കാലവര്‍ഷത്തിനു മുമ്പ് 16000 വീടുകളുമായി സര്‍ക്കാര്‍, നാലുലക്ഷം രൂപയ്ക്ക് 400 ചതുരശ്ര അടിയില്‍


കെ.കെ. അജിത്കുമാര്‍

2 min read
Read later
Print
Share

നാലുലക്ഷം രൂപയാണ് വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ നല്‍കുക. 400 ചതുരശ്ര അടിയുള്ള വീടുകളാണ് പണിയുക.

പ്രളയബാധിത മേഖലകളില്‍ അടുത്ത കാലവര്‍ഷത്തിനുമുമ്പ് 16,000 വീടുകള്‍ പണിയും. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായാണ് പുനര്‍നിര്‍മാണങ്ങള്‍ നടക്കുക. പ്രളയാനന്തര പുനര്‍നിര്‍മാണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളനുസരിച്ചുള്ളവയാകും ഈ വീടുകള്‍.

പ്രളയത്തില്‍ വീട് നഷ്ടമായ, സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് ഇപ്രകാരം വീടുകളുണ്ടാക്കുന്നത്. സ്വന്തമായി വീടു പണിയാന്‍ പണമില്ലാത്തവര്‍ക്ക് പണിതുനല്‍കുകയും സ്പോണ്‍സര്‍ഷിപ്പുകള്‍ മുഖേന സഹായം ലഭ്യമാക്കുകയുമാണ് ചെയ്യുക.

നാലുലക്ഷം രൂപയാണ് വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ നല്‍കുക. 400 ചതുരശ്ര അടിയുള്ള വീടുകളാണ് പണിയുക. സ്വന്തമായി പണിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വിവിധ ഏജന്‍സികളുടെ സഹായവും വൈദഗ്ധ്യവും ലഭ്യമാക്കും. 400 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളാണെങ്കില്‍ സ്വയംപണിയേണ്ടിവരും. ഇവര്‍ക്കും നാലുലക്ഷം രൂപയും വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കും.

വീടുകള്‍ നഷ്ടമായവരെ വിളിച്ചുവരുത്തി വിശദമായി ചര്‍ച്ച നടത്തിയാണ് ഓരോരുത്തര്‍ക്കും ഏതുതരം പദ്ധതിയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഇതിനു തുടക്കംകുറിച്ചത്. പ്രളയത്തെത്തുടര്‍ന്ന് വീട് പുനര്‍നിര്‍മിക്കേണ്ട എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ശില്പശാല നടത്തിക്കൊണ്ടാണ് അഭിപ്രായങ്ങളും ആശയങ്ങളും ആരാഞ്ഞത്. പ്രളയദുരിതം കൂടുതലുള്ള തെക്കന്‍ജില്ലകളില്‍ ബ്ലോക്കടിസ്ഥാനത്തിലാവും ഇത്തരം ശില്പശാലകള്‍.

പ്രളയംപോലുള്ള ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മിതികള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം. കോണ്‍ക്രീറ്റില്‍ മുന്‍കൂര്‍ ഉണ്ടാക്കുന്ന കെട്ടിടങ്ങള്‍ ക്രെയിന്‍ വഴി ഉറപ്പിച്ചുകൊണ്ടുള്ള രീതി പറ്റാവുന്നിടങ്ങളില്‍ നടപ്പാക്കും. വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനാവുമെന്നതും പരമ്പരാഗത നിര്‍മാണ രീതിയെക്കാള്‍ ബലം കൂടുമെന്നതുമാണ് ഇതിന്റെ ഗുണം.

സര്‍ക്കാര്‍ നേരിട്ട് വീട് നിര്‍മിക്കേണ്ടതുണ്ടെങ്കില്‍ അതിന് കളക്ടറെ ചുമതലപ്പെടുത്തുന്ന സമ്മതപത്രം ഉടമകള്‍ നല്‍കേണ്ടതുണ്ട്. സാമ്പത്തികസഹായം നല്‍കുന്നത് ഘട്ടംഘട്ടമായിട്ടാവും. വാങ്ങിയ പണം വീട് നിര്‍മിക്കാന്‍തന്നെ ഉപയോഗിക്കുന്നു എന്നുറപ്പാക്കിക്കൊണ്ടാവും ബാക്കി തുക നല്‍കുക.

സംസ്ഥാനതലത്തില്‍ 4500 വീടുകളാണ് സ്‌പോണ്‍സര്‍ഷിപ്പ് വഴി നിര്‍മിക്കുക. എന്നാല്‍, ആവശ്യകത ഇതിനെക്കാള്‍ ഏറെയാണ്. ഓരോ ജില്ലയിലും പ്രാദേശികമായും ബാക്കി സ്പോണ്‍സര്‍ഷിപ്പ് വഴിയും കണ്ടെത്താനാണ് നിര്‍ദേശം. വീടുണ്ടാക്കാന്‍ ഭൂമിയില്ലാത്തവരുടെ പ്രശ്നം പ്രത്യേകം പരിഗണിക്കും. അവര്‍ക്കായി ജില്ലകള്‍തോറും ലാന്‍ഡ് പൂള്‍ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള, ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയും വ്യക്തികളില്‍നിന്ന് സംഭാവനയായി ലഭിക്കുന്ന ഭൂമിയുമാണ് ഉപയോഗിക്കുക.

സര്‍ക്കാര്‍ പണിയുക 400 ചതുരശ്ര അടിയുളള വീടുകള്‍

നാലുലക്ഷം രൂപയാണ് വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ നല്‍കുക. 400 ചതുരശ്ര അടിയുള്ള വീടുകളാണ് പണിയുക. സ്വന്തമായി പണിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വിവിധ ഏജന്‍സികളുടെ സഹായവും വൈദഗ്ധ്യവും ലഭ്യമാക്കും. 400 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളാണെങ്കില്‍ സ്വയം പണിയേണ്ടിവരും. ഇവര്‍ക്കും നാലുലക്ഷം രൂപയും വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കും.

വീട് പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച്

നാലുലക്ഷം രൂപയ്ക്ക് വീട് പൂര്‍ത്തിയാക്കുക സാധാരണനിലയ്ക്ക് അസാധ്യമാണ്. നിര്‍മാണസാമഗ്രികള്‍ ഒന്നിച്ചെത്തിക്കുകയും വൈദഗ്ധ്യവും സേവനങ്ങളും സൗജന്യമായി ലഭിക്കുകയും പ്രാദേശികമായ വിഭവസമാഹരണം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് പൂര്‍ത്തിയാക്കുക. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. എല്ലായിടത്തും ഒരേരീതിയിലുള്ള വീടുകള്‍ സാധ്യമാകില്ല. പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ചേ തീരുമാനമെടുക്കൂ.

റസി ജോര്‍ജ്, മിഷന്‍ മോണിറ്ററിങ് ടീം മെമ്പര്‍, നവകേരള കര്‍മപദ്ധതി

Content Highlights: kerala government to built houses for flood affected people

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram