പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായം


2 min read
Read later
Print
Share

പൂര്‍ണമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ നാലുലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തപ്രതികരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയില്‍നിന്നാണ് തുക അനുവദിക്കുന്നത്.

പാലക്കാട്: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കും ഇനി ഉടമ ആവശ്യപ്പെട്ടാല്‍ അറ്റകുറ്റപ്പണിക്ക് സഹായം. 75 ശതമാനത്തിലേറെ തകര്‍ന്ന വീടുകളാണ് സര്‍ക്കാര്‍ കണക്കില്‍ പൂര്‍ണമായി തകര്‍ന്നവയുടെ പട്ടികയിലുള്ളത്.

വീട് സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാം എന്ന സിവില്‍ എന്‍ജിനീയറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാവും നടപടി. ഇത്തരം വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്കായി 2.5 ലക്ഷം നല്‍കാന്‍ ദുരന്തനിവാരണവകുപ്പ് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ തകര്‍ന്നവീടുകളുടെ എണ്ണം കണക്കാക്കിയപ്പോളുണ്ടായ വര്‍ധന പുനര്‍നിര്‍മാണസഹായവിതരണത്തിന് തടസ്സമായിമാറിയ സാഹചര്യത്തിലാണ് ദുരന്തനിവാരണവകുപ്പിന്റെ നടപടി.

പൂര്‍ണമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ നാലുലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തപ്രതികരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയില്‍നിന്നാണ് തുക അനുവദിക്കുന്നത്.

റീബില്‍ഡ് കേരള ആപ്പ് വഴി വീടുകളുടെ കണക്കെടുത്തപ്പോള്‍ സംസ്ഥാനത്ത് 16,002 എണ്ണം പൂര്‍ണമായി തകര്‍ന്നതായി കണ്ടെത്തി. മുമ്പ് കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയിലധികമായി ഇത്.

3661 വീടുകളുള്ള തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. ആലപ്പുഴയില്‍ 2575-ഉം എറണാകുളത്ത് 2471-ഉം പാലക്കാട് 1633-ഉം വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായാണ് കണ്ടെത്തിയത്.

ഇത്രയും വീടുകളുടെ ഉടമകള്‍ക്ക് നാലുലക്ഷം നിരക്കില്‍ ധനസഹായം നല്‍കാന്‍ മാത്രം 640 കോടി വേണ്ടിവരും. ഇത് ധനസഹായവിതരണത്തിനും തടസ്സമുണ്ടാക്കി.

കുറച്ചുകൂടി വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി കണക്കെടുപ്പ് ക്രമീകരിക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും സാങ്കേതികപരിമിതികള്‍ ഇതിന് തടസ്സമായി. ഇതോടെയാണ് 75 ശതമാനത്തില്‍ക്കൂടുതല്‍ തകര്‍ന്നതായി കണ്ടെത്തിയ വീടുകള്‍ക്ക് വാസയോഗ്യമെന്നുകണ്ടാല്‍ അറ്റകുറ്റപ്പണിക്ക് തുകനല്‍കാന്‍ തീരുമാനമായത്.

നാലുലക്ഷം രൂപയുടെ ധനസഹായ പട്ടികയില്‍ ഉള്‍പ്പെട്ട ചില ഗുണഭോക്താക്കളും വീട് അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറായി വന്നതായി ദുരന്തനിവാരണവകുപ്പധികൃതര്‍ പറഞ്ഞു.

അറ്റകുറ്റപ്പണിക്കായി നല്‍കുന്ന 2.5 ലക്ഷം രൂപയുടെ സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. വീട് പുനര്‍നിര്‍മിക്കാന്‍ നാലുലക്ഷം രൂപയുടെ സഹായം മതിയാകാത്ത സാഹചര്യത്തിലായിരുന്നു ഉടമകള്‍ അറ്റകുറ്റപ്പണിക്ക് ആവശ്യമുന്നയിച്ചത്.

വാസയോഗ്യമാവണം

അറ്റകുറ്റപ്പണിയിലൂടെ വാസയോഗ്യമാക്കാം എന്ന് ഉറപ്പുള്ള വീടുകള്‍ക്കാണ് ധനസഹായം. ഇതിന് ഗ്രാജുവേറ്റ് സിവില്‍ എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്റും ഉടമയുടെ സമ്മതപത്രവും അടങ്ങിയ അപേക്ഷ കളക്ടര്‍ക്ക് നല്‍കണം. വീട് പരിശോധനനടത്തി കളക്ടര്‍ 2.5 ലക്ഷം രൂപയുടെ സഹായം അനുവദിക്കും.

Content Highlights: fund for houses collapsed in kerala flood

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram