വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ പിന്നെ പ്രധാനപ്പെട്ട കടമ്പ പെയിന്റിങ് ആണ്. മുറികളുടെ വലിപ്പം കുറവാണെങ്കില്‍ കൃത്യമായ പെയിന്റിങ്ങിലൂടെ അതു പരിഹരിക്കാന്‍ കഴിയും. പെയിന്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് താഴെ പറയുന്നത്.
പെയിന്റിംഗിനുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വീടിന്റെ സ്ഥാനം, പരിസരം, തറയുടെ നിറം ഫര്‍ണിച്ചറുകളുടെ നിറം തുടങ്ങിയവയെല്ലാം കണക്കിലെടുക്കണം. അതോടൊപ്പം തന്നെ മുറിയുടെ അന്തരീക്ഷത്തിന് യോജിച്ച നിറം വേണം തിരഞ്ഞെടുക്കാന്‍.
ശാന്തമായ അന്തരീക്ഷം വേണ്ട ബെഡ്റൂമിന് ഇളംനിറങ്ങളാണ് നല്ലത്. എന്നാല്‍, തടിയും ഫര്‍ണിച്ചറുകളും ഏറെയുള്ള മുറിയിലേക്ക് മഞ്ഞ, ഓറഞ്ച്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ നല്‍കുന്നതാണ് നല്ലത്. തറയുടെ നിറത്തോട് യോജിച്ചു വേണം മുറിയ്ക്ക് നിറം നല്‍കാന്‍. അതേസമയം, സീലിങ്ങിന് എപ്പോഴും വെള്ള നിറം നല്‍കുന്നതാണ് ഉചിതം.
മുറിയുടെ ഭിത്തികള്‍ക്ക് എപ്പോഴും ഇളംനിറം നല്‍കുന്നതാണ് നല്ലത്. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും. വടക്ക്- തെക്ക് ദര്‍ശനമായി വരുന്ന മുറികള്‍ക്ക് ഓഫ് വൈറ്റ്, മഞ്ഞ, ഇളം പച്ച, ഇളം നീല, ഇളം പിങ്ക് നിറങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ പ്രകാശമുള്ളതായി തോന്നും.
അതേസമയം, കിഴക്ക്-പടിഞ്ഞാറ് ദിക്കുകളിലേക്ക് തിരിഞ്ഞിരിക്കുന്ന മുറികളില്‍ സൂര്യപ്രകാശം നന്നായി കിട്ടുമെന്നതിനാല്‍ നീല, പച്ച, മജന്ത പോലുള്ള കടുംനിറങ്ങള്‍ പരീക്ഷിക്കാം. വീടിന്റെ മൊത്തം ഇന്റീരിയറിനുമായി രണ്ടോ മൂന്നോ നിറങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. വൈവിധ്യം നല്‍കണമെങ്കില്‍ അവയുടെ വ്യത്യസ്ത ഷേഡുകളും ടിന്റുകളും നല്‍കാം.
അടുക്കളയില്‍ കടുംനിറമുള്ള ഗ്രാനൈറ്റോ ടൈല്‍സോ ആണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഭിത്തിക്ക് ഇളംനിറം നല്‍കുന്നതാണ് നല്ലത്. അടുക്കളയ്ക്ക് കൂടുതല്‍ വലിപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും. പുറംഭിത്തിക്ക് വെതര്‍കോട്ട് ഉപയോഗിച്ചുള്ള പെയിന്റിംഗായിരിക്കും നല്ലത്.
Content Highlights: How to Paint to Enlarge a Room