കടകള്‍ കയറിയിറങ്ങി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്ന ഷോപ്പിങ് സംസ്‌കാരമൊക്കെ ഇന്നു കുറഞ്ഞു വരികയാണ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടുമ്പോള്‍ പിന്നെന്തിനു നേരിട്ടു പോയി സാധനങ്ങള്‍ വാങ്ങണം എന്ന ചിന്തയാണ് പലര്‍ക്കും. പക്ഷേ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരല്‍പം കരുതല്‍ കാണിച്ചില്ലെങ്കില്‍ അബദ്ധങ്ങള്‍ സംഭവിക്കുമെന്നു തുറന്നു പറയുന്നവരുമുണ്ട്. പ്രത്യേകിച്ച് വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ പോലുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്നാണ് താഴെ നല്‍കിയിരിക്കുന്നത്.
* സോഫയോ ബെഡ്ഡോ ഓണ്‍ലൈനില്‍ വാങ്ങാന്‍ തീരുമാനിക്കും മുമ്പ് അവ വെക്കേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം. ഫര്‍ണിച്ചറുകളുടെ സൈസിനെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ശ്രദ്ധയോടെ വായിച്ചിരിക്കണം. സൈസ് തീരുമാനിച്ചു കഴിഞ്ഞാല്‍ ഉല്‍പന്നം വീട്ടിലെത്തിച്ചു തരുമോ എന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണം.
* ഉല്‍പന്നം ഏതാണെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് അതെക്കുറിച്ചുള്ള വിശദീകരണം മുഴുവനായി വായിച്ചിരിക്കണം എന്നതാണ്. നിറം, പ്രത്യേകതകള്‍, ഉല്‍പന്നം സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും മുന്‍കരുതലുകളുമൊക്കെ വായിച്ചിരിക്കണം.
* അടുത്ത പ്രശ്നം അവ വീട്ടില്‍ എത്തിക്കുന്നതിന്റെ ചെലവാണ്. പല ഓണ്‍ലൈന്‍ വ്യാപാരികളും ഈ ചെലവ് ഉപഭോക്താക്കളില്‍ നിന്നുതന്നെയാണ് ഈടാക്കാറുള്ളത്. വലിയ ഫര്‍ണിച്ചറുകളും മറ്റും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഷിപ്പിങ് ചാര്‍ജിനെക്കുറിച്ചും വ്യക്തമായ പരിശോധന നടത്തിയിരിക്കണം. അല്ലാത്ത സാഹചര്യങ്ങളിലാണ് ബില്ലിലെ തുകകാണുമ്പോള്‍ പലരും അന്തംവിടുന്നത്.
* നിങ്ങള്‍ ഷോപ്പിങ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഓണ്‍ലൈന്‍ റീടെയ്ലറെക്കുറിച്ച് ഉത്തമ വിശ്വാസമുണ്ടാകുമെങ്കിലും ഉല്‍പന്നത്തിന്റെ നിര്‍മാതാക്കളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം. ഉല്‍പന്നത്തിന്റെ ഗുണഗണങ്ങളെക്കുറിച്ചും പാക്കേജിങ്ങിനെക്കുറിച്ചും മുന്‍പത്തെ ഓര്‍ഡറില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ധാരണകള്‍ ഉണ്ടാക്കാന്‍ ഇതു സഹായിക്കും. റേറ്റിങ് കുറവാണു കാണുന്നതെങ്കില്‍ ആ നിര്‍മാതാക്കളെ ഒഴിവാക്കുകയാവും നല്ലത്.
* ഇനി ഉല്‍പന്നത്തെക്കുറിച്ച് മുഴുവനായും മനസ്സിലാക്കിക്കഴിഞ്ഞാലും അവ കയ്യിലെത്തിക്കഴിയുമ്പോഴാകും സൈസിലും ഗുണത്തിലുമൊക്കെ ഉദ്ദേശിച്ച സംതൃപ്തി കിട്ടാതിരിക്കുക. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ക്ക് ഉല്‍പന്നം തിരിച്ചേല്‍പ്പിക്കേണ്ടി വന്നേക്കാം. എന്നാല്‍ ചില ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ ഒരിക്കല്‍ വിറ്റുകഴിഞ്ഞ ഉല്‍പന്നങ്ങളെ തിരിച്ചെടുക്കാറില്ല. അതിനാല്‍ റിട്ടേണ്‍ പോളിസിയെക്കുറിച്ചും നിശ്ചിത സമയപരിധിക്കുള്ളില്‍ മാറ്റിവാങ്ങാവുന്നതിനെക്കുറിച്ചും ഷിപ്പിങ് ഫീസ് തിരിച്ചു നല്‍കുന്നതിനെക്കുറിച്ചുമൊക്കെ പരിശോധിച്ചിരിക്കണം.
Content Highlights: Tips for Buying Furniture Online