മലപ്പുറം/വാഴയൂര്‍: വെള്ളപ്പൊക്കത്തില്‍ താഴ്ന്ന വീട് ജാക്കികളുടെ സഹായത്തോടെ ഉയര്‍ത്തുന്നു. പൊന്നേംപാടത്ത് പുന്നത്ത് കാമ്പുറത്ത് മോഹന്‍ദാസിന്റെ ഇരുനില കോണ്‍ക്രീറ്റ് വീടാണ് ഉയര്‍ത്തുന്നത്. വയല്‍ക്കരയിലെ വീടിന്റെ ഒരുഭാഗം നേരത്തെ അല്‍പം ചരിഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ വീടിനകത്തും വെള്ളം കയറി. തുടര്‍ന്നാണ് എട്ട് ഇഞ്ചോളം ചെരിഞ്ഞ വീട് ഉയര്‍ത്താന്‍ തീരുമാനിച്ചത്.
ഹരിയാന സ്വദേശിയായ നായബ്സിങ്ങിന്റെ നേതൃത്വത്തിലുള്ള ആശീര്‍വാദ് കമ്പനിയാണ് വീട് ഉയര്‍ത്തുന്നതിന് കരാര്‍ ഏറ്റെടുത്തത്. അടിത്തറയില മണ്ണ് ചുമര്‍ഭാഗത്ത് 300 ഓളം ജാക്കികളും മരക്കട്ടകളും ഉപയോഗിച്ചാണ് വീട് ഉയര്‍ത്തുന്നത്. ഉയര്‍ത്തുന്ന ഭാഗത്ത് സിമെന്റ് കട്ടകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്യും.
നിലമൊഴികെ ചുമരുകള്‍ക്കോ മേല്‍ക്കൂരയ്ക്കോ തകരാറൊന്നുമില്ലാതെയാണ് വീട് ഉയര്‍ത്തുന്നത്. മൊത്തം പണി പൂര്‍ത്തിയാക്കുന്നതിന് 19 പണിക്കാര്‍ രണ്ട് മാസം അധ്വാനിക്കേണ്ടിവരും. 10 വര്‍ഷത്തിലധികമായി കേരളത്തിലുള്ള നായബ്സിങ് 100-ലേറെ വീടുകളും കെട്ടിടങ്ങളും ഇത്തരത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
Content Highlights:flood affected house lifting