ആലുവ: പ്രളയത്തെ അതിജീവിച്ച ചെമ്പകശ്ശേരിയിലേ ചൊര്‍ളിക്കര വീടിന് കൂട്ടായ്മയുടെ കരുത്തില്‍ പുതുമോടി. ആലുവ പന്ത്രണ്ടാം വാര്‍ഡിലെ ചെമ്പകശ്ശേരിയിലെ സഹോദരങ്ങളായ സി.എ. ബാബുവും സി.എ. ഹമീദും താമസിക്കുന്ന കുടുംബ വീടാണ് പ്രളയത്തില്‍ നശിച്ചത്. അന്‍പത് വര്‍ഷം പഴക്കമുള്ള വീട് വെള്ളമിറങ്ങിയപ്പോള്‍ താമസയോഗ്യമല്ലാതായി. മേല്‍ക്കൂര, വൈദ്യുതി വയറിങ്, വീടിന്റെ ഭിത്തികള്‍, കിണര്‍ തുടങ്ങിയവയെല്ലാം നശിച്ചു.
ആലുവ ചെമ്പകശ്ശേരിയിലെ ചൊര്‍ളിക്കര വീട് പ്രളയത്തില്‍ തകര്‍ന്നപ്പോള്‍
പുഴത്തീരമായതുകൊണ്ട് രണ്ടടിയോളം ചെളിയാണ് വീട്ടിലും പരിസരത്തും കയറിയത്. പരിസരത്തെ എല്ലാവരും അവരുടെ ഭവനങ്ങള്‍ വൃത്തിയാക്കി താമസം തുടങ്ങിയപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഇവര്‍ക്ക് പുറത്തുനിന്ന് വീട് നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. അയല്‍പക്കത്തെ പെരിയാര്‍ റസിഡന്‍സി ഫ്‌ളാറ്റില്‍ വീട്ടുപകരണങ്ങള്‍ കയറ്റിവയ്ക്കാന്‍ അനുമതി കിട്ടി. മുന്‍ വാര്‍ഡ് കൗണ്‍സിലറും ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റുമായ ആനന്ദ് ജോര്‍ജ് ഈ പ്രശ്‌നം ജനകീയമായി പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
സുഹൃത്തുക്കള്‍, സഹപാഠികള്‍, അയല്‍ക്കാര്‍, ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി 16 ദിവസംകൊണ്ട് വീട് വൃത്തിയാക്കി പുനര്‍നിര്‍മാണം നടത്തി. പട്ടിക, ഓട് എല്ലാം പുതുക്കി മേഞ്ഞു. പൊളിഞ്ഞ കുമ്മായത്തേപ്പുകള്‍ മാറ്റി, വൈദ്യുതി വയറിങ് പുതുതായി നടത്തി. മച്ച് പൂര്‍വസ്ഥിതിയിലാക്കി, ജനല്‍, വാതില്‍ എന്നിവ ബലപ്പെടുത്തി, പുത്തന്‍ നിറത്തില്‍ പെയിന്റിങ്ങും നടത്തി.
ആലുവ ചെമ്പകശ്ശേരിയിലെ ചൊര്‍ളിക്കര വീട് പുനര്‍നിര്‍മിച്ചപ്പോള്‍
പണി പൂര്‍ത്തിയായ ഭവനങ്ങളില്‍പ്പോയി അവരുടെ ബാക്കിവന്ന പെയിന്റും ഇലക്ട്രിക് സാധനങ്ങളും ഓടും പ്രവര്‍ത്തകര്‍ ശേഖരിച്ച് നിര്‍മാണച്ചെലവ് ചുരുക്കി. സര്‍ക്കാരില്‍നിന്ന് പതിനായിരം രൂപ ലഭിച്ച വാര്‍ഡിലെ ഒരു സുമനസ്സ് ആ തുക വീട് നിര്‍മാണത്തിനായി നല്‍കുകയും ചെയ്തു.
Content Highlights: flood affected home renovation