-
ഒരു വീടിനെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍ തൊട്ടേ അതെങ്ങനെ ഒരുക്കണമെന്ന് മനസ്സില്‍ ഒരായിരംവട്ടം സ്വപ്നം കണ്ടിരിക്കും. പുതിയ ട്രെന്‍ഡിനനുസരിച്ച് പഴയ വീടുകളെ നവീകരിച്ചെടുക്കുന്നവരും ഇന്ന് കുറവല്ല. ഇത്തരത്തില്‍ അതിശയിപ്പിക്കുന്നൊരു റിനോവേഷന്‍ നടത്തിയ വീടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

തായ്‌ലന്റ് സ്വദേശിയായ പിയര്‍ ജങ്ക്‌ലിനും കാമുകന്‍ ചായ്‌നോന്റും ചേര്‍ന്നാണ് വീടിന് കിടിലന്‍ മേക്കോവര്‍ നല്‍കിയത്. വീടിന് മാറ്റം വരുന്നതിന് മുമ്പും ശേഷവുമുള്ള ഓരോ ചിത്രങ്ങളും ഇരുവരും പകര്‍ത്തിവച്ചു. 2019 ജൂണ്‍ മൂന്നിനാണ് നവീകരണപ്രക്രിയ ആരംഭിക്കുന്നതെന്ന് പിയര്‍ പറയുന്നു. 1614 സ്‌ക്വയര്‍ഫീറ്റുള്ള സാധാരണ കോണ്‍ക്രീറ്റ് കെട്ടിടത്തെ എട്ടുമാസത്തോളമെടുത്താണ് നവീകരിച്ചെടുത്തത്.
ആര്‍ക്കിടെക്റ്റ് കൂടിയായ കാമുകനാണ് വീടിന്റെ ഡിസൈനിങ് ഏറെയും നിര്‍വഹിച്ചതെന്ന് പിയര്‍ പറയുന്നു. വലിയ പ്രത്യേകതളൊന്നുമില്ലാത്ത മൂന്നുനില വീടിനെ കറുപ്പു നിറത്തിലുള്ള പെയിന്റും വുഡന്‍ ടച്ചും നല്‍കി സ്റ്റൈലിഷാക്കി മാറ്റുകയാണ് ഇരുവരും ചെയ്തത്. കയറിവരുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ സാധാരണ രീതിയിലുള്ള ചില്ലുവാതിലായിരുന്നു ആദ്യമെങ്കില്‍ ഇപ്പോള്‍ വുഡന്‍ ഡോറും കറുപ്പു പെയിന്റും പൂശി അവിടം മനോഹരമാക്കി.

തീരെ വൃത്തിയില്ലാതിരുന്നൊരു ലിവിങ് റൂമിന് വാര്‍ഡ്രോബുകളും ടിവി യൂണിറ്റും സോഫാസെറ്റിയുമൊക്കെ വച്ച് മറ്റൊന്നാക്കി മാറ്റി. ബെഡ്‌റൂം, കിച്ചണ്‍ എന്നു വേണ്ട വീടിന്റെ ഓരോ ഭാഗത്തും വുഡന്‍ ശൈലിയിലുള്ള ഡിസൈനുകള്‍ കാണാം. വെള്ളനിറത്തിലുള്ള ബ്രേക്ഫാസ്റ്റ് കൗണ്ടറും കൗണ്ടര്‍ടോപ്പുമൊക്കെ അടുക്കളയുടെ മാറ്റുകൂട്ടി.

ഡ്രസ്സിങ് റൂമും റീഡിങ് റൂമുമൊക്കെ മിതമായ എന്നാല്‍ എലഗന്റ് ലുക്കിലുള്ള ഇന്റീരിയര്‍ ഡിസൈനുകളാല്‍ സമൃദ്ധമാക്കി. ഒരു പ്രത്യേകതയുമില്ലാത്തൊരു ബാത്‌റൂമിനെ നീളന്‍ കണ്ണാടി വച്ചും ഇന്റീരിയര്‍ പ്ലാന്റ്‌സ് വച്ചും മാറ്റുകൂട്ടി. കാടുപിടിച്ചതുപോലെ കിടന്ന ബാക്‌യാര്‍ഡിലെ ചെടികളെല്ലാം വെട്ടിയൊതുക്കുകയും പുല്ലുപാകുകയും വുഡന്‍ പ്ലാറ്റ്‌ഫോം ഒരുക്കുകയും ചെയ്തു.


Content Highlights: Thai Couple Give Their Old House A Makeover