''ഓരോ വീടും കാഴ്ചയില്‍ ഒരുപോലിരിക്കും. പക്ഷേ ഓരോ വീടിന്റെയും ജനാലയിലൂടെ നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വേറെയാണ്.'' മലയാള സിനിമയിലെ ഒരു നായിക നായകനോട് പറയുന്ന വാക്കുകളാണിത്. എന്നും ഒരേ കാഴ്ചകള്‍ നമ്മെ വല്ലാതെ ബോറടിപ്പിക്കും. അപ്പോഴാണ് വലിയ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നത്. വീടുകളുടെ കാര്യത്തിലും ഈ തിരിച്ചറിവുകള്‍ നമുക്ക് പലപ്പോഴും ഉണ്ടാകാറുള്ളതാണ്. എന്നാല്‍ കയ്യിലുള്ള കാശ് ആ തിരിച്ചറിവിനെ രണ്ടാക്കി മടക്കി പോക്കറ്റില്‍ തന്നെയിടുന്നു. ഭാരിച്ച ചെലവുകളില്ലാതെ വീടിനെ എങ്ങനെ സുന്ദരമാക്കി മാറ്റാം എന്ന് നമുക്കൊന്നു നോക്കിയാലോ...
ലിവിങ് റൂം
* ചെറിയ അലങ്കാരപ്പണികള്‍ ചുവരില്‍ ചെയ്‌തെടുത്താല്‍ അവിടെ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഇടങ്ങളാക്കി മാറ്റാവുന്നതാണ്. ഉദാഹരണത്തിന് ചുവരിലെ ടിവി യൂണിറ്റിനെ മികച്ചതാക്കാന്‍ അതിനൊപ്പം നല്ലൊരു ഷോപീസ് വച്ചുകൊടുക്കാം.
* എപ്പോഴും ഒരേ സോഫാ കവറുകളും കര്‍ട്ടനുകളും നമുക്ക് ബോറടിയുണ്ടാക്കാം. വീട്ടിലെ പഴയ സാരിയും മറ്റും ഭംഗിയായി തയ്‌ച്ചെടുത്താല്‍ ഓരോ ദിവസവും മാറിമാറിയിടാം.
* എപ്പോഴുമുള്ളിടത്തു നിന്ന് സോഫയ്ക്കും കോഫീ ടേബിളുകള്‍ക്കും ഒരു സ്ഥലംമാറ്റം അത്യാവശ്യമാണ്.
* ഫ്ലോറിങ്ങിൽ വ്യത്യസ്തത കൊണ്ടുവരാനായി മികച്ച കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കാം.
* വീടിന്റെ പുതുമ നിലനിര്‍ത്താന്‍ നമ്മൾ വാങ്ങുന്ന അലങ്കാര വസ്തുക്കള്‍ക്ക് വലിയ വില മുടക്കണം. നമ്മുടെ ഷോപ്പിങ് രീതി ഒന്നു മാറ്റിപ്പിടിച്ചാല്‍ കുറേയേറെ ലാഭിക്കാം. നഗരങ്ങളിലെ പ്രധാന മാര്‍ക്കറ്റുകളിലേക്ക് ഒന്ന് നടന്നുനോക്കൂ.
* പച്ചപ്പ് എപ്പോഴും വീട്ടില്‍ പുതുമ കൊണ്ടുവരും, അകത്തളങ്ങളില്‍ ചെടികള്‍ വച്ചുപിടിപ്പിക്കാം.
ബെഡ്‌റൂം
* ബെഡ്‌റൂമില്‍ തീം സെറ്റ് ചെയ്യാന്‍ ശ്രമിക്കാം. മിസ് മാച്ഡ് ബെഡ്ഷീറ്റുകളും പില്ലോ കവറുകളും മാറ്റി ഒരേ നിറത്തിലുള്ളവ ഉപയോഗിക്കാം.
* ലൈറ്റിങ്ങുകളിലെ ചെറിയ ചില മാറ്റങ്ങള്‍ വലിയ റിസൾട്ട് ഉണ്ടാക്കും.
* ഒരു റൂമില്‍ ഒരേ സാധനങ്ങള്‍ എപ്പോഴും ഇടുന്നതിനു പകരം മാറ്റിയിട്ടു പരീക്ഷിക്കാവുന്നതാണ്.
*വാള്‍പേപ്പറുകളും വോള്‍ പെയിന്റിങ്ങുകളും ഉപയോഗിച്ച് ചുവരുകള്‍ക്കു പുതിയ ഭാവം നല്‍കാം.
അടുക്കള
* ഡൈനിങ് ടേബിളിന് സ്ഥാനമാറ്റം നല്‍കാം.
* ഉപയോഗിക്കാതെ വച്ചിരിക്കുന്ന പാത്രങ്ങളും മറ്റും സ്‌പോട്ട് ലൈറ്റുകള്‍ നല്‍കി അലങ്കരിക്കാം.
ബാത് റൂം
* ചെറിയ ഇടമായതുകൊണ്ടു തന്നെ പുതിയൊരു നിറം പരീക്ഷിക്കുന്നതിന് വലിയ ചെലവുവരില്ല.
* ചില അലങ്കാര വസ്തുക്കള്‍ക്ക് ബാത് റൂമിലും ഇടം നല്‍കാം.
* സ്റ്റോറേജ് സ്‌പേസുകള്‍ ആവശ്യമെങ്കില്‍ വീണ്ടും ഉണ്ടാക്കിയെടുക്കാം.
Content Highlights: easy makeover tips for your home