Representative Image|Gettyimages.in
വീട് വയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങുന്നത്. അതില്‍ വിശ്വാസം മുതല്‍ നിയമപ്രശ്‌നങ്ങള്‍ വരെ ഉണ്ടാകും തലവേദനയാവാന്‍. ഉയര്‍ന്ന സ്ഥലമാണോ, താഴ്ന്നതാണോ, മുമ്പ് എന്ത് സ്ഥലമായിരുന്നു, നിയമകുരുക്കുകളുണ്ടോ, വെള്ളപ്പൊക്ക സാധ്യതയുണ്ടോ, വരള്‍ച്ചയ്ക്ക് ഉണ്ടാകുമോ... എന്നിങ്ങനെ വീട് വയ്ക്കാന്‍ സ്ഥലം കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. വീടുവയ്ക്കാനുള്ള സ്ഥലം വാങ്ങും മുന്‍പ് നമ്മുടെ വിശ്വാസമനുസരിച്ച് വാസ്തുവിദഗ്ധനെ കാണിച്ച് അഭിപ്രായം ചോദിക്കാം. സ്ഥലം വാസയോഗ്യമാണോ, ദിക്കും ദര്‍ശനവും ഭൂമിയുടെ ചെരിവും ശരിയാണോ എന്നെല്ലാം ഉറപ്പാക്കാം.
2. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലമാണോ എന്ന് ഉറപ്പിച്ചശേഷം സ്ഥലം തിരഞ്ഞെടുത്താല്‍ നന്ന്. അത് ഗൂഗിളില്‍ ഫ്‌ളഡ് മാപ്പ് തിരഞ്ഞ് കണ്ടുപിടിക്കാം. അതുനോക്കി ഓരോ സ്ഥലങ്ങളിലും മഴക്കാലത്ത് വെള്ളം കയറുന്ന ലെവല്‍ മനസ്സിലാക്കാനാവും. ചില സ്ഥലത്ത് വെള്ളപ്പൊക്കമുണ്ടാവില്ല. പക്ഷേ, സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വെള്ളം കയറാനിടയുണ്ട്. വെള്ളം കെട്ടിക്കിടക്കുകയും യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവുമുണ്ടെങ്കില്‍ ആ സ്ഥലം ഒഴിവാക്കാം.
3. അതുപോലെതന്നെ ജലലഭ്യത ഇല്ലാത്ത പ്രദേശമാണോ എന്നും അന്വേഷിക്കണം. വേനല്‍ക്കാലത്ത് ആ സ്ഥലത്തിന് തൊട്ടടുത്തുള്ള വീടുകളിലെ കിണറുകള്‍ നോക്കിയാല്‍ വരള്‍ച്ചയുണ്ടോ എന്നറിയാനാവും.
4. ചില സ്ഥലങ്ങളില്‍ പ്രത്യക്ഷത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാണാനാവില്ല. എന്നാല്‍ തറനിരപ്പില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ മഴക്കാലത്ത് വീടിന്റെ തറ വെള്ളത്തിനടിയിലാവും. ഇവിടങ്ങളില്‍ കൃത്യമായി ഫൗണ്ടേഷന്‍ ചെയ്തില്ലെങ്കില്‍ പിന്നീട് വീടിന് വിള്ളല്‍ വന്നേക്കാം.
5. ചില സ്ഥലത്തെക്കുറിച്ച് തിരക്കിയിറങ്ങുമ്പോഴാവും സത്യമറിയുക. മുമ്പ് വെട്ടുകല്ല് മടയായിരുന്നു, പാറമടയായിരുന്നു. അല്ലെങ്കില്‍ വലിയ കുളം മൂടിയതാണ്, വയലായിരുന്നു എന്നൊക്കെ... ഈ അവസ്ഥ ഒഴിവാക്കാന്‍ ആ സ്ഥലത്തിന്റെ പതിനഞ്ചുവര്‍ഷം മുമ്പുള്ള ചരിത്രമൊന്ന് തിരയുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ വീട് പണിത് തുടങ്ങുമ്പോള്‍ അധികച്ചെലവ് വരാനിടയാക്കും. ബജറ്റ് കുറഞ്ഞവരാണ് സ്ഥലമെടുക്കുന്നതെങ്കില്‍ ആ സ്ഥലം ഉപേക്ഷിക്കുകയുമാവാം. തറയുണ്ടാക്കാന്‍ തന്നെ ഒരുപാട് പൈസ മുടക്കേണ്ടി വരും.
6. ചരിഞ്ഞ തട്ടുതട്ടുകളായിട്ടുള്ള സ്ഥലത്ത് ഓരോ തട്ടായി വീട് പണിയുമ്പോള്‍ അവയ്‌ക്കോരോന്നിനും കരിങ്കല്ലിന്റെ റീട്ടെയിനിങ് വാള്‍ പണിത് മണ്ണ് തടഞ്ഞ് നിര്‍ത്തേണ്ടിവരും. അതിനും ചെലവ് കൂടുതലാണെന്ന് മറക്കരുത്.
7. മണ്ണിട്ട് നിരപ്പാക്കിയ സ്ഥലമാണെങ്കില്‍ വീടിന് അടിത്തറ പണിയുന്നതിന് ചെലവ് കൂടും. രണ്ട് അടി താഴ്ചയിലെങ്കിലും ഉറപ്പുള്ള മണ്ണ് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വിമാനത്താവളം, റെയില്‍വേ അതിര്‍ത്തി, സൈനികകേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിതസ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍.ഒ.സി വാങ്ങണം.
8. മറ്റൊന്ന് സ്ഥലത്തിന്റെ ആധാരത്തില്‍ പഴയ ബി.ടി.ആറില്‍ പറമ്പായിരുന്നോ പാടമായിരുന്നോ നിലമായിരുന്നോ എന്നത് കൃത്യമായിട്ട് കണ്ടെത്തണം. കാരണം നിലമോ പാടമോ ഒക്കെ ആണെങ്കില്‍ അതില്‍ വീട് പണിയുന്നതിന് ചില തടസ്സങ്ങളുണ്ടാവും. പല കാലഘട്ടങ്ങളിലായി നിയമങ്ങള്‍ മാറിമാറി വരുന്നതാണ്. ബി.ടി.ആറില്‍ പാടം എന്നടയാളപ്പെടുത്തിയാല്‍ അത് ശ്രദ്ധിക്കണം. കൂടാതെ, മുനിസിപ്പാലിറ്റി, അല്ലെങ്കില്‍ പഞ്ചായത്തില്‍ പോയി മാസ്റ്റര്‍പ്ലാനെടുത്ത് സര്‍വേനമ്പര്‍വെച്ചുതന്നെ പരിശോധിക്കാം.
9. സ്ഥലം ഉടമ കരം അടച്ച രസീതില്‍ സ്ഥലത്തിന്റെ സ്വഭാവം പുരയിടം എന്നാണോ എഴുതിയിരിക്കുന്നതെന്നും നോക്കണം. ഇവിടെ മാത്രമേ വീടുപണിക്ക് അനുവാദം ലഭിക്കൂ.
10. സ്ഥലം ദേശീയപാതയ്ക്ക് അഭിമുഖമാണെങ്കില്‍ എന്‍.എച്ചി ന്റെ സെന്റര്‍ ലൈനില്‍നിന്ന് 40 മീറ്റര്‍ വിട്ടിട്ടേ വീട് പണിയാന്‍ പാടുള്ളൂ.
11. ചെറിയ വീതി കുറഞ്ഞ സ്ഥലത്ത് അതും രണ്ട് വശത്തും റോഡ് ഉണ്ടെങ്കില്‍ റോഡില്‍നിന്ന് മൂന്നുമീറ്റര്‍ അകത്തേക്ക് ആയിരിക്കണം വീട് നിര്‍മിക്കേണ്ടത്. അപ്പോള്‍ വീതി കുറഞ്ഞ സ്ഥലമാണെങ്കില്‍ വീട് പണിയാന്‍ കുറച്ച് സ്ഥലമേ ലഭിക്കുകയുള്ളൂ.
12. പ്ലോട്ടിലേക്കുള്ള വഴിയുടെ വീതി കൃത്യമായി അറിഞ്ഞിരിക്കണം. ഇത് സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നോ ജില്ലാ ടൗണ്‍പ്ലാനറില്‍നിന്നോ അറിയാനാവും.
13. കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമല്ലാത്തതിനാല്‍ ബില്‍ഡറോ, ബ്രോക്കറോ എത്ര തിരക്കുപിടിച്ചാലും വില്‍പ്പന കരാര്‍ ശ്രദ്ധാപൂര്‍വം വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പിടുക.
14. ഭൂവിഭജനം നടന്നിട്ടുള്ള സ്ഥലങ്ങള്‍ വാങ്ങുന്നതിനുമുന്‍പ് അവയ്ക്ക് ജില്ലാ ടൗണ്‍പ്ലാനറുടെയോ ചീഫ് ടൗണ്‍പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പുവരുത്തണം. സ്ഥലത്തിന് അംഗീകാരം ലഭ്യമായിട്ടുണ്ടെന്ന് കരാറിനുമുന്‍പേ അന്വേഷിച്ചറിയാം.
15. സ്ഥലം വാങ്ങിക്കഴിഞ്ഞാല്‍ ഉടനെ ജെസിബി വിളിച്ച് മരങ്ങള്‍ പറിച്ചുമാറ്റി സ്ഥലം നിരപ്പാക്കരുത്. ആ സ്ഥലം എങ്ങനെയാണോ ഇരിക്കുന്നത് അതുപോലെതന്നെ ആര്‍ക്കിടെക്ടിനെ കാണിച്ച് വീട് പണിയാം.
(തയ്യാറാക്കിയത്- രേഖാ നമ്പ്യാര്‍)
Content Highlights: What to look for when buying land to build a house