ഒരു പുലരി പിറന്നപ്പോഴേക്കും വീടും നാടും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം നേടിയവരുടെ കാഴ്ച്ച ഇന്നും മറക്കാന്‍ കഴിയില്ല. പ്രളയം വിതച്ച നാശനഷ്ടത്തില്‍ നിന്നും പലരും കരകയറി വരുന്നതേയുള്ളു. വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ കാര്യത്തിലാണ് ഏറ്റവും കരുതല്‍ വേണ്ടതെന്ന് പ്രളയം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന വീടുകള്‍ വയനാട്ടില്‍ ഉയര്‍ന്നുകഴിഞ്ഞു. അവയുടെ നിര്‍മാണത്തെയും നിലനില്‍പിനെയുംകുറിച്ച് പങ്കുവയ്ക്കുകയാണ് ഉര്‍വി സസ്റ്റൈനബിള്‍ സ്‌പെയ്‌സിലെ ആര്‍ക്കിടെക്റ്റ് ഹസന്‍ നസീഫ.
ആറേകാല്‍ ലക്ഷം രൂപ ചെലവിട്ടാണ് പ്രളയദുരിത ബാധിതര്‍ക്കായി തണല്‍ വടകര ഇത്തരത്തിലുള്ള വീട് ഒരുക്കിയിരിക്കുന്നത്. വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന ഈ വീട് പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉര്‍വി സസ്റ്റൈനബിള്‍ സ്‌പെയ്‌സിലെ ഹസന്‍ നസീഫാണ് ഈ വീടിന്റെ ആര്‍ക്കിടെക്റ്റ്.
വെള്ളക്കെട്ടുള്ള ഇടങ്ങളിലും അനായാസം കെട്ടിപ്പടുക്കാവുന്ന ഫൗണ്ടേഷനും സ്ട്രക്ചറുമാണ് ഈ വീടിന്റെ പ്രത്യേകത. സിറ്റൗട്ട്, ഒരു ലിവിങ് കം ഡൈനിങ് റൂം, രണ്ട് അറ്റാച്ച്ഡ് ബെഡ്‌റൂം അടുക്കള എന്നിവയാണ് ഈ വീട്ടിലുള്ളത്. 560 ചതുരശ്രയടിയില്‍ തറയില്‍ നിന്നും ഒരുമീറ്റര്‍ ഉയരത്തിലാണ് വീട് പണിതിരിക്കുന്നത്.
മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ഗാല്‍വനിക് അയേണ്‍ പൈപ്പുകളും കൊണ്ടുണ്ടാക്കുന്ന സ്ട്രക്ചറല്‍ സിസ്റ്റത്തില്‍ സിമന്റ് ഫൈബര്‍ ബോര്‍ഡുകള്‍ കൊണ്ടുപതിച്ച് ട്രസ്‌റൂഫില്‍ ഓടുകള്‍ പതിച്ചുണ്ടാക്കുന്ന ഈ വീടുകള്‍ പത്തുമുതല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ നിര്‍മിക്കാം.
സാധാരണ ഗതിയിലുള്ള ഫൗണ്ടേഷന്‍ ഇത്തരം വീടുകളില്‍ കഴിയില്ല, അതിനാല്‍ തറയില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തിലാണ് ഫൗണ്ടേഷന്‍ കെട്ടുക. കല്ലന്‍ മുളയാണ് പൈലിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണ മണ്ണുകൊണ്ടുള്ള ഓടാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.
റോഡില്‍ നിന്നു വീട്ടിലേക്കു കയറാനായി പാലത്തിനു സമാനമായൊരു പാസേജുമുണ്ട്. മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകള്‍ കൊണ്ടാണ് തൂണുകളും മറ്റും നിര്‍മിച്ചത്. ഗാല്‍വനൈസ്ഡ് അയേണ്‍ പൈപ്പുകള്‍ കൊണ്ട് ചുവരുകള്‍ നിര്‍മിച്ചു.
മൂന്നുമീറ്റര്‍ വരെയാണ് ചുവരുകളുടെ ഉയരം. വീടിനു മുകളിലേക്ക് മറ്റൊരു നില കൂടി ഉയര്‍ത്താനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് വീട് പണിയുന്നത്. വീട്ടില്‍ മുമ്പുണ്ടായിരുന്ന ഓടുകള്‍ വൃത്തിയാക്കി പോളിഷ് ചെയ്താണ് പുതിയ വീടിനുവേണ്ടി ഉപയോഗിച്ചത്.
ഭൂകമ്പത്തെയും മണ്ണിടിച്ചിലിനെയും പോലും പ്രതിരോധിക്കാനുള്ള കഴിവുള്ള വീടാണിത്. ഒപ്പം തീപ്പിടിത്തത്തെ പ്രതിരോധിക്കാനും സാധ്യമാകുന്ന വിധത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഒപ്പം പുനരുപയോഗിക്കാനും മറ്റൊരിടത്തേക്കു മാറ്റാനുമൊക്കെ പെട്ടെന്നു കഴിയുമെന്നതും വീടിന്റെ പ്രത്യേകതകളാണ്.
Content Highlights: Building Houses That Survive Floods