വീടിന്റെ ഡിസൈനും സ്റ്റൈലും കാലം മാറുന്നതിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കാറുണ്ട്. ഇന്നിന്റെ കാലത്തോടു ചേര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഡിസൈനുകളിലേക്ക് പഴയ പല വീടുകളും നവീകരിച്ചു മാറ്റുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. തിരുവനന്തപുരം ജില്ലയിലെ വേട്ടമുക്കില്‍ സ്ഥിതി ചെയ്യുന്ന പ്രണവം എന്ന വീടിനും പറയാനുണ്ട് അതുപോലൊരു കഥ. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പുള്ള വീടല്ല ഇന്നത്തെ പ്രണവമായി മാറിയത്. അടിമുടി മാറ്റി പുതുപുത്തനായാണ് പ്രണവം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തെ എസ്ഡിസി ആര്‍ക്കിടെക്റ്റ്‌സിലെ ഡിസൈനര്‍ വൈശാഖും വിപിനുമാണ് വീട് മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയറിനൊപ്പം എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കണ്ടംപററി സ്റ്റൈലിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വീടിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ഗേറ്റ് വലതുവശത്തേക്കു മാറ്റിയത് കാര്‍പോര്‍ച്ചില്‍ നിന്നു വണ്ടി ഇറക്കാന്‍ കൂടിയുള്ള സൗകര്യം നല്‍കുന്നു. പഴയ വീട്ടില്‍ ബാല്‍ക്കണി ഇല്ലായിരുന്നു, പുതിയതിലെ പ്രധാന ആകര്‍ഷണവും ബാല്‍ക്കണിയാണ്. പഴയ സ്റ്റൈലിലുള്ള ജനാലകള്‍ക്കു പകരം ടഫന്‍ ഗ്ലാസ് ആണ് നല്‍കിയത്. കല്‍വിളക്കും തുളസിത്തറയും ചെമ്പകച്ചെടിയുമൊക്കെ ട്രഡീഷണല്‍ ലുക്ക് നല്‍കുന്നതിനൊപ്പം ലാന്‍ഡ്‌സ്‌കേപ്പിനെ അതിമനോഹരമാക്കുന്നു. പഴയ വീടിന്റെ മുറ്റത്തെ കൊന്നമരം അതേപടി നിര്‍ത്തിയതിനൊപ്പം മാവും മുല്ലയും ചെറിയ ചെടികളുമൊക്കെയുണ്ട്.
മുമ്പത്തെ വീടിന്റെ പ്രത്യേകതകളിലൊന്നായിരുന്ന സ്ലോപ് റൂഫ് മാറ്റി ഫ്‌ലാറ്റ് റൂഫ് ആക്കിയിട്ടുണ്ട്. സിറ്റ് ഔട്ടില്‍ തന്നെയുള്ള ചുവരില്‍ മരം കൊണ്ടുള്ള പലവിധത്തിലുള്ള ഡിസൈനാണ് കൊടുത്തത്. അതേ ഡിസൈന്‍ തന്നെയാണ് വാതിലിലും നല്‍കിയിരിക്കുന്നത്. ലിവിങ് റൂമിലേക്കു കയറിവരുമ്പോള്‍ കാണുന്ന ബുദ്ധ പ്രതിമയും ബോധി വൃക്ഷവുമൊക്കെ പോസിറ്റിവിറ്റി നല്‍കുന്നതാണ്.
തേക്കും വൈറ്റ് ടൈല്‍സുമൊക്കെയാണ് നിലത്ത് പാകിയിരിക്കുന്നത് , അതിനോടു ചേര്‍ന്നുപോകുന്നതാണ് സീലിങ്ങ്. പഴയ വീടിന്റെ പ്രധാന പ്രശ്‌നം വെളിച്ചം അകത്തേക്കു കടക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ നവീകരിച്ചപ്പോള്‍ ടഫന്‍ ഗ്ലാസ് ഉപയോഗിച്ചിട്ടുള്ള ലാര്‍ജ് വിന്‍ഡോ ഫ്രെയിമാണ് ഉപയോഗിച്ചത്. ഇത് വെളിച്ചത്തിനു കൂടുതലിടം നല്‍കുന്നു.
ഇപ്പോള്‍ പുതിയ വീടുകളില്‍ കാണുന്ന വിധത്തിലുള്ള നാച്ചുറല്‍ സ്‌പോട്ടും ഇവിടെ കാണാം, മുളയും ബുദ്ധ പ്രതിമയും സ്റ്റോണുകള്‍ കൊണ്ടുള്ള ചുവരുമൊക്കെ ട്രഡീഷണല്‍ ലുക് പകരും.
മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ഇടുതവശത്തെ പ്രധാന ആകര്‍ഷണം കര്‍വ് ഷെയ്പ്പിലുള്ള ചുവരാണ്. ഡ്രസിങ് റൂമും വാഷ് ഏരിയയും റൂമിനോട് ചേര്‍ന്ന് എന്നാല്‍ സെപ്പറേറ്റ് ആയിട്ടാണ് നല്‍കിയിരിക്കുന്നത്. മരം കുറച്ചാണ് ബെഡ്‌റൂമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
വീടിന്റെ മുഴുവന്‍ ഡിസൈനിനോട് ചേര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ കര്‍വ് പാറ്റേണിലാണ് അടുക്കളയും സെറ്റ് ചെയ്തിരിക്കുനന്ത്. സ്റ്റോറേജ് സ്‌പേസിന് വൈറ്റ് ഗ്രാനൈറ്റ്‌ടോപ് ആണ് കൊടുത്തിരിക്കുന്നത്. അടുക്കളയുടെ വശത്തായി പാന്‍ട്രി ഏരിയയും സ്റ്റോറേജ് മുറിയും കാണാം. പഴയ അടുക്കള സര്‍ക്കുലര്‍ ഷെയ്പ്പില്‍ ഉള്ളതായിരുന്നു. ആ ഷെയ്പ്പ് നിലനിര്‍ത്തിക്കൊണ്ടുള്ള ഡിസൈനിനൊപ്പം കൊറിയന്‍ മെറ്റീരിയല്‍ ഡിസൈനാണ് അടുക്കളയിലേറെയും ഉപയോഗിച്ചിരിക്കുന്നത്.
Content Highlights: pranavam home renovation