ഫാഷന്‍ സംബന്ധിച്ച കാര്യങ്ങളിലായാലും വീട് അലങ്കരിക്കുന്ന വിഷയങ്ങളിലായാലും കൃത്യമായ ധാരണയുള്ള നടിമാരിലൊരാളാണ് ട്വിങ്കിള്‍ ഖന്ന. സീലിങ്ങിനുള്ളില്‍ സെറ്റ് ചെയ്തിട്ടുള്ള വിധത്തിലുള്ള ലൈറ്റുകളില്‍ നിന്ന് പലരും അലങ്കാര വിളക്കുകളിലേക്കു തിരിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ പറയുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ബോള്‍ഡ് ലുക്കിലുള്ള വാള്‍പേപ്പറുകളുമൊക്കെ ഇന്റീരിയറിന്റെ ചാരുത വര്‍ധിപ്പിക്കുന്നു.
വീട് വീണ്ടും അലങ്കരിക്കുമ്പോള്‍ പലരും സ്ഥിരമായി വരുത്തുന്ന നാലു മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്നു പറയുകയാണ് ട്വിങ്കിള്‍ ഖന്ന.
ഫര്‍ണിച്ചര്‍ ആഢംബരമാകേണ്ട
അമിതമായി ഫര്‍ണിഷ് ചെയ്യുന്നത് വീടിന്റെ മനോഹാരിത കൂട്ടുമെന്ന ധാരണ തെറ്റാണ്. വീട്ടില്‍ വിശാലമായ സ്ഥലം ഉണ്ടെന്നു കരുതി അവിടെയെല്ലാം ഫര്‍ണിച്ചര്‍ കുത്തിനിറയ്ക്കുന്നവരുണ്ട്. എന്നാല്‍ മുറിക്ക് ചേരുന്ന ഫര്‍ണിച്ചര്‍ ഒരുക്കാത്ത പക്ഷം മുറിയുടെ ഭംഗി തന്നെ ഇല്ലാതാവുകയാണ് ചെയ്യുക.
മടുപ്പിക്കുന്ന ബാത്‌റൂം ഡിസൈന്‍
പല വീടുകളിലും ഏറ്റവും മടുപ്പിക്കും വിധത്തില്‍ ഡിസൈന്‍ ചെയ്യാറുള്ളത് ബാത്‌റൂം ആണ്. കൃത്യമായ പദ്ധതിയോടെ വേണം ബാത്‌റൂം ഡിസൈന്‍ ചെയ്യാന്‍. പെട്ടെന്ന് നശിച്ചുപോകാതെ ദീര്‍ഘനാള്‍ നിലനില്‍ക്കും വിധത്തിലുള്ള സാധനങ്ങളാണ് ബാത്‌റൂമിലേക്കു തിരഞ്ഞെടുക്കേണ്ടത്.
തീം ആധാരമാക്കി ഡിസൈന്‍ ചെയ്യുമ്പോള്‍
വീടുകള്‍ അലങ്കരിക്കുമ്പോള്‍ തീമിനെ ആധാരമാക്കി ചെയ്യുന്നവരുണ്ട്. എന്നാല്‍ ആ ഇടങ്ങള്‍ക്ക് തീം അനുയോജ്യമാണോ എന്നു കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പണ്ടൊരിക്കല്‍ തന്നോട് ഫ്രഞ്ച് സ്റ്റൈലില്‍ ഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇടുങ്ങിയ ആ അപ്പാര്‍ട്‌മെന്റിന് തീരെ യോജിക്കുന്ന ഡിസൈന്‍ ആയിരുന്നില്ല അത്. മറ്റുള്ളയിടങ്ങളില്‍ ഭംഗിയായിരിക്കുന്നു എന്നതുകൊണ്ട് നിങ്ങളുടെ വീട്ടിലും പകര്‍ത്തുന്നതിനു പകരം ആ സ്‌പേസിന് യോജിക്കുന്ന ഡിസൈന്‍ ആണ് തിരഞ്ഞെടുക്കേണ്ടത്.
പച്ചപ്പു നിറയ്ക്കാത്തത്
ഇന്നത്തെ വീടുകളില്‍ ഭൂരിഭാഗം പേരും പച്ചപ്പിനു കൂടി പ്രാധാന്യം കണക്കിലെടുത്ത് ഡിസൈന്‍ ചെയ്യുന്നവരാണ്. എന്നാല്‍ ഇപ്പോഴും അത്തരത്തില്‍ ചെയ്യാത്തവരുമുണ്ട്. പരമാവധി സ്വാഭാവിക വെളിച്ചവും വെന്റിലേഷനും പച്ചപ്പും നിറച്ച് വീടൊരുക്കിയാല്‍ തന്നെ കാഴ്ച്ചക്കാരില്‍ കൗതുകം നിറയ്ക്കും.
Content Highlights: twinkle khanna home tips