വീട്ടിലെ ഏറ്റവുമധികം സജീവമാകുന്നയിടമാണ് അടുക്കള. വീട് വെക്കുമ്പോള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അടുക്കളയുടെ ഡിസൈനിനായിരിക്കും. അടുക്കള ചെറുതായിപ്പോയല്ലോ എന്നു പരിതപിക്കുന്ന ചിലരുണ്ട്. സത്യത്തില്‍ അതിനെ സന്തോഷത്തോടെയാണ് സ്വീകരിക്കേണ്ടത്. കാരണം അടുക്കള എത്രത്തോളം ചെറുതാകുന്നോ അത്രത്തോളം ഗുണം കൂടുകയാണ് ചെയ്യുന്നത്. ചെറിയ അടുക്കള കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
ആവശ്യമില്ലാത്ത സാധനങ്ങള്‍ ഔട്ട്
മിക്ക അടുക്കളകള്‍ നോക്കിയാലും പ്രത്യേകിച്ച് അത്യാവശ്യമില്ലാത്ത പല സാധനങ്ങളും അവിടവിടെയായി വച്ചിരിക്കുന്നതു കാണാം. കാലങ്ങളായി ഉപയോഗിച്ചില്ലെങ്കിലും അതവിടെനിന്നു മാറ്റിവെക്കുകയുമില്ല. ചെറിയ അടുക്കളയുടെ ഏറ്റവും വലിയ ഗുണം ഈ അവസ്ഥ ഒഴിവാക്കാമെന്നതാണ്. അടുക്കളയില്‍ സ്ഥലം കുറവാകുമ്പോള്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ ഒതുക്കത്തോടെ സ്ഥാപിക്കാന്‍ ശ്രദ്ധിക്കും. എന്നും ഉപയോഗിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ മാത്രം കയ്യെത്തും ദൂരത്തു വെക്കാനും അല്ലാത്തവ മാറ്റിവെക്കാനും ശീലിക്കും. അടുക്കളയുടെ സൗന്ദര്യം കൂട്ടുന്നവ മാത്രം വെക്കാനും ശ്രദ്ധിക്കും.
കൗണ്ടര്‍ടോപ്പ് ക്ലീന്‍
വലിയ അടുക്കളകളിലെ പ്രധാന പ്രശ്‌നം കിച്ചണ്‍ കൗണ്ടര്‍ടോപ്പില്‍ വലിച്ചുവാരിയിട്ടിരിക്കുന്ന പല സാധനങ്ങളുമാകും. പച്ചക്കറികള്‍, പാത്രങ്ങള്‍, വേസ്റ്റുകള്‍ തുടങ്ങിയവയെല്ലാം എളുപ്പത്തില്‍ കൊണ്ടുവെക്കുന്നയിടമാണ് കൗണ്ടര്‍ടോപ്പുകള്‍. ചെറിയ അടുക്കളയാകുമ്പോള്‍ സാധനങ്ങള്‍ വലിച്ചുവാരിയിടുമ്പോള്‍ പെട്ടെന്ന് അടുക്കളയില്‍ സ്ഥലമില്ലെന്ന തോന്നലുണ്ടാകുന്നതുകൊണ്ട് വൃത്തിയാക്കാതെ തരമുണ്ടാകില്ല.
വേസ്റ്റിനു സാധ്യതയേ ഇല്ല
ചെറുതായ അടുക്കളയാകുമ്പോള്‍ ഓരോ ഭക്ഷണ സാധനങ്ങളും എവിടെയാണ് വച്ചതെന്ന കൃത്യമായ ധാരണയുണ്ടാകും. കണ്ണില്‍ പെടുന്ന സ്ഥലത്തു തന്നെയായിരിക്കും മിക്ക വസ്തുക്കളും എന്നതിനാല്‍ ഒന്നും മറന്നുവെക്കുകയോ അവ ചീത്തയാവുകയോ വേസ്റ്റ് ആവുകയോ ചെയ്യില്ല. ഒന്നും ഉപയോഗ ശൂന്യമാകാതെയും മറന്നുവെക്കാതെയും ഉപയോഗിക്കാതെയുമൊക്കെയുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ചെറിയ അടുക്കളകള്‍ തന്നെയാണ് മികച്ചത്.
Content Highlights: benefits of small kitchens