ഒരു സുപ്രഭാതം കഴിഞ്ഞപ്പോഴേക്കും അധ്വാനിച്ചുണ്ടാക്കിയ വീട് നഷ്ടത്തിലായ നടുക്കത്തില്‍ നിന്നും ഇനിയും വിട്ടുമാറാത്തവരുണ്ട്. പ്രളയം പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും തകര്‍ത്തെറിഞ്ഞ് കടന്നുപോയപ്പോള്‍ ഇനിയെവിടെ താമസിക്കും എന്നറിയാതിരിക്കുന്നവര്‍. അത്തരത്തിലുള്ളവര്‍ക്ക് ഒരാശ്വാസ വാര്‍ത്തയാണിത്. വീടില്ലാത്ത നൂറുപേര്‍ക്ക് പത്തുകോടി രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചു നല്‍കാന്‍ തയ്യാറായിരിക്കുകയാണ് കോഴിക്കോട് സ്വദേശിയും കെഫ് ഹോള്‍ഡിങ്സ് സാരഥിയുമായ ഫൈസല്‍ കോട്ടിക്കോളോന്‍.
അദ്ദേഹത്തിന്റെ സംരംഭമായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുക. രണ്ടുമാസത്തിനകം നൂറു വീടുകളും പണിയും. സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കുന്ന സ്ഥലത്തായിരിക്കും വീട് നിര്‍മിക്കുക. സര്‍ക്കാര്‍സംവിധാനത്തിലായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. ഇതുസംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയെന്നും നടപടിക്രമങ്ങളില്‍ ധാരണയായെന്നും പത്രസമ്മേളനത്തില്‍ ഫൈസല്‍ കോട്ടിക്കോളോന്‍ വിശദീകരിച്ചു.
കെഫ് ഹോള്‍ഡിങ്സിന്റെ നവീന സംരംഭമായ പ്രീ ഫാബ്രിക്കേറ്റഡ് വീടുകളായിരിക്കും നിര്‍മിക്കുക. തമിഴ്നാട് കൃഷ്ണഗിരിയിലുള്ള ഫാക്ടറിയില്‍നിന്ന് വീടിന്റെ ഭാഗങ്ങള്‍ നിര്‍മിച്ച് കേരളത്തിലെത്തിക്കും. നാനൂറ് ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതാവും വീടുകള്‍. റോഡുമാര്‍ഗം കണ്ടെയ്നറുകളില്‍ സാധനങ്ങള്‍ എത്തിച്ചാല്‍ അഞ്ചുമുതല്‍ പതിനൊന്ന് മണിക്കൂറിനകം വീട് തയ്യാറാകും. രണ്ട് കിടപ്പുമുറികള്‍, ലിവിങ് റൂം, കുളിമുറി എന്നിവയടങ്ങുന്നതാവും വീട്. രണ്ടുസെന്റില്‍ വീട് പണിയാം. എങ്കിലും നാലുസെന്റ് കിട്ടിയാല്‍ പരിസരം കുറെക്കൂടി ഭംഗിയാവുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഭാഗങ്ങള്‍ സ്ഥലത്ത് കൊണ്ടുവന്ന് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ബന്ധിപ്പിക്കും. ജലവിതരണം, വൈദ്യുതീകരണം, ശൗചാലയം എന്നിവയെല്ലാം ഇതിലുള്‍പ്പെടും.
കേരളത്തിലെ പരമ്പരാഗത വീടുനിര്‍മാണത്തെ പൊളിച്ചെഴുതുന്നതാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍. നൂറുവര്‍ഷത്തേക്ക് യാതൊരു തകരാറും ഇല്ലാതെ നിലനില്‍ക്കുന്നതാണ് ഈ നിര്‍മാണരീതി. വിദേശ സാങ്കേതികവിദ്യയാണ് ഇതിന് അടിസ്ഥാനം. ആറുലക്ഷം രൂപയോളമാണ് ഒരു വീടിന്റെ നിര്‍മാണച്ചെലവ്. കേരളത്തിലേക്ക് ഇവ എത്തിക്കാനും ചെലവുള്ളതുകൊണ്ടാണ് മൊത്തം തുക കൂടാന്‍ കാരണമെന്നും ഫൈസല്‍ കോട്ടിക്കോളന്‍ വിശദീകരിച്ചു. പ്രളയജലം ഇറങ്ങിയ ഉടനെ ഇരിങ്ങാലക്കുട പുല്ലൂരില്‍ ഒരു നിര്‍ധനകുടുംബത്തിന് ഇത്തരത്തില്‍ വീട് നിര്‍മിച്ചുനല്‍കിയിരുന്നു. മികച്ച പ്രതികരണമാണ് ഈ സംരംഭത്തിന് ലഭിച്ചത്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫൗണ്ടേഷനെ ധാരാളംപേര്‍ സമീപിക്കുന്നുണ്ട്. റീ ബില്‍ഡ് കേരള പദ്ധതിയില്‍ സര്‍ക്കാരുമായി ആലോചിച്ചായിരിക്കും ഭാവിപ്രവര്‍ത്തനങ്ങളെന്നും ആദ്യത്തെ നൂറുവീടുകള്‍ ഇതുസംബന്ധിച്ച അവബോധം നല്‍കാന്‍ ഉപകരിക്കുമെന്നും ഫൈസല്‍ കോട്ടിക്കോളോന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഷബാന ഫൈസല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോഫിയാ ഫൈസല്‍, കെഫ് സി.ഇ.ഒ. റിച്ചാര്‍ഡ് പാറ്റെല്‍, ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജോസഫ് സെബാസ്റ്റ്യന്‍, ശ്രീകാന്ത് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Content Highlights: Faizal & Shabana Foundation to build home for flood affected people