വീടിന്റെ അഴകു കൂട്ടുന്നതില്‍ പ്രധാന സ്ഥാനമാണ് പൂന്തോട്ടത്തിനുള്ളത്. ചെടികള്‍ വെറുതെ നടുന്നതിനു പകരം കൃത്യമായ ആശയത്തോടെ ലാന്‍ഡ്‌സ്‌കേപ് ഒരുക്കുന്നവര്‍ ഇന്നുണ്ട്. വീടിനകത്തും പുറത്തുമൊക്കെ പൂച്ചെടികള്‍ വച്ചു പിടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലരും പണച്ചിലവോര്‍ത്ത് പിന്‍വാങ്ങുകയാണ് പതിവ്. സത്യത്തില്‍ പൂച്ചെട്ടികള്‍ക്കും മറ്റും വരുന്ന ചെലവ് ഒഴിവാക്കാന്‍ വീട്ടില്‍ തന്നെയുണ്ട് വഴി. പൊട്ടിയും പൊളിഞ്ഞതുമെന്നൊക്കെ പറഞ്ഞ് നിങ്ങള്‍ ഉപേക്ഷിച്ച സാധനങ്ങള്‍ കൊണ്ടുതന്നെ കിടിലന്‍ പൂന്തോട്ടം ഒരുക്കാം.
* വീടുപണിയുമ്പോള്‍ അധികം വരുന്ന കമ്പികള്‍കൊണ്ട് ചെറിയ കുടകള്‍ ഉണ്ടാക്കിയാല്‍ പടരുന്ന ചെടികള്‍, എവര്‍ഗ്രീന്‍, ബ്രയ്ഡല്‍ ബൊക്കെ ഇവയൊക്കെ കയറ്റിവിടാം
* വീട് പെയിന്റ് ചെയ്തപ്പോള്‍ ബാക്കി വന്നതും അടുക്കളയിലും മറ്റും ആവശ്യം കഴിഞ്ഞതുമായ പഴയ ടിന്നുകള്‍ ഉണ്ടോ. അതൊന്നു കഴുകി തുടച്ച് നല്ല പെയിന്റും പൂശി എടുത്തോളൂ. അടിപൊളി പൂച്ചട്ടികളായി.
* വീട് പണി കഴിഞ്ഞപ്പോള്‍ ബാക്കിയായ ഹോളോ ബ്രിക്‌സ് ഉണ്ടെങ്കില്‍ അതും വെറുതെയിടേണ്ട, മനോഹരമായി അടുക്കിവച്ച് മണ്ണ് നിറച്ച് അവയിലും പൂക്കള് നടാം.
* പഴയ ടയറുകള്‍ ഒന്ന് പെയിന്റടിച്ചു കുട്ടപ്പനാക്കിയാല്‍ ചെടികള്‍ നടാം. വേണമെങ്കില്‍ ഹാങ്ങിങ് ഗാര്‍ഡന്‍ ആക്കാം.
* ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളിലും ചെടികള്‍ നടാം
Content Highlights: Cheap Garden Ideas