ഇന്ദ്രന്‍സിന്റെ കളിവീട്


5 min read
Read later
Print
Share

ചാണകം മെഴുകിയ തറയുള്ള വീട്ടില്‍ കഴിയുമ്പോള്‍ എന്നെങ്കിലും വലിയൊരു വീട്ടില്‍ താമസിക്കാന്‍ കഴിയുമോയെന്ന് കരുതിയിരുന്നു.

സിനിമക്കാരന്റെ ആഢംബരജീവിതം സ്വപ്നം കണ്ടിട്ടല്ല ഇന്ദ്രന്‍സ് സിനിമയിലേക്ക് വണ്ടി കയറിയത്. കുഞ്ഞു നാളിലേ മനസ്സിന്റെ ചെപ്പിനകത്ത് സൂക്ഷിച്ച 'ഒരു സിനിമയിലെങ്കിലും അഭിനയിക്കണ'മെന്നമോഹം. അതാണ് ഇന്ദ്രന്‍സെന്ന നടനെ മലയാളത്തിനു സമ്മാനിച്ചത്. 'ചൂതാട്ട'മെന്ന ചിത്രത്തിലൂടെ ആര്‍ക്ക് ലൈറ്റുകളുടെ മുന്നിലും പിന്നിലും സജീവമായി തുടങ്ങിയ ഇന്ദ്രന്‍സിന്റെ സിനിമാജീവിതത്തിനിപ്പോള്‍ മുപ്പത് വയസ്സായിരിക്കുന്നു. ഒരിക്കല്‍ സിനിമാലോകം വേണ്ടെന്ന് തീരുമാനിച്ച് ഇറങ്ങിയ ഇന്ദ്രന്‍സിനെ മലയാളസിനിമയുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജനായിരുന്നു തിരികെ വിളിച്ചത്.

ഇനി ഇന്ദ്രന്‍സ് പറയട്ടെ..

''പത്മരാജന്‍സാറിന്റെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ കിട്ടിയിട്ടില്ലെങ്കില്‍ ഞാന്‍ അനുജന്‍മാര്‍ക്കൊപ്പം ഇപ്പോഴും ടെയ്ലറിങ്ങിലുണ്ടാകുമായിരുന്നു. സാറിന്റെ 'ഞാന്‍ ഗന്ധര്‍വന്‍'വരെ 12 സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. തുടര്‍ന്ന് വെണ്ടര്‍ഡാനിയലോടെ ഞാന്‍ സിനിമയിലെ കോസ്റ്റിയൂമര്‍ എന്ന മേഖലയില്‍ നിന്ന് മാറി മുഴുവന്‍ സമയവും അഭിനയത്തിലേക്ക് തിരിഞ്ഞു. പിന്നിട്ട വഴികള്‍ നോക്കുമ്പോള്‍ ഇപ്പോഴും വിസ്മയമാണ്',ഇന്ദ്രന്‍സ് കുമാരപുരത്തെ 'കളിവീടി'ലിരുന്ന് ചിരിക്കുന്നു.

ഞാന്‍ ആ പഴയ സുരേന്ദ്രന്‍

ഞാന്‍ കാണുന്ന സിനിമക്കാര്‍ കുറച്ചു നിറമുള്ള ആളുകളായിരുന്നു. അവരുടെ ജീവിതരീതിയും ചുറ്റുപാടുകളും ആഢംബരമുള്ളതുമായിരുന്നു. അതൊക്കെ ഒതുങ്ങി നിന്നു കാണാം. നമുക്ക് അതൊക്കെ അപ്രാപ്യമാണെന്നു മാത്രമല്ല, ഇത്രയൊക്കെ വേണമോയെന്നും തോന്നിയിരുന്നു. ക്രമേണ എനിക്ക് അഭിനയിക്കണം,നല്ല കോസ്റ്റ്യൂമറാകാം എന്നൊക്കെ വിചാരിച്ചാണ് സിനിമയില്‍ എത്തിയത്. ഞാന്‍ ഇപ്പോഴും പൂര്‍ണമായി നടനായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. വലിയ വീട്ടില്‍ കഴിയണമെന്നത് കുഞ്ഞു നാളിലേ ഒരു സ്വപ്നമായിരുന്നു. അതു കൊണ്ട് വീട് വലുതാക്കിയെന്നേയുള്ളൂ. ബാക്കി എല്ലാം എന്റെ പഴയകാലത്തുള്ള രീതിയേയുള്ളൂ. ഞാന്‍ ആ പഴയ സുരേന്ദ്രന്‍ തന്നെയാണ്.

ചെറിയ വീട്ടില്‍ നിന്ന് വലിയ വീട്ടിലേക്ക്

എന്റെകുട്ടിക്കാലത്ത് ഞങ്ങളുടെ വീട് ചെറിയ ഓല മേഞ്ഞ വീടാണ്. വേലിപ്പടര്‍പ്പുപോലെ നിറയെ ചെമ്പരത്തി. അതിനിടയിലൂടെ വീട് കാണാന്‍ ഭംഗിയാണ്. വീട്ടിനു മുന്നിലൊരു തൊഴുത്തുമുണ്ടാകും. ചാണകം മെഴുകിയ തറയുള്ള വീട്ടില്‍ കഴിയുമ്പോള്‍ എന്നെങ്കിലും വലിയൊരു വീട്ടില്‍ താമസിക്കാന്‍ കഴിയുമോയെന്ന് കരുതിയിരുന്നു. ഭാര്യ ശാന്തയുടെ വീട്ടില്‍ ചെല്ലുമ്പോഴും നടയില്‍ ഒരു തറി, കുഞ്ഞ് തൊഴുത്ത് എല്ലാമുള്ള വീടായിരുന്നു. വിവാഹത്തിനു ശേഷം താമസിച്ച വീടുകളും ചെറുതായിരുന്നു.

ഒരു നല്ല വീട് വെക്കണം. അപ്പോള്‍ നമുക്ക് നല്ല വഴിയും ചുറ്റിലും സഥലം വേണമെന്നൊക്കെ പറയും. പിന്നെ അത് നടക്കില്ല. അങ്ങനെ ഇവിടെയൊക്കെ സ്ഥലത്തിന് വില കൂടുന്നു. അങ്ങനെ നാട്ടിലുള്ളവര്‍ തന്നെ ഇവിടെയൊക്കെ വിറ്റിട്ട് ഏതൊക്കെയോ കാട്ടിലേക്ക് പോകുന്നു. ഇതിനിടയില്‍ കുറച്ചു സ്ഥലം എങ്ങനെയോ വാങ്ങിക്കാന്‍ കഴിഞ്ഞു. പണ്ട് ഇവിടെ ചതുപ്പുളള സ്ഥലമായിരുന്നു. വീടിനെക്കുറിച്ച് ഒന്നും പറഞ്ഞു കൊടുക്കാന്‍ അറിയാത്തതിനാല്‍ ഞാന്‍ ജഗദീഷ് സാറിനെ സമീപിച്ചു. അദ്ദേഹം കീര്‍ത്തി എന്ന ആര്‍ക്കിടെക്ടിനോട് സംസാരിച്ച് എല്ലാം വേണ്ട രീതിയില്‍ ചെയ്തു തന്നതാണ്.

സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം
വീട് വിളിക്കുമ്പോള്‍
വലിയ സംവിധായകര്‍ സിനിമ ചെയ്യുമ്പോള്‍ അതിന്റെ കോസ്റ്റിയൂമര്‍ ആരായിരിക്കും എന്നൊക്കെ വിചാരിച്ച് നടന്ന കാലമുണ്ടായിരുന്നു. എങ്ങനെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് അവരുമായിട്ടൊക്കെ സഹകരിക്കാന്‍ കഴിഞ്ഞു. കോസ്റ്റിയൂം ചെയ്യുമ്പോഴാണ് ഒരു പാട് ദിവസം വീട് വിട്ടു നില്ക്കേണ്ടി വരിക. ലൊക്കേഷനില്‍ നിന്ന് മാറാന്‍ പറ്റാതിരിക്കുകയെന്നത് ഒരുപാട് ആധിയുള്ള കാര്യമാണ്. അതിനാല്‍ പലപ്പോഴും ലൊക്കേഷനില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാനുണ്ടെങ്കില്‍ ട്രിവാന്‍ഡ്രത്ത് പോയാലേ കിട്ടുകയുള്ളൂ എന്നൊക്കെ കള്ളം പറഞ്ഞ് വീട്ടിലെത്തും.

അമ്മയുടെയൊപ്പം ഒരു ദിവസം നിന്നാല്‍ ഒരു സമാധാനമാണ്. വീടിന്റെ മുറ്റത്തൊക്കെയിറങ്ങി നടന്ന്, ചുറ്റുവട്ടത്തൊക്കെ പോയി വീട്ടുകാരെയൊക്കെ കണ്ട് കുറേ നേരം കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. ചാര്‍ജായി ഇങ്ങ് പോരാം. അതിന് കൂടുതലും കൂട്ടു പിടിക്കുക കാരാല്‍ക്കടയാണ്. മുണ്ട്, നേര്യത് എന്നിവയൊക്കെ വാങ്ങണമെങ്കില്‍ കാരാല്‍ക്കട വേണമെന്ന് പറയും. പിന്നെ മധുസാര്‍, ജനാര്‍ദ്ദനന്‍ചേട്ടന്‍ എന്നിവരെപ്പോലെ വലിയ ആളുകള്‍ക്കുള്ള മുണ്ടിന്റെ അളവ് ഇത്തിരി കൂടുതല്‍ വേണം. അത് എല്ലാ കടകളിലും കാണില്ല. അതിന്റെയൊക്കെ പേര് പറഞ്ഞ് അവരെക്കൂടി കൂട്ട് പിടിക്കും. 'നല്ലതാ, അത് അവന്‍ അവിടെ പോയി എടുത്തതായെന്നൊ'ക്കെ ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറയും. ഇപ്പോഴും ഞാന്‍ വീടെത്തണമെന്ന് വിചാരിക്കുമ്പോഴേക്കും എനിക്ക് എങ്ങനെയെങ്കിലും എത്താന്‍ കഴിയാറുണ്ട്.

നാടകം തുറന്നവഴി

12 വയസ്സുമുതല്‍ ഞാന്‍ മാമനൊപ്പം തയ്യല്‍ രംഗത്തെത്തിയിരുന്നു. കുമാരപുരത്തുള്ള മാമന്റെ തയ്യല്‍ കട വിട്ട് സ്റ്റാച്യുവിലൊക്കെ ജോലി അന്വേഷിച്ച് പോയപ്പോഴാണ് സിനിമ സ്വാതന്ത്ര്യത്തോടെ കാണാന്‍ തുടങ്ങിയത്. അതു വരെ ഞായറാഴ്ച അമ്മയോടൊപ്പം പോയിട്ടായിരുന്നു സിനിമ കണ്ടിരുന്നത്. അക്കാലത്ത് അവിടെയൊക്കെയുള്ള വായനശാലയുടെ വാര്‍ഷികവും വലിയ നാടക മത്സരവുമൊക്കെ സംഘടിപ്പിക്കും. അപ്പോള്‍ ഏകാംഗ നാടകമത്സരത്തിന് ചെറിയ സ്‌ക്രിപ്റ്റുമായി പോകും. അങ്ങനെ തുടങ്ങിയതാണ് അഭിനയം. കുറേയൊക്കെ തയ്യല്‍ ജോലി സ്വതന്ത്രമായി ചെയ്യാന്‍ തുടങ്ങിയതോടെ ധൈര്യമായി. പിന്നെ സ്റ്റാച്യൂവില്‍ പോയി ഒരു കടയൊക്കെ തുടങ്ങി. അപ്പോഴാണ് അംബികയുടെയൊക്കെ ഡ്രസ്സ് തയ്ക്കണമെന്ന് പറയുന്നത്.

സിനിമയും നാടകവുമായി നടന്നപ്പോള്‍ ആ കടയും പോയി. ചൂതാട്ടം എന്ന സിനിമ അയ്യനേത്തിന്റെ നോവലിനെ ആസ്പദമാക്കി തുടങ്ങുമ്പോള്‍ സി. എസ്. ലക്ഷ്മണന്‍ എന്ന പുതിയ കോസ്റ്റിയൂമറായിരുന്നു. അദ്ദേഹത്തിന് ഒരാള്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാം വിട്ടു പോവുകയായിരുന്നു. ചാര്‍ളി എന്ന അതിന്റെ പ്രൊഡ്യൂസര്‍ കുമാരപുരത്താണ്. അദ്ദേഹം നമ്മുടെ അമേച്വര്‍ നാടകം ഉത്സവപ്പറമ്പില്‍ നിന്നും റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നും കണ്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടാണ് എനിക്ക് സിനിമയില്‍ ചാന്‍സ് തന്നത്. പിന്നെ രണ്ടു മൂന്നു പടങ്ങള്‍ അങ്ങനെ പോയി. രണ്ടു മൂന്നു പടങ്ങള്‍ ചെയ്തപ്പോള്‍ വേലായുധന്‍ ചേട്ടന്റെ കൂടെ മദ്രാസിലേക്ക് പോയി. വീട്ടുകാരെല്ലാം വന്ന യാത്രയയപ്പ് നല്കിയതൊക്കെ ഇന്നലെയെന്നോണം ഓര്‍മയിലുണ്ട്.


ഇന്ദ്രന്‍സും അനുജന്‍സും

ഞാന്‍ കല്യാണം കഴിച്ചത് സിനിമാപരിപാടിയുമായി നടക്കുമ്പോഴാണ്. പിന്നീട് വലിയ പ്രയാസങ്ങള്‍ വന്നപ്പോഴാണ് ഇനി സിനിമയിലേക്കില്ലെന്ന് പറഞ്ഞ് ഇന്ദ്രന്‍സ് എന്ന കട തുടങ്ങുന്നത്. സുരേന്ദ്രന്‍ എന്ന പേരില്‍ നിന്നാണ് ഇന്ദ്രന്‍സ് എന്ന പേരിട്ടത്. ഇനി സിനിമയില്‍ പോകില്ലെന്ന് അമ്മയുടെ അടുത്തൊക്കെ പറഞ്ഞു. കാരണം ഓരോ പ്രാവശ്യവും കൂടെയുള്ളവരെയൊക്കെ വിടണമെങ്കില്‍ ആഭരണം പണയം വെയ്ക്കേണ്ടിവരുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ സജീവമായതോടെ അനുജന്‍മാരാണ് കടയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. കുറച്ചു മുമ്പു വരെ സിനിമയില്‍ നിന്നു വരുമ്പോള്‍ ഞാന്‍ കട ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ സിനിമ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഫാമിലി കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും.

മോള്‍ മഹിത വര്‍ക്കലയില്‍ ഇടവയില്‍ ഡോക്ടറാണ്. മകന്‍ മഹേന്ദ്രന്‍ കിംസ് ഹോസ്പിറ്റലില്‍ എച്ച്.ആര്‍. ട്രെയ്നിയായി പോകുന്നു. അവര്‍ കുട്ടികളായിരുന്നപ്പോള്‍ ഞാന്‍ ലൊക്കേഷനില്‍ നിന്ന് വന്നാല്‍ കുറേ സമയം അവര്‍ക്കൊപ്പമായിരുന്നു. കുട്ടികള്‍ക്ക് ജോലിയ്ക്കൊക്കെ പോകേണ്ടതിനാല്‍ അവരെ ഇപ്പോള്‍ കിട്ടാറില്ല. അതുകൊണ്ട് ഞാനും ഭാര്യയും ഒഴിവു സമയം സിനിമ കാണാന്‍ പോകും.



തമാശയില്‍ നിന്ന് സീരിയസിലേക്ക്

ഒരു പാട് ക്യൂ നിന്നിട്ട് സിനിമ കാണാന്‍ പോകുന്നതു പോലത്തെ ഒരു തയ്യാറെടുപ്പാണ് സീരിയസ് സിനിമ ചെയ്യുമ്പോളെടുക്കുന്നത്. നമ്മള്‍ വേറെ ഒന്നിനും പിടി കൊടുക്കാതെ ഫോണൊക്കെ ഓഫ് ചെയ്ത് അതിനു വേണ്ടി തയ്യാറെടുക്കും. അറിയാതെ എന്റെ ഗോഷ്ഠികളൊന്നും കയറി വരരുതല്ലോയെന്ന പേടി കൊണ്ടാണത്. എന്നെ ഒരു പാട് സ്വയം നിയന്ത്രിക്കും. എന്നാല്‍ എനിക്ക് ഇളകി നിന്ന് ചെയ്യാനാണ് ഇഷ്ടം. ഇപ്പോള്‍ നല്ലൊരു ഹ്യൂമര്‍ വേഷം കിട്ടാന്‍ വല്യ പാടാണ്. അതിന്റെ ഒരു ഊര്‍ജക്കുറവുണ്ട്. മറ്റല്ലാതെ എല്ലാം വെറും സീരിയസായി പോകും.

തമാശക്കാരന്‍
എന്നെ കാണുമ്പോള്‍ ഒരു പരിചയമില്ലാത്ത ആളും ഹാ.. എന്നു പറഞ്ഞ് ഓടി വരും. പരസ്പരം നന്നായി അറിയുന്നവരെപ്പോലെ., വളരെ അടുപ്പമുള്ളവര്‍ തോളില്‍ തട്ടി സംസാരിക്കുന്നതു പോലെ സംസാരിക്കും. അത് എനിക്ക് തമാശക്കാരന്‍ ഇമേജുള്ളതുകൊണ്ടാണ്.

പാചകം, ഭക്ഷണം
ഭാര്യയ്ക്ക് ഞാന്‍ അടുക്കളയില്‍ ചെല്ലുന്നത് ഉപദ്രവമാണ്. എന്നെ ഓടിക്കും. അതിനാല്‍ ഞാന്‍ പാചകത്തിനൊന്നും നിലക്കാറില്ല. കൂടുതലും വെജിറ്റേറിയനാണ് ഇഷ്ടം. ഇത്തിരി പുളിശ്ശേരിയോ സാമ്പാറോ ഉണ്ടെങ്കില്‍ നമ്മള്‍ ഹാപ്പിയാണ്. ഇറച്ചിയോട് താല്പര്യമില്ല. ഇത്തിരി ദോശയോ ഇഡ്ഢലിയോ കിട്ടിക്കഴിഞ്ഞാല്‍ രാവിലത്തെ ഭക്ഷണക്കാര്യവും കഴിഞ്ഞു.

സ്പോര്‍ട്സ്

പണ്ട് സ്പോര്‍ട്സില്‍ താല്പര്യമുണ്ടായിരുന്നു. നാടകത്തില്‍ പോയപ്പോഴാണ് അത് പോയത്. മെഡിക്കല്‍ കോളേജ്ഗൗണ്ടില്‍ ഫുട്ബോള്‍ കളി വരുമ്പോള്‍ സ്ഥിരം കാണാന്‍ പോകും. അതു കഴിഞ്ഞു വന്ന് നമ്മളും പറമ്പില്‍ കളിക്കും. ഞായറാഴ്ച അവധിയാണെങ്കില്‍ തിങ്കളാഴ്ച മുടന്തി മുടന്തിയാണ് കടയില്‍ പോകുന്നത്. വിരലൊക്കെ നീര് വന്ന് തടിച്ചിട്ടുണ്ടാകും. ഇപ്പോഴും ഫുട്ബോള്‍ കളിയാണ് ഇഷ്ടം.

(സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ നവംബര്‍ 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram