍കുറ്റിയില്‍ താങ്ങിയ ചെറിയൊരു സ്റ്റേജ്. മ്യൂസിക് റിഹേഴ്‌സലിനും സംഗീത സദസ്സിനും പറ്റിയ ഇടം. അരികിലായി തംബുരുവും മണിവീണയും തബലയും സൂക്ഷിച്ച അലമാരകള്‍. ഹാളിന്റെ ചുവരില്‍ അലങ്കരിച്ച ചുവര്‍ചിത്രങ്ങള്‍.

(സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത് നവംബര്‍ 2014)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram