പ്രളയത്തില്‍ കൂര നശിച്ച വീട്ടമ്മയ്ക്ക് വാട്ട്സ് ആപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മ ഒരുക്കിയ സൗഹൃദ ഭവനത്തിന്റെ ഗൃഹപ്രവേശം ഞായറാഴ്ച രാവിലെ പത്തിന് നടക്കും. ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം തൈക്കൂട്ടത്തില്‍ രമ(63)യ്ക്കാണ് 16 ദിവസംകൊണ്ട് അനേകരുടെ സഹായത്താല്‍ വീടൊരുങ്ങിയത്. പാലുകാച്ചല്‍ ചടങ്ങില്‍ വീട് നിര്‍മിക്കാന്‍ സഹകരിച്ചവര്‍ പങ്കെടുക്കും. വീട്ടമ്മയ്ക്ക് താക്കോല്‍ നല്‍കിക്കൊണ്ട് പാലുകാച്ചല്‍ നടക്കുന്നതോടെ ഈ വീടിനുവേണ്ടി ഒത്തുകൂടിയ സൗഹൃദ കൂട്ടായ്മ പിരിച്ചുവിടുമെന്ന് അംഗങ്ങള്‍ പറഞ്ഞു.
ഷീറ്റ് വലിച്ചുകെട്ടി അതിനുള്ളിലാണ് ഏകയായ ഈ വീട്ടമ്മ കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പ്രളയത്തെ തുടര്‍ന്ന് ഇവരുടെ ദുരവസ്ഥ അറിഞ്ഞ് വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ 61 പേരാണ് വീട് നിര്‍മാണത്തിനായി കൈകോര്‍ത്തത്. രണ്ടര ലക്ഷം രൂപ സമാഹരിച്ചു. കഴിഞ്ഞ ആറാം തീയതി വീടിന് കല്ലിട്ടു.
16 ദിവസം കൊണ്ട് പണി പൂര്‍ത്തിയായപ്പോള്‍ ചെലവായത് 2,48,830 രൂപ. 300 സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ളതാണ് വീട്. സിറ്റൗട്ട്, ഒരു മുറി, അടുക്കള, ടോയ്ലെറ്റ് എന്നിവയുണ്ട്. വീടിനകത്തും സിറ്റൗട്ടിലും ടൈല്‍ വിരിച്ചു. മേല്‍ക്കൂരയില്‍ ഷീറ്റ് വിരിച്ച് സീലിങ് ചെയ്തിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന 'ഹോം ചലഞ്ച്' പദ്ധതിപ്രകാരമാണ് ഇത് നിര്‍മിച്ചത്.
Content Highlights: home challenge build house for flood affected people