ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായപ്പോള്‍ മറ്റേതു മുത്തശ്ശിമാരെയും പോലെ എലിസബത്ത് രാജ്ഞി അവര്‍ക്കൊരു സ്‌പെഷ്യല്‍ സമ്മാനം നല്‍കിയിരുന്നു. വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ ഫ്രോഗ്മോര്‍ കോട്ടേജ് ആയിരുന്നു ഇത്. കെനിങ്ടണ്‍ പാലസിലെ നോട്ടിങാം കോട്ടേജില്‍ നിന്ന് വൈകാതെ ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇരുവരും. ഹാരിയും വില്യം രാജകുമാരനും തമ്മിലുള്ള ഉടക്കാണ് ഈ പെട്ടെന്നുള്ള വീടുമാറ്റത്തിനു പിന്നിലെന്നും സംസാരമുണ്ട്.
നവീകരണം നടക്കുന്ന ഫ്രോഗ്മോര്‍ കോട്ടേജില്‍ അഞ്ച് ബെഡ്‌റൂമുകളാണുള്ളത്. ഗര്‍ഭിണിയായ മേഗന്‍ കുഞ്ഞിന്റെ വരവേല്‍പ്പോടെ ഫ്രോഗ്മോര്‍ കോട്ടേജിലേക്കു മാറുമെന്നാണ് വിവരം. മേഗന്റെയും ഹാരിയുടെയും വിവാഹ ചിത്രങ്ങളും വിവാഹ വിരുന്നും സംഘടിപ്പിച്ചത് ഫ്രോഗ്മോര്‍ കോട്ടേജില്‍ വച്ചാണ്.
1680കളില്‍ പണികഴിപ്പിച്ച ഫ്രോഗ്മോര്‍ കോട്ടേജിലെ നവീകരണത്തോടെ യോഗാ സ്റ്റുഡിയോയും സ്പായും നഴ്‌സറിയും പുതുതായി വീട്ടില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മേഗന്റെ മാതാവ് ഡോറിയ റാഗ് ലാന്‍ഡിനും കുഞ്ഞിന്റെ പരിചാരികയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനും വേണ്ടിയുള്ള പ്രത്യേകം മുറികളും ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇരുപത്തിയെട്ടു കോടിയില്‍പരം രൂപയുടെ നവീകരണ പ്രക്രിയയാണ് ഫ്രോഗ്മോര്‍ കോട്ടേജില്‍ നടത്തിയിരിക്കുന്നത്. കുടുംബം വലുതാകുന്നതോടെ വീടുമാറി താമസിക്കുന്നതാണ് ഉചിതമെന്നാണ് ഹാരിയും സഹോദരന്‍ വില്യമും കരുതുന്നതെന്നും പറയപ്പെടുന്നുണ്ട്. ഇരുവരുടെയും ഭാര്യമാരായ കേറ്റ് മിഡില്‍ടണും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പിണക്കത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുടക്കത്തില്‍ കെനിങ്ടണ്‍ പാലസിലെ തന്നെ വില്യമിന്റെ അപാര്‍ട്മെന്റിനോടു ചേര്‍ന്നുള്ള പ്രധാന അപ്പാര്‍ട്ട്മെന്റിലേക്കു മാറാനായിരുന്നു ഉദ്ദേശമെങ്കിലും പിന്നീട് വില്യമും ഹാരിയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
ഇപ്പോള്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയിലുള്ള രാജകുടുംബം ഇതോടെ ഭിന്നിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. ഹാരിയും മേഗനും മാറിത്താമസിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. തന്റെ ഭര്‍ത്താവിന് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് മേഗന്‍ ആഗ്രഹിക്കുന്നതായും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ മേഗന്‍ ഹാരിയെ നിര്‍ബന്ധിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവിലെ കോട്ടേജിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളും ഫ്രോഗ്മോറിലുണ്ട്. കെനിങ്ടണിലെ നോട്ടിങാം കോട്ടേജില്‍ രണ്ടു ബെഡ്റൂമുകളും രണ്ടു റിസപ്ഷന്‍ റൂമുകളും ഒരു ബാത്റൂമും ചെറിയ ഗാര്‍ഡനുമുള്‍പ്പെടെ 1324 ചതുരശ്രയടിയുള്ള കോട്ടേജിലാണ് ഇരുവരും താമസിച്ചിരുന്നത്. വില്യമിന്റെയും കേറ്റിന്റെയും വിവാഹം നടന്ന സെന്റ് ജോര്‍ജ് ചാപ്പലിന് സമീപത്താണ് കോട്ടേജെന്നതാണ് ഈയിടത്തെ ഇരുവരുടെയും പ്രിയങ്കരമാക്കുന്നത്. രാജ്ഞിയുടെയും മറ്റ് രാജകുടുംബങ്ങളുടെയും പ്രൈവറ്റ്-ഒഫീഷ്യല്‍ ഒത്തുചേരലുകള്‍ക്ക് വേദിയാകുന്നയിടമായിരുന്നു ഇത്.
Content Highlights: Meghan Markle and Prince Harry's New Home