ടി.വി അമിതശബ്ദത്തില്‍ വേണ്ട , വീട്ടില്‍ സ്വന്തമായൊരിടം; സമ്മര്‍ദം കുറയ്ക്കാന്‍ വഴിയുണ്ട്


2 min read
Read later
Print
Share

വീട്ടിലെ ഈ കാര്യങ്ങള്‍ ചിട്ടയായി പരിപാലിക്കുന്നതോടെ ഒരുപരിധിവരെ സമ്മര്‍ദത്തെ അകറ്റാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മാനസികാവസ്ഥ എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. ചിലപ്പോഴൊക്കെ അമിത സന്തോഷത്തിലിരിക്കുന്നവര്‍ തന്നെ വൈകാതെ സമ്മര്‍ദത്തില്‍ ആഴുന്നതു കാണാം. ജീവിതത്തില്‍ ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിക്കുന്നതില്‍ വീടിനും കാര്യമായ പങ്കാണുള്ളത്. വീട്ടിലെ ഈ കാര്യങ്ങള്‍ ചിട്ടയായി പരിപാലിക്കുന്നതോടെ ഒരുപരിധിവരെ സമ്മര്‍ദത്തെ അകറ്റാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അലങ്കോലമായി കിടക്കുന്ന അകത്തളം

കഴിയുന്നതും വീടിന്റ അകത്തളം വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പേപ്പറുകള്‍ വലിച്ചുവാരിയിട്ടിരിക്കുന്നതും പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുന്നതും സിങ്കില്‍ കഴുകാതെയിട്ടിരിക്കുന്ന പാത്രങ്ങള്‍ പോലും സമ്മര്‍ദം ഉയര്‍ത്തുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിനെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോലി കഴിഞ്ഞ് തിരികെയെത്തി സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുമ്പോഴായിരിക്കും ഈ ചിന്തകള്‍ സമ്മര്‍ദത്തില്‍ ആഴ്ത്തുക.

ഉറക്കെ വേണ്ട ടി.വി

വീട്ടില്‍ എത്തിയയുടന്‍ റിമോട്ട് എടുത്ത് ടി.വി ഓണ്‍ ചെയ്യുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഇതും കുറയ്‌ക്കേണ്ടതുണ്ട്. ഉച്ചത്തില്‍ വച്ചിരിക്കുന്ന ടി.വിയില്‍ നിന്നുള്ള ശബ്ദവും സമ്മര്‍ദം കൂട്ടാനിടയുണ്ട്. മറ്റു ജോലികളെല്ലാം കഴിഞ്ഞ് വിശ്രമിക്കാനിരിക്കുമ്പോള്‍ മാത്രം ടി.വി അമിത ബഹളമില്ലാതെ കാണുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജങ്ക് ഫുഡ് ശീലം

കഴിക്കുന്ന ഭക്ഷണത്തിനും ഉത്കണ്ഠയുടെ അളവിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ധാരാളം വിറ്റാമിനും മിനറല്‍സുമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം സമ്മര്‍ദം കൂട്ടുന്ന ജങ്ക് ഫുഡും കാപ്പിയുമൊക്കെ നന്നേ കുറയ്ക്കാം.

ഔദ്യോഗിക ഫയലുകള്‍

പണമിടപാടു സംബന്ധിച്ച രേഖകളും ഓഫീസ് ഫയലുകളുമൊക്കെ വീട്ടില്‍ എല്ലായ്‌പ്പോഴും കാണുന്ന ഇടത്തു വെക്കാതിരിക്കാം. ചിലരിലെങ്കിലും ഇവ സമ്മര്‍ദം കൂട്ടാനിടയുണ്ട്. വീട്ടില്‍ തന്നെ ചെറിയൊരു ഓഫീസ് മുറി ഒരുക്കിയോ അതല്ലെങ്കില്‍ ഇവ വെക്കാനായി പ്രത്യേകം അലമാര ഒരുക്കുകയോ ചെയ്യാം.

കൂടെ കഴിയുന്നവര്‍ക്കും പങ്കുണ്ട്

ജീവിതത്തില്‍ സമ്മര്‍ദം കൂടുന്നതില്‍ കൂടെ താമസിക്കുന്നവര്‍ക്കും പങ്കുണ്ട്. സുഹൃത്തുക്കളോ ഭര്‍ത്താവോ മക്കളോ ആയാലും അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുകയും സമ്മര്‍ദത്തിലാഴുകയും ചെയ്‌തേക്കാം. ഇവയെ മറികടക്കാനായി വീട്ടില്‍ തന്നെ അവനവനായി ഒരിടം ഒരുക്കാം. ഈയിടത്തില്‍ ഹോബികള്‍ ചെയ്യുകയോ അല്‍പസമയം തനിച്ചിരിക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെ സമ്മര്‍ദത്തെ പമ്പ കടത്താനാവും.

Content Highlights: Things in Your Home Stressing You Out

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram