വീടെന്നാല്‍ കോണ്‍ക്രീറ്റ് കൂടുമാത്രമല്ല, സ്വപ്നങ്ങളുടെ ആവാസസ്ഥലം കൂടിയാണ്


2 min read
Read later
Print
Share

പ്രളയാനന്തര പുനര്‍നിര്‍മാണങ്ങള്‍ക്കെല്ലാം പരിസ്ഥിതിസൗഹൃദപരമായ മാനദണ്ഡങ്ങള്‍ വേണമെന്നാണ് വിദഗ്ധര്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.

വിവരണാതീതമായ ദുരിതങ്ങള്‍ സൃഷ്ടിച്ച പ്രളയം കേരളത്തിന് വിലയേറിയ പാഠങ്ങളും നല്‍കിയിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. പരമ്പരാഗതമായ വികസനസങ്കല്പങ്ങള്‍ മാറിയില്ലെങ്കില്‍ ഇതിലും വലിയ ദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്ന തിരിച്ചറിവിലാണ് വിവേകശാലികളായ മനുഷ്യരെല്ലാം. ഇതുവരെയുള്ള കേരളം പോരാ ഭാവിയിലേക്ക് എന്ന ബോധ്യത്തോടെ, പ്രകൃതിയോടും പരിസ്ഥിതിയോടും കൂടുതല്‍ ഇണങ്ങിയ വികസനരീതികള്‍ ശീലിക്കേണ്ടതിന്റെ ജാഗ്രതയിലേക്കാണ് നാം ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുവെന്നത് ശുഭവാര്‍ത്തയാണ്. അടുത്ത കാലവര്‍ഷത്തിനുമുമ്പ് സംസ്ഥാനത്തുടനീളം 16,000 വീടുകളുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. നവകേരളകര്‍മപദ്ധതിയുടെ ഭാഗമായാണ് പ്രളയബാധിതമേഖലകളില്‍ പുനര്‍നിര്‍മാണങ്ങള്‍ നടക്കുക. പ്രളയത്തില്‍ വീടുനഷ്ടമായ, സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് ഇപ്രകാരം വീടുകളുണ്ടാക്കുന്നത്. ഭൂമിയില്ലാതായിപ്പോയവര്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അസാധ്യമാംവിധം ഭൂമിയുടെ സ്വഭാവം മാറിപ്പോയവര്‍ക്കും പുതിയ ഇടങ്ങളില്‍ പുനരധിവാസമുറപ്പാക്കുകയും ചെയ്യും.

പ്രളയാനന്തര പുനര്‍നിര്‍മാണങ്ങള്‍ക്കെല്ലാം പരിസ്ഥിതിസൗഹൃദപരമായ മാനദണ്ഡങ്ങള്‍ വേണമെന്നാണ് വിദഗ്ധര്‍ ശുപാര്‍ശചെയ്തിരിക്കുന്നത്. അമ്മട്ടിലാവണം പുതിയ വീടുകള്‍ പണിയുന്നതെന്ന് സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. വീടെന്നാല്‍, ഒരു കോണ്‍ക്രീറ്റ് കൂടുമാത്രമല്ലെന്നും മനുഷ്യരുടെ സ്വപ്നങ്ങളുടെ ആവാസസ്ഥലംകൂടിയാണെന്നുമുള്ള ധാരണയോടെയാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വീടുനഷ്ടമായവരെ വിളിച്ചുചേര്‍ത്ത് ചര്‍ച്ചനടത്തി ഓരോ കുടുംബത്തിന്റെയും ആഗ്രഹങ്ങളും ആവശ്യങ്ങളും വിഭവസാധ്യതയും പരിഗണിച്ചാണ് അന്തിമതീരുമാനമെടുക്കുന്നത്. വീടുണ്ടാക്കാന്‍ സ്വന്തംനിലയ്ക്ക് സാധിക്കാത്തവരെ സഹായിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതബാധിതരും ഭരണസംവിധാനങ്ങളുംമാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതല്ല ഈ നിര്‍മാണങ്ങളെന്ന് വ്യക്തം.

ഉദാരമതികളുടെ പലവിധത്തിലുള്ള സഹായങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ഈ സ്വപ്നം സഫലമാവുക. പണമായി മാത്രമല്ല, വിദഗ്ധമാര്‍ഗനിര്‍ദേശങ്ങളായും സേവനങ്ങളായും നിര്‍മാണവസ്തുക്കളായുമൊക്കെ ഈ സഹായങ്ങളെത്തുന്നുണ്ടെന്നത് നമ്മുടെ നാടിനാകെ അഭിമാനകരമാണ്. സ്വന്തമായി വീടുപണിയാന്‍ പണമില്ലാത്തവര്‍ക്ക് പണിതുനല്‍കുകയും സ്‌പോണ്‍സര്‍ഷിപ്പുകള്‍ മുഖേന സഹായം ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. നാലുലക്ഷം രൂപയാണ് വീടുണ്ടാക്കുന്നതിന് സര്‍ക്കാര്‍ നല്‍കുക. 400 ചതുരശ്രയടിയുള്ള വീടുകളാണ് ഇപ്രകാരം പണിയുക. അതില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളാണെങ്കില്‍ സ്വയം പണിയേണ്ടിവരും. ഇവര്‍ക്കും നാലുലക്ഷം രൂപയും വിദഗ്ധരുടെ സേവനങ്ങളും ലഭ്യമായിരിക്കും. നാലുലക്ഷം രൂപയ്ക്ക് വീടുപൂര്‍ത്തിയാക്കുക എന്നത് യാഥാര്‍ഥ്യബോധമില്ലാത്ത കാര്യമാണെന്ന വിമര്‍ശം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. നിര്‍മാണസാമഗ്രികള്‍ ഒന്നിച്ചെത്തിക്കുകയും വൈദഗ്ധ്യവും സേവനങ്ങളും സൗജന്യമായി ലഭിക്കുകയും പ്രാദേശികമായ വിഭവസമാഹരണം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് ഔദ്യോഗികചുമതലയുള്ളവരുടെ പ്രതീക്ഷ. എന്നാല്‍, പരമ്പരാഗതനിര്‍മാണരീതികള്‍വെച്ച് ഈ തുകയ്ക്ക് ഒരു വീടുണ്ടാക്കുക എന്നത് അപ്രായോഗികമാണെന്ന് വ്യക്തം.

ഫാക്ടറികളില്‍ പണിത ഘടകഭാഗങ്ങള്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് വീടുണ്ടാക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് രീതി പല ഗൃഹനിര്‍മാണസ്ഥാപനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. നവീനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വീടുകളുണ്ടാക്കുന്ന സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സ്ഥാപനങ്ങളും കേരളത്തിന്റെ പുനര്‍നിര്‍മാണ കര്‍മപദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പരമ്പരാഗതവീടുകളെക്കാള്‍ സൗകര്യപ്രദമായ ഇത്തരം നിര്‍മിതികള്‍ക്ക് ചെലവുകുറവാണെന്ന ഗുണവുമുണ്ട്. എന്നാല്‍, എല്ലായിടത്തും ഇത്തരം നിര്‍മിതികള്‍ സ്ഥാപിക്കാന്‍ പറ്റില്ലെന്നതാണ് പരിമിതി. തൊഴിലുറപ്പുപദ്ധതിയിലൂടെ നിര്‍മാണജോലികള്‍ സമയബന്ധിതമായും കൃത്യമായും പൂര്‍ത്തിയാക്കാനാവുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ഇത്തരം തൊഴിലാളികള്‍ക്ക് മികച്ച മാര്‍ഗനിര്‍ദേശം നല്‍കാന്‍ വിദഗ്ധരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. എങ്കിലും കേരളത്തിന്റെ ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍, എല്ലായിടത്തും ഒരേരീതിയിലുള്ള വീടുകള്‍ സാധ്യമാകില്ല. പ്രീ ഫാബ്രിക്കേറ്റഡ് രീതി നടപ്പാക്കുന്നതിലൂടെ സമയവും പണവും ലാഭിക്കാനാവുമെങ്കിലും എല്ലായിടത്തും അതിനാവില്ല. ഇത്തരം ഘടകങ്ങളും പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളും പരിഗണിച്ചുകൊണ്ടുവേണം പുനര്‍നിര്‍മാണം നടത്തേണ്ടത്. വീട് നഷ്ടമായവരുടെ സ്വപ്നങ്ങളോടും ആവശ്യങ്ങളോടും പരമാവധി നീതി പുലര്‍ത്താനും സാധിക്കണം.

Content Highlights: rebuilding flood affected houses

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram