ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയതിനുശേഷമാകും വീട് വെക്കാനുള്ള തീരുമാനം എടുക്കുക. ഫ്‌ളോറിഡ സ്വദേശിയായ അസ്ഗര്‍ ഫാത്തിയാണ് ഇതുവരെ ആരും ചിന്തിക്കാത്ത രീതിയിലുള്ളൊരു വീട് പണിതത്. ഒരു കപ്പല്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും വീടുംപണിയാം എന്ന ആശയമാണ് അസ്ഗര്‍ പങ്കുവെക്കുന്നത്. കപ്പലും വീടും തമ്മില്‍ എന്ത് ബന്ധം എന്ന് ആലോചിക്കുന്നവരിലേക്ക് ഒരുഗ്രന്‍ കപ്പല്‍ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് അസ്ഗര്‍.
പഴയ കപ്പലിന്റെ കണ്ടെയ്‌നര്‍ എല്ലാം കൂട്ടിച്ചേര്‍ത്താണ് അസ്ഗര്‍ വീടുണ്ടാക്കിയത്. ഇനി ഇത്രത്തോളം വ്യത്യസ്തമായ ആശയം അസ്ഗറിന് എവിടെ നിന്നു കിട്ടിയെന്നല്ലേ? കക്ഷിയൊരു ആര്‍ക്കിടെക്റ്റാണ്, സ്വന്തം വീട് വെറൈറ്റിയായി എങ്ങനെ നിര്‍മിക്കാം എന്ന ആലോചനയില്‍ നിന്നാണ് പഴയ കപ്പല്‍ കണ്ടെയ്‌നറുകളിലേക്ക് ചെന്നെത്തിയത്.
വീടിന് ഒരു ഉദാത്ത മാതൃക സൃഷ്ടിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് അസ്ഗര്‍ സണ്‍സെന്റിനെല്‍നോടു പറഞ്ഞു. കുടുംബത്തോടൊപ്പം തന്നെ വീട്ടില്‍ താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അസ്ഗര്‍ പറയുന്നു.
കണ്ടെയ്‌നറുകളുമായി അസ്ഗര്‍ എത്തിയപ്പോള്‍ അയല്‍ക്കാരൊക്കെ എന്തിനാണെന്ന് ചോദിച്ചിരുന്നു. താനൊരു വീടുണ്ടാക്കാന്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ അവരൊക്കെ അന്ധാളിക്കുകയാണുണ്ടായത്. നേരത്തെ ലക്ഷ്വറി വീടുകളും ആശുപത്രികളുമൊക്കെ പണികഴിപ്പിച്ചിട്ടുള്ള അസ്ഗര്‍ ഇത്തരമൊരു ഉദ്യമത്തിനു മുതിര്‍ന്നത് ഇതാദ്യമാണെന്നും പറയുന്നു.
മാസങ്ങള്‍ക്കുള്ളിലാണ് 3000 ചതുരശ്രയടിയുള്ള വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. കിടപ്പുമുറികളും ലിവിങ് റൂമും കാര്‍പോര്‍ച്ചും ഡൈനിങ് ഹാളും കിച്ചണുമെല്ലാം ഉള്‍ക്കൊള്ളിച്ച് മറ്റേതു സാധാരണ വീടിനും സമാനമാണ് അസ്ഗറിന്റെ കണ്ടെയ്‌നര്‍ വീടും.
എന്നെന്നും നിലനില്‍ക്കുന്നതും ബജറ്റിനുള്ളില്‍ പണികഴിക്കാവുന്നതുമാണ് എന്നതാണ് ഈ വീടിന്റെ പ്രത്യേകതയെന്ന് അസ്ഗര്‍ പറയുന്നു. ലക്ഷങ്ങളോ കോടികളോ മുടക്കാതെയും വീട് നിര്‍മ്മിക്കാമെന്നത് തെളിയിക്കുകയായിരുന്നു താനെന്നും അസ്ഗര്‍ പറയുന്നു.
Content Highlights:man building house from shipping containers