പ്രളയത്തിന്റെ ഏറ്റവും ഭീതിപ്പെടുത്തുന്ന അവസ്ഥയിലൂടെ കേരളം കടന്നുപോയിട്ട് അധികമായില്ല. നാടും വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിച്ചുകൂട്ടിയത് ലക്ഷങ്ങളാണ്. മഴ നിന്ന് വെള്ളം വറ്റി കേരളം പതിയെ പഴയ അവസ്ഥയിലേക്കു തിരിച്ചെത്തി. എന്നാല്‍ സമാനമായ അവസ്ഥയാണ് യുഎസില്‍ ഇപ്പോള്‍. ആഞ്ഞടിച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിലും ശക്തമായ മഴയിലും യുഎസിലെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളെല്ലാം വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് പലരും.
പ്രളയാനന്തരം ആദ്യം ചെയ്യേണ്ട കാര്യം മാനസികമായി അവനവനെ തന്നെ പിന്തുണയ്ക്കുകയാണെന്ന് കാന്‍സ യൂണിവേഴ്‌സിറ്റിയില്‍ സ്ട്രക്ചറല്‍ എഞ്ചനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസറായ എലെയ്‌ന സ്യൂട്‌ലി പറയുന്നു. എന്നാല്‍ മാത്രമേ മറ്റുള്ള നാശനഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിജീവിക്കാനും കഴിയൂ.
ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നു പറയുന്ന എലെയ്‌ന വീടുകള്‍ വിട്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പങ്കുവെക്കുന്നു. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ശുചീകരിച്ച് ഉണക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്.
കേരളത്തിലേതിനു സമാനമായി, വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ മൃഗങ്ങള്‍ ഒഴുകി വന്നേക്കാനുള്ള സാധ്യതയുണ്ടെന്നും അക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. നോര്‍ത്ത് കരോലിന പോലുള്ള സ്ഥലങ്ങള്‍ വിഷപ്പാമ്പുകളുടെ ശല്യം ഏറെയുള്ളവയാണ്, വെള്ളപ്പൊക്കത്തില്‍ ഇവ ഒലിച്ചുവരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല,
വെള്ളം താണുപോയേക്കാമെന്നു കരുതുന്നവര്‍ വൈകാതെ തന്നെ വീടുവിട്ടു മാറണമെന്നും ജീവനു തന്നെ അപകടകരമായേക്കാമെന്നും എലെയ്‌ന മുന്നറിയിപ്പു നല്‍കുന്നു.
വൈദ്യുതാഘാതമോ പൊട്ടിത്തെറിയോ ഒഴിവാക്കാന്‍ സ്റ്റൗവും വൈദ്യുതിയും ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. വെള്ളപ്പൊക്കത്തിനു ശേഷം തിരികെയെത്തുമ്പോള്‍ ജനലുകളും വാതിലും ആദ്യം തുറന്നിടുക. ശേഷം വെള്ളം പൂര്‍ണമായും വലിഞ്ഞെന്നു തോന്നിയാല്‍ മാത്രം വാസയോഗ്യമാക്കി താമസിക്കാവൂ എന്നും അവര്‍ വ്യക്തമാക്കുന്നു.
നോര്‍ത്ത് കരോലൈനയില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. 17 ലക്ഷത്തിലേറെപ്പേരോട് വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. 20,000-ലേറെപ്പേര്‍ ദുരിതാശ്വാസക്യാമ്പുകളിലുണ്ട്.
എട്ടുമാസംകൊണ്ട് ലഭിക്കുന്ന അത്രയും മഴ നോര്‍ത്ത് കരോലൈനയില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ബ്രാന്‍ഡണ്‍ ലോക്ക്ലിയര്‍ പറഞ്ഞിരുന്നു. 68 ലക്ഷം കോടി ലിറ്റര്‍ മഴവെള്ളം മൂന്നുദിവസംകൊണ്ട് യു.എസില്‍ പെയ്തിറങ്ങുമെന്ന് കാലാവസ്ഥാനിരീക്ഷകന്‍ റയാന്‍ മൗയി 'ട്വിറ്ററി'ല്‍ പറഞ്ഞു.
Content Highlights: Flooded Homes in US after Tropical Storm Florence